മലയാളം സിനിമ ഇന്ത്യൻ സിനിമയ്ക്ക് മാത്രമല്ല പലപ്പോഴും ലോക സിനിമയ്ക്കും മാതൃകയായിട്ടുണ്ട് ആദ്യത്തെ ഇന്ത്യൻ ത്രീഡി സിനിമ, ആദ്യത്തെ 70 എം എം ചിത്രം, ആദ്യത്തെ നിയോ റിയലിസ്‌റ്റിക് ചിത്രം, ആദ്യത്തെ ഫോറിൻ പ്രൊഡക്ഷൻ എന്നിങ്ങനെ മലയാള സിനിമയ്ക്ക് എണ്ണിപ്പറയാൻ നേട്ടങ്ങൾ ഏറെയാണ്. ഒരു സിനിമയിൽ അനിമേഷൻ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തി ചിത്രീകരിക്കുന്ന ലൈവ് ആക്ഷൻ സിനിമ ആദ്യമായി സംഭവിച്ചത് തമിഴിൽ ആണെന്നാണ് പലരും കരുതുന്നത്.
കമൽ ഹാസൻ പ്രധാന വേഷത്തിൽ എത്തിയ 'ആളവന്താനാ'ണ് ഇന്ത്യയിലെ ആദ്യ ലൈവ് ആക്ഷൻ ഹൈബ്രിഡ് ചിത്രം എന്ന മലയാളികൾ പോലും വിശ്വസിക്കുന്നു. എന്നാൽ അങ്ങനെയല്ല ഇന്ത്യയിൽ എന്നല്ല ഏഷ്യയിലെ തന്നെ ആദ്യത്തെ ലൈവ് ആക്ഷൻ ഹൈബ്രിഡ് ചിത്രം സംഭവിക്കുന്നത് ഇങ്ങ് കേരളത്തിലാണ്. ശ്രീകുമാർ കൃഷ്‌ണന്‍ നായരുടെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ 'ഓ ഫാബി'യാണ് ഏഷ്യയിലെ തന്നെ ആദ്യ ലൈവ് ആക്ഷൻ ഹൈബ്രിഡ് ചിത്രം.
ആദ്യ ലൈവ് ആക്ഷൻ ഹൈബ്രിഡ് ചിത്രം
മനുഷ്യ കഥാപാത്രങ്ങളോടൊപ്പം കമ്പ്യൂട്ടർ സഹായത്തോടെ സൃഷ്‌ടിക്കുന്ന അനിമേഷൻ കഥാപാത്രങ്ങളും തിരശ്ശീല പങ്കിടുന്ന പ്രതിഭാസമാണ് ലൈവ് ആക്ഷൻ അല്ലെങ്കിൽ ഹൈബ്രിഡ് സിനിമകൾ. 1991-92 കാലഘട്ടങ്ങളിൽ ആണ് 'ഓ ഫാബി'യുടെ പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുന്നത്. ചിത്രത്തിലെ അനിമേഷൻ കഥാപാത്രമായ ഫാബിയെ 2D സാങ്കേതികവിദ്യയിലാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ അനിമേഷൻ അടക്കമുള്ള വർക്കുകൾ ചെയ്യുന്നതിന് കമ്പ്യൂട്ടറിന്‍റെ സഹായം പരിമിതമായാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
1993- ൽ 'ഓഫാബി' പരീക്ഷണചിത്രമായി തിയേറ്ററുകളിൽ എത്തിയെങ്കിലും 15 ദിവസം മാത്രമാണ് പ്രദർശനമുണ്ടായത്. സിനിമയുടെ ആശയവും സാങ്കേതിക വിദ്യയും ലോക നിലവാരത്തിൽ ആയിരുന്നുവെങ്കിലും ഒരു പരീക്ഷണ ചിത്രത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ അന്നത്തെ മലയാളി ജനത തയ്യാറായില്ല. കേരളത്തിൽ ചിത്രം പരാജയമായതോടെ അന്യഭാഷ റിലീസുകൾ മുടങ്ങി. വർഷങ്ങൾ കഴിയുന്തോറും 'ഓഫാബി'യെ മലയാള സിനിമ മറന്നു. പക്ഷേ പുതിയ കാലഘട്ടത്തിൽ മാറുന്ന സിനിമാ താൽപര്യങ്ങൾക്ക് അനുസരിച്ച് 'ഓഫാബി'യും ചർച്ചയിൽ ഇടം പിടിച്ചു. പുതിയ കാലത്തിൽ ചിത്രം കൾട് ക്ലാസിക് ആയി.
മലയാള സിനിമയുടെ അഭിമാനമായി 'ഓഫാബി'യെ സിനിമ ആസ്വാദകർ ഉയർത്തിക്കാട്ടി. അന്യഭാഷ നിരൂപകരും യൂട്യൂബിലൂടെ 'ഓഫാബി'യെ കുറിച്ച് സംസാരിക്കാൻ ആരംഭിച്ചു. എന്നാൽ കണ്ണീരിന്‍റെയും വേദനയുടെയും കഥകളാണ് 'ഓഫാബി' എന്ന സിനിമയുടെ ഓർമ്മകൾക്ക് പിന്നിൽ എന്ന് സംവിധായകൻ ശ്രീകുമാർ കൃഷ്‌ണന്‍ നായർ പ്രതികരിച്ചു. ഇ ടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വളരെ വൈകാരികമായാണ് സംവിധായകൻ 'ഓഫാബി'യെ കുറിച്ച് സംസാരിച്ചത്.
കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമയെ തള്ളിപ്പറഞ്ഞ പ്രേക്ഷകരോട് സംവിധായകന്‍ കൃഷ്‌ണ്‍ നായര്‍ക്ക് പരിഭവമൊന്നുമില്ല. പക്ഷേ 'ഓഫാബി'യുടെ ചിത്രീകരണ വേളയിൽ നിരവധി തവണ മുംബൈ ബാന്ദ്ര ബീച്ചിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. മലയാളിക്ക് സുപരിചിതനായ ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കെ ജയകുമാറിന്‍റെ ഇളയ സഹോദരനാണ് ശ്രീകുമാർ കൃഷ്‌ണന്‍ നായർ എന്ന കെ ശ്രീക്കുട്ടൻ.
സിനിമയിലേക്കുള്ള കാല്‍വയ്പ്പ്
പ്രശസ്‌ത സംവിധായകൻ ഹരിഹരന്‍റെ സംവിധാന സഹായിയായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ശേഷമാണ് ശ്രീകുമാർ കൃഷ്‌ണന്‍ നായർ എന്ന ശ്രീക്കുട്ടൻ 'പാവക്കൂത്ത്' എന്ന ചിത്രം ജയറാമിനെ നായകനാക്കി 1991ൽ സംവിധാനം ചെയ്യുന്നത്. ചിത്രം വേണ്ട വിധത്തിൽ ബോക്‌സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇനിയൊരു സിനിമ ചെയ്യുന്നെങ്കിൽ ലോകം മലയാള സിനിമയെ തിരിഞ്ഞു നോക്കുന്ന വിധത്തിലുള്ളതാകണം എന്നൊരു തീരുമാനം കൃഷ്‌ണന്‍ നായർക്ക് ഉണ്ടായിരുന്നു.
ഓ ഫാബിയുടെ ജനനത്തെക്കുറിച്ചും സിനിമയുടെ ടെക്നോളജിയെക്കുറിച്ചും ആ സിനിമ തനിക്ക് നൽകിയ വേദനകളെ കുറിച്ചും വൈകാരികമായി ശ്രീക്കുട്ടൻ സംസാരിച്ചു തുടങ്ങി.
"മലയാള സിനിമയിൽ സഹസംവിധായകനായി 80 കളിൽ നിറഞ്ഞു നില്‍ക്കുന്നു. സെല്ലിലോയ്‌ഡ് അഥവാ ഫിലിം ടെക്നോളജിയാണ് അക്കാലത്ത്. ഞങ്ങൾക്കറിയാത്ത സിനിമ ടെക്നോളജി ഒന്നും തന്നെ ഇല്ല എന്ന് അഹങ്കരിച്ചിരുന്ന കാലം. അങ്ങനെയാണ് 83- ലോ മറ്റോ ഹൂ ഫ്രെയിംഡ് റോജർ റാബിറ്റ് എന്ന ചിത്രം കാണാനിടവരുന്നത്. ഫിലിം ടെക്നോളജിയുടെ എല്ലാ അതിർവരമ്പുകളെയും ഭേദിച്ച ഒരു സിനിമയായിരുന്നു അത്. ഒരു ഫിലിമിൽ എത്രത്തോളം ടെക്നോളജി കൊണ്ടുവരാൻ സാധിക്കുമെന്ന് ഞങ്ങൾക്കൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു. അതൊക്കെ മറികടക്കുന്ന രീതിയിൽ ആയിരുന്നു ഹു ഫ്രൈയിംഡ് റോജർ റാബിറ്റ് എന്ന ചിത്രം.
ഡിസ്‌സിനിയുടെയും പിക്‌സാറിന്‍റെയും ഒക്കെ അനിമേഷൻ സിനിമകൾ നമുക്ക് സുപരിചിതമായിരുന്നു. പക്ഷേ മനുഷ്യനോടൊപ്പം കാർട്ടൂണും അഭിനയിക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങളുടെ താഴ്വരയിലൂടെ സഞ്ചരിക്കുന്നതു പോലെയായിരുന്നു. ഇതുപോലൊരു ചിത്രം മലയാളത്തിലും ചെയ്യണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു", ശ്രീകുട്ടന്‍ പറഞ്ഞു.
ഓ ഫാബി പിറക്കുന്നത്
"ഇപ്പോഴത്തെ ടെക്നോളജി കണ്ട് പരിചയിച്ചവർക്ക് ഞാന്‍ പറയുന്ന അതിശയോക്തി എത്രത്തോളം മനസ്സിലാകും എന്ന് അറിയില്ല. മനുഷ്യനൊപ്പം കാർട്ടൂൺ.. ചില്ലറ പരിപാടിയല്ലത്. ഇക്കാലത്ത് ഒരു കൊച്ചു കുട്ടിക്ക് പോലും യൂട്യൂബിൽ നോക്കി ഇതിനപ്പുറം ചെയ്തെടുക്കാം. പക്ഷേ നിങ്ങൾ മനസ്സിലാക്കണം ആക്കാലത്ത് കമ്പ്യൂട്ടർ ടെക്നോളജി ഹോളിവുഡ് സിനിമകളിൽ മാത്രമാണുള്ളത്. ഇന്ത്യയിൽ ഭൂരിഭാഗം സിനിമ പ്രവർത്തകരും കമ്പ്യൂട്ടർ കണ്ടിട്ട് പോലും ഇല്ല. ഇന്‍റര്‍നെറ്റിനെ കുറിച്ച് കേട്ട് കേൾവി പോലുമില്ല. ഡിജിറ്റൽ സിനിമ എന്താണെന്ന് അറിയുകയുമില്ല. എല്ലാം ഫിലിമിലാണ് ചെയ്യേണ്ടത്.
ഫിലിം ഒരു പ്രാവശ്യം എക്സ്പോസ് ചെയ്‌തു കഴിഞ്ഞാൽ പിന്നെ വീണ്ടും ഷൂട്ട് ചെയ്യാനോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാനോ സാധിക്കില്ല. മനുഷ്യനെയും അനിമേഷൻ കഥാപാത്രത്തെയും ഒരുമിച്ച് ഷൂട്ട് ചെയ്യാൻ സാധിക്കില്ലല്ലോ. അനിമേഷൻ കഥാപാത്രത്തെ സൃഷ്‌ടിച്ച് ഒരു ഫിലിമിൽ ആക്കിയ ശേഷം മനുഷ്യൻ അഭിനയിക്കുന്ന ഫിലിമിൽ എങ്ങനെ ഉൾപ്പെടുത്തുമെന്ന വലിയൊരു ചോദ്യം ഉണ്ടായിരുന്നു. എക്സ്പോസായ ഒരു ഫിലിമിൽ വീണ്ടും ഒരു ഒബ്‌ജക്‌ട് ഇമ്പോസ് ചെയ്യുക എന്നാൽ അസംഭവ്യമാണ്. പിന്നീട് വർഷങ്ങളോളം എന്‍റെ ഉറക്കം നഷ്ടപ്പെട്ടു. ഹൂ ഫ്രെയിംഡ് റോജർ റാബിറ്റ് പോലൊരു സിനിമ തനിക്കും ചെയ്യണം എന്നായിരുന്നു ഉള്ളില്‍ ഉണ്ടായിരുന്നത്".
" ഒരിക്കൽ മാനാഞ്ചിറ മൈതാനത്ത് ആകാശം നോക്കി കിടക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന പ്രശസ്‌ത എഴുത്തുകാരനായ രഘുനാഥ് പലേരിയോട് ഒരു ഹൈബ്രിഡ് സിനിമ ചെയ്യണമെന്ന മോഹം തുറന്നുപറഞ്ഞു. രഘു ചേട്ടൻ ഞാൻ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു. അതിനിടയിൽ ആദ്യ സിനിമ സംഭവിക്കുന്നു അത് പരാജയപ്പെടുന്നു. വീണ്ടും സഹ സംവിധായകനായി പോകേണ്ടി വരുമോ എന്നുള്ള ചിന്ത മനസ്സിൽ അലട്ടിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നു. അതിനിടയിൽ ഹൈബ്രിഡ് സിനിമ എന്ന മോഹം മനസ്സിൽ എവിടെയോ ഒളിച്ചു" സംവിധായകന്‍ തന്‍റെ ആദ്യ കാലത്തെ കുറിച്ച് വിവരച്ചു തുടങ്ങി.
സൈമണ്‍ തകരന്‍ എന്ന നിര്‍മാതാവ്
"ഭക്ഷണം കഴിക്കുന്നതിനും നിത്യ ചിലവിനും പണമില്ലാതെ വന്നതോടെ വീണ്ടും സഹ സംവിധായക കുപ്പായം അണിയുന്നു . ഹരിഹരൻ സാർ സംവിധാനം ചെയ്യുന്ന 'സർഗ്ഗം' എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ചു തുടങ്ങി. 'സർഗ്ഗ'ത്തിൽ സഹ സംവിധായകനായി പ്രവർത്തിക്കാൻ തീരുമാനിച്ചത് പ്രകൃതിയുടെ നിയോഗം പോലെയാണ് താൻ കരുതുന്നത്. 'സർഗം' എന്ന ചിത്രം സംഭവിച്ചില്ലായിരുന്നുവെങ്കിൽ 'ഓ ഫാബി' എന്ന സിനിമ എനിക്ക് സംവിധാനം ചെയ്യാൻ സാധിക്കില്ലായിരുന്നു". കെ.ശ്രീക്കുട്ടൻ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"അക്കാലത്ത് തനിക്ക് ഐ ടി മേഖലയിൽ ജോലിചെയ്യുന്ന സാബു എന്നൊരു സുഹൃത്ത് ഉണ്ടായിരുന്നു. സാബു മികച്ച ഒരു ഐടി വിദഗ്‌ധനാണ്. ആ സമയത്ത് സാബു നിർമ്മിച്ച ഒരു റോബോട്ടിനെ കുറിച്ചുള്ള ഒരു വാർത്ത ദേശീയ, അന്തർദേശീയ പത്രങ്ങളിൽ അച്ചടിച്ചു വന്നു. ഈ വാർത്ത അമേരിക്കയിലുള്ള സൈമൺ തരകൻ എന്നൊരു മലയാളി വായിക്കാൻ ഇടയായി. സൈമൺ തരകൻ സാബുവിനെ പരിചയപ്പെടാനും അയാൾ നിർമിച്ച റോബോട്ടിനെ നേരിൽ കാണാനും കേരളത്തിൽ വന്നു. സാബുവും സൈമൺ തരകനും അടുത്ത സുഹൃത്തുക്കളായി മാറി.
അതിനിടയിൽ സൈമൺ തരകന് ഒരു മലയാള സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമുള്ളതായി സാബുവിനെ അറിയിക്കുന്നു. ഇക്കാര്യം കേട്ടതും സാബുവിന് എന്‍റെ മുഖമാണ് ഓർമ്മ വന്നത്. സാബു എന്‍റെ കാര്യം സൈമൺ തരകനോടു പറഞ്ഞു. സൈമൺ തരകനും സാബുവും എന്നെക്കുറിച്ച് മനസ്സിലാക്കാൻ രഹസ്യമായി 'സർഗ'ത്തിന്‍റെ സെറ്റിൽ എത്തി. സെറ്റിൽ നിന്നും എന്നെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ കേട്ടതോടെ അവർ തിരികെ പോയി. സെറ്റിൽ എത്തിയ അവർ പക്ഷേ എന്നെ കാണാൻ കൂട്ടാക്കിയില്ല".
തുടർന്ന് സൈമൺ തരകൻ കോഴിക്കോട് മഹാറാണി ഹോട്ടലിലേക്ക് എന്നെ വിളിച്ചു വരുത്തി. വ്യത്യസ്‌തമാ ഒരു സിനിമ ചെയ്യണം എന്ന് മാത്രമാണ് അയാൾ തന്നോട് ആവശ്യപ്പെട്ടത്. പഴയ ഹൂ ഫ്രെയിംഡ് റോജർ റാബിറ്റ് വീണ്ടും മനസ്സിൽ സൂര്യോദയം പോലെ ഉയർന്നു . ഏഷ്യയിലെ ആദ്യ ലൈവ് ആക്ഷൻ സിനിമ എന്നൊരു ആശയം മുന്നോട്ട് വെച്ചതും ചാടി എണീറ്റ് സൈമൺ തരകൻ എന്നെ കെട്ടിപ്പിടിച്ചു. വളരെ പെട്ടെന്ന് തന്നെ കഥയുണ്ടാക്കി. പക്ഷേ ഇതെങ്ങനെ ചിത്രീകരിക്കും എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഇന്‍റര്‍നെറ്റ് ഇല്ലല്ലോ. അനിമേഷൻ കഥാപാത്രത്തെ എങ്ങനെ മനുഷ്യ കഥാപാത്രങ്ങളെ ഷൂട്ട് ചെയ്‌തിരിക്കുന്നു ഫിലിമിൽ ഇംപോസ് ചെയ്യും? അതൊരു വലിയ ചോദ്യമായിരുന്നു.
"മലയാളം, തമിഴ്, തെലുഗു, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സീനിയർ ഛായാഗ്രാഹകരോട് സഹായം അഭ്യർത്ഥിച്ചു. എല്ലാവരും ഇക്കാര്യം അസംഭവ്യം എന്നാണ് മറുപടി പറഞ്ഞത്. ലോക സിനിമയുടെ ടെക്നോളജി മനസ്സിലാക്കാൻ അമേരിക്കൻ സിനിമാറ്റോഗ്രാഫ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന ഒരു മാഗസിൻ ഇന്ത്യയിൽ ലഭിക്കും. പക്ഷേ അതിന് അക്കാലത്ത് 2500 രൂപയാണ് വില. മദ്രാസിൽ ഉള്ള അമേരിക്കൻ കോൺസുലേറ്റിന്‍റെ ലൈബ്രറിയിൽ ഈ പുസ്‌തകം വായിക്കാൻ ലഭിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ നാലുമണിവരെ ലൈബ്രറിയിൽ സൗജന്യമായി പ്രവേശിച്ച് പുസ്‌തകം വായിക്കാം. അങ്ങനെ കുറെയൊക്കെ വിവരശേഖരണം നടത്തി".