കുട്ടി അകില്‍ സംസാരിക്കുന്നു (ETV Bharat) കോമഡി പരിപാടികളിലൂടെയും ഇപ്പോൾ ചലച്ചിത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതമായ മുഖമാണ് കുട്ടി അഖിലിന്‍റേത്. മികച്ച വിജയം നേടിയ മന്ദാകിനി എന്ന ചിത്രത്തിലും കുട്ടി അഖിൽ മികച്ച ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്‌തിരുന്നു. ചിത്രം ഓടിടിയിൽ പ്രദർശനം തുടരുകയാണ്.
കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ സ്‌കിറ്റുകൾക്ക് ബാക്ഗ്രൗണ്ട് മ്യൂസിക്കും സംഭാഷണങ്ങളും അടങ്ങിയ റെക്കോർഡിങ് പ്ലേ ചെയ്യുക എന്നതായിരുന്നു കലാ മേഖലയിലേക്ക് കടന്നു വരാൻ ഉള്ള ആദ്യ ശ്രമം. അതിന് മുൻപ് തന്നെ കോമഡി ന്യൂസ് എന്ന, അതേ ചാനൽ സംപ്രേക്ഷണം ചെയ്‌തിരുന്ന പരിപാടിയിലും ചെറിയ രീതിയിൽ ഭാഗമായി. തുടർന്ന് കോമഡി സ്റ്റാർസിന്‍റെ ആദ്യ സീസണിലെ വിജയികളായ നോബിയും നെൽസനും ഉൾപ്പെട്ട വിഐപി എന്ന ടീമിൽ പിന്നീടുള്ള സീസണുകളിൽ ഭാഗമായി.
സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ട് വിഷ്വല്‍ മീഡിയയുടെ ഭാഗമാകണമെന്ന് അഭിനിവേശം ഉണ്ടായിരുന്നു. ആദ്യം ചാൻസ് ചോദിച്ചത് അയൽവാസി കൂടിയായ അസീസ് നെടുമങ്ങാടിനോട്. ഒരു വ്യക്തിക്ക് അഭിനയിക്കണമെന്ന അടങ്ങാത്ത ആഗ്രഹം ഉണ്ടെങ്കിൽ അയാൾ ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുമെന്നായിരുന്നു അസീസ് നെടുമങ്ങാട് ഉപദേശിച്ചത്. വർഷങ്ങൾക്ക് ശേഷം ഒരു ടെലിവിഷൻ പരിപാടിയിൽ അഭിനയിച്ചു കൊണ്ടിരിക്കേ തിരുവനന്തപുരം പാളയത്ത് വെച്ച് അസീസ് നെടുമങ്ങാട് തന്നെ കാണുകയുണ്ടായി. അടുത്തേക്ക് വിളിച്ച് പഴയ ഉപദേശത്തെ കുറിച്ച് ഓർമിപ്പിച്ചു.
ബിഗ് ബോസ് ആയിരുന്നു കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ്. കുട്ടി അഖിൽ എന്ന പേര് മലയാളികൾക്ക് സുപരിചിതമായത് ആ ഷോയിലൂടെയാണ്. പലർക്കും നെഗറ്റീവും പോസിറ്റീവും സമ്പാദിച്ചു കൊടുത്തിട്ടുള്ള ഒരു ഷോ ആയിരുന്നു ബിഗ് ബോസ്. തന്നെ സമ്മതിച്ചിടത്തോളം ബിഗ് ബോസ് പോസിറ്റീവ് മാത്രം സമ്മാനിച്ച, പുതിയ ജീവിത സാഹചര്യങ്ങൾ സമ്മാനിച്ച ഘടകം തന്നെ. ലോക്ക്ഡൗൺ കാലത്ത് മലയാളികളെ ഏറ്റവും അധികം ചിരിപ്പിച്ച പ്രീമിയർ പത്മിനി കൂട്ടായ്‌മയുടെ വലിയ വിജയമാണ്.
സുഹൃത്തുക്കളായ നോബിയും അസീസ് നെടുമങ്ങാടും അഖിൽ കവലയൂരും എല്ലാം ഒരുമിച്ച് ആ പരിപാടിയെ വലിയ വിജയമാക്കി. ഒരുപാട് വലിയ കഥാപാത്രങ്ങൾ ആ പരിപാടികൾ ചെയ്‌തിട്ടുണ്ടെങ്കിലും ഒരു എപ്പിസോഡിൽ 30 സെക്കൻഡ് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് ഏറ്റവും ജനപ്രിയമായത്. വാറ്റ് കന്നാസുമായി ഒരു കുന്നിൽ നിന്നും തലകുത്തനെ താഴെ വീണ് പൊലീസ് ജീപ്പിലേക്ക് നേരെ കയറിയിരിക്കുന്ന ഒരു ഡയലോഗും ഇല്ലാത്ത കഥാപാത്രം. സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായ എപ്പിസോഡ് ആയിരുന്നു അത്.
തിലോത്തമ എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യം മുഖം കാണിച്ചത്. പിന്നീട് മോഹൻ കുമാർ ഫാൻസ് ആനന്ദപുര ഡയറിസ് നിരവധി ചിത്രങ്ങൾ. തന്നെ ഒരു നടൻ എന്ന ലേബലിൽ തിരിച്ചറിയാൻ കാരണമായത് മന്ദാകിനി എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷമാണെന്നും കുട്ടി അഖിൽ പ്രതികരിച്ചു.
Also Read :'സിനിമയിലേക്ക് കുളിപ്പിച്ച് കയറ്റിയത് നെടുമുടി വേണു'; മുഴുവൻ സമയ കലാപ്രവർത്തനം ഇനിയില്ലെന്ന് നടൻ ജോബി - Actor Joby Interview