ഹൈദരാബാദ്: തീയേറ്ററുകളില്‍ കോളിളക്കം സൃഷ്‌ടിച്ച് ഹനുമാൻ. ഗുണ്ടൂർ കാരം, സൈന്ധവ്, നാ സാമി രംഗ എന്നിവയെ പിന്തള്ളി ഫാൻ്റസി ആക്ഷൻ ഡ്രാമ ചിത്രമായ ഹനുമാൻ സംക്രാന്തി സീസണിൽ വൻ ഹിറ്റായി. ഹൈന്ദവ പുരാണങ്ങളിൽ നിന്നും ഹനുമാനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതിനാൽ, അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നൽകാനൊരുങ്ങി നിർമ്മാതാക്കൾ.
തേജ സജ്ജ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഹനുമാൻ രാമായണത്തിന്‍റെ ഒരു ഭാഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്നന്നതിനാൽ, ചിത്രത്തിന്‍റെ നിർമ്മാതാക്കൾ ഒരു വലിയ തുക സംഭാവന ചെയ്യുമെന്ന് അറിയിച്ചു. സിനിമയുടെ 50,000 ത്തിലധികം ടിക്കറ്റുകൾ വിറ്റ് കിട്ടിയ 2.66 കോടി രൂപയാണ് ക്ഷേത്രത്തിലേക്കായി മാറ്റിവെച്ചത് (Hanuman Movie Producers To Donate Money For Ram Temple).
ജനുവരി 21 ന് പ്രൊഡക്ഷൻ ഹൗസ് മൈത്രി മൂവീസ് ഇത് സംബന്ധിച്ച് എക്‌സിൽ പ്രഖ്യാപനം നടത്തി. "അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് 2,66,41,055 രൂപ സംഭാവന നൽകിയ 53,28,211 ആളുകൾക്ക് നന്ദി. ഹനുമാന്‍ കാണുന്നതിലൂടെയും അത്ഭുതങ്ങളിൽ മുഴുകുന്നതിലൂടെയും നിങ്ങൾക്ക് ഈ ഉദ്യമത്തിൽ പങ്കുചേരാം. ഈ ചരിത്ര സംഭവത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ മൈത്രി ഡിസ്ട്രിബ്യൂഷൻ ടീം സന്തുഷ്‌ടരാണ്." എക്‌സില്‍ കുറിച്ചു.
സിനിമയുടെ റിലീസിന് മുമ്പ് വിൽക്കുന്ന ഓരോ ടിക്കറ്റിൽ നിന്നും 5 രൂപ അയോധ്യയിലെ ശ്രീരാമ മന്ദിറിന് സംഭാവന ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. വാഗ്‌ദാനം ചെയ്‌തതുപോലെ ക്ഷേത്രത്തിന്‍റെ ട്രസ്റ്റിലേക്ക് പണം സംഭാവന ചെയ്യും. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ വിറ്റ 53,28,211 ടിക്കറ്റുകളിൽ നിന്ന് 2,66,41,055 രൂപ സംഭാവനയായി ലഭിച്ചു. ചിത്രത്തിന്‍റെ ജനപ്രീതി കണക്കിലെടുത്ത് തുക ഇനിയും ഉയരുമെന്നാണ് പ്രവചനം. ചിത്രം യുണൈറ്റഡ് സ്റ്റേറ്റ്സിൽ 5 ദശലക്ഷം ഡോളർ നേടി, അടുത്തിടെ ഇറങ്ങിയ ഏറ്റവും വിജയകരമായ തെലുങ്ക് ചിത്രങ്ങളിലൊന്നായി ഇത് മാറി.
സംവിധാനം കൂടാതെ, തെലുങ്ക് ഭാഷയിലുള്ള സൂപ്പർഹീറോ ചിത്രത്തിന് തിരക്കഥയും പ്രശാന്ത് വർമ്മയാണ് എഴുതിയത്. അഞ്ജനാദ്രി എന്ന സാങ്കൽപ്പിക ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഹനുമാൻ, പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ്. പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തേജ സജ്ജ, വരലക്ഷ്‌മി ശരത്കുമാർ, അമൃത അയ്യർ, വിനയ് റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജനുവരി 12 ന് റിലീസ് ചെയ്‌ത ചിത്രം പ്രേക്ഷകരിൽ നിന്ന് നല്ല സ്വീകരണം നേടി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഹനുമാൻ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണർ.