എറണാകുളം: മലയാള സിനിമയിലെ ലൈംഗികാരോപണങ്ങളും താരാധിപത്യ കാലിടറലുകളും അതേതുടർന്ന് സംഭവിക്കുന്ന പ്രതികരണങ്ങളും കഴിഞ്ഞ രണ്ടാഴ്‌ചക്കാലമായി മലയാള മാധ്യമങ്ങളുടെ വലിയ തലക്കെട്ടുകൾ ആയിരുന്നു. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ മേൽ പ്രതിപാദിച്ച വിഷയങ്ങളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായപ്രകടനങ്ങൾ നടത്തിയതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടും ലൈംഗികാരോപണ വിഷയങ്ങളും വലിയ തലക്കെട്ടുകളിൽ നിന്ന് ബോക്‌സ് ന്യൂസിലേക്ക് ഇടംപിടിച്ചു. ഇത്തരം വിഷയങ്ങളുടെ വാർത്താപ്രാധാന്യത്തില്‍ കുറവുവന്നെങ്കിലും ആരോപണങ്ങൾ ഗുരുതരമാണ്.
ആരോപണ വിധേയർക്കെതിരെ കേസെടുക്കേണ്ടതും അന്വേഷിക്കേണ്ടതും അവര്‍ പ്രതികളാണോ നിരപരാധികളാണോ എന്ന് തീരുമാനിക്കേണ്ടതും രാജ്യത്തിന്‍റെ നിയമവ്യവസ്ഥയിൽ അധിഷ്‌ഠിതമായ കാര്യമാണ്. ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ ഒരു പേര് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. #മോഹൻലാൽ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സമൂഹത്തിൽ എന്ത് സംഭവിച്ചാലും മോഹൻലാൽ എന്ന വ്യക്തിക്ക് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ പരിഹസിക്കുകയാണ് ഈ ഹാഷ്‌ടാഗിലൂടെ.
മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വാർത്തകളുടെയും തമ്പ്നൈലുകൾ ഡൗൺലോഡ് ചെയ്‌ത് എഡിറ്റ് ചെയ്‌ത് മോഹൻലാലിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌താണ് ഒരു വിഭാഗം ജനങ്ങളുടെ പ്രതിഷേധം. മോഹൻലാലുമായി ബന്ധപ്പെടാത്ത കാര്യങ്ങൾക്ക് പോലും കഴിഞ്ഞ നാളുകളിൽ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മോഹൻലാലിന്‍റെ പേരും ചിത്രവും ഉപയോഗിച്ചു എന്നതാണ് ഇത്തരക്കാർ ചൂണ്ടിക്കാണിക്കുന്ന പരിഹാസ വിഷയം.