ചെന്നൈ : വിഖ്യാത സംഗീത സംവിധായകൻ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണി ഇളയരാജ (47) അന്തരിച്ചു. അർബുദ രോഗ ബാധിതയായിരുന്ന ഭവതാരിണി ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് വിട പറഞ്ഞത് (Bhavatharini passed away). മൃതദേഹം വെള്ളിയാഴ്‌ച വൈകീട്ടോടെ ചെന്നൈയിലെത്തിക്കും. തുടര്‍ന്ന് രാത്രിയോടെ സംസ്‌കാരം നടക്കും.
സംഗീത ലോകത്തെ മാന്ത്രികനായ ഇളയരാജയുടെയും, ജീവ രാജയ്യയുടെയും മകളായി 1976 ലാണ് ഭവതാരിണിയുടെ ജനനം. സിനിമയിൽ ആദ്യമായി പാടിയത് 1995ല്‍ പുറത്തിറങ്ങിയ രാസയ്യ എന്ന ചിത്രത്തിന് വെണ്ടിയാണ്. 2000ൽ ഭാരതി എന്ന തമിഴ് ചിത്രത്തിലെ മയിൽ പോലെ പെണ്ണ് ഒണ്ണ് എന്ന ഗാനം ഹിറ്റായി. പിതാവ് ഇളയരാജയുടെ സംഗീത സംവിധാനത്തിൽ പിറന്ന, പാട്ടിന് ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയപുരസ്‌കാരം ഭവതാരിണിക്ക് ലഭിച്ചു.
സംഗീത സംവിധാനത്തിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2002ൽ രേവതിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മിത്ര്' എന്ന സിനിമയിലെ പാട്ടുകൾക്കാണ് ആദ്യമായി ഭവതാരിണി സംഗീതം നൽകിയത്. തുടർന്ന് ഒരുപാട് ഗാനങ്ങൾക്ക് ജീവനും, ഗബ്‌ദവും നൽകി. പിതാവിന്‍റെ ഗാനങ്ങൾ മാത്രമല്ല സഹോദരങ്ങളായ കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവര്‍ ചിട്ടപ്പെടുത്തിയ പാട്ടുകളും ആലപിച്ചിട്ടുണ്ട്.
മലയാളത്തിലും ഭവതാരിണി തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. 'കളിയൂഞ്ഞാൽ' എന്ന ചിത്രത്തിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന ഗാനം ഭവതാരിണി പാടിയതാണ്. പൊന്മുടിപ്പുഴയോരത്തിലെ 'നാദസ്വരം കേട്ടോ', മൈ ഡിയർ കുട്ടിച്ചാത്തനിലെ 'തിത്തിത്തൈ താളം' തുടങ്ങിയ ഗാനങ്ങളും ഭവതാരിണി പാടിയിട്ടുണ്ട്. തമിഴില്‍, മായാനദിയാണ് അവസാന ചിത്രം. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആർ. ശബരി രാജാണ് ഭവതാരിണിയുടെ ഭർത്താവ്.