മലയാള സിനിമയിലെ ലൈംഗികാരോപണ പ്രതിസന്ധികൾ കെട്ടടങ്ങും മുമ്പേ മയക്കുമരുന്ന് ആക്ഷേപത്തിന്‍റെ പേരില്‍ ചർച്ചകൾ ചൂടുപിടിക്കുകയാണ്. "മലയാള സിനിമയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വ്യാപകമാണ്" -പല പ്രമുഖരും മാധ്യമങ്ങൾക്ക് മുന്നിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇതിന് പിന്നിലെ വാസ്‌തവം എന്തെന്ന് മലയാളികൾ ആധികാരികമായി ചിന്തിക്കാറില്ല.
സിനിമ മേഖലയിൽ മാത്രമല്ല സമൂഹത്തിന്‍റെ പല മേഖലകളിലും മയക്കുമരുന്നിന്‍റെ ഉപയോഗം സജീവമായുണ്ട്. സിനിമ മേഖലയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ, അത് വലിയ വാർത്തകൾ ആകുന്നത് സ്വാഭാവികം. മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മുൻ നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ജയ്‌സൺ എബ്രഹാം ഇടിവി ഭാരതിനോട് പ്രതികരിച്ചു.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ജയ്‌സൺ എബ്രഹാം വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ മയക്കുമരുന്ന് സിനിമ മേഖലയുമായി ചേർത്തു വായിക്കുമ്പോഴാണ് ഗുരുതര പ്രശ്‌നമായി സാധാരണക്കാർക്ക് തോന്നുന്നതെന്ന് ജയ്‌സണ്‍ എബ്രഹാം. ഒരു പ്രത്യേക ദിവസം ഒരു പ്രത്യേക മേഖലയിൽ പൊട്ടിമുളയ്ക്കുന്ന ദുശ്ശീലങ്ങളിൽ ഒന്നല്ല സിന്തറ്റിക് ഡ്രഗിന്‍റെ ഉപയോഗമെന്നും അദ്ദേഹം പറഞ്ഞു.
"അറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ്‌സുകളായ എൻഡിഎംഎ, എൽഎസ്‌ഡി, ബ്രൗൺ ഷുഗർ, ഹെറോയിൻ, കൊക്കയ്‌ന്‍ തുടങ്ങിയവയുടെ ഉപയോഗത്തിന് പിന്നിൽ കൃത്യമായ ഒരു വേരോട്ടം ഉണ്ടാകും. തുടർന്ന് പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ സിനിമ മേഖലയിൽ അടക്കമുള്ള മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള ഏകദേശ ധാരണ വായനക്കാരന് ലഭിക്കും.
ഇന്ത്യൻ ഭരണഘടനയെ പോലും വിലക്കെടുക്കാൻ ശേഷയുള്ള ശൃംഖലകൾ ഭരിക്കുന്ന മേഖലയാണിത്. പല കുപ്രസിദ്ധ അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയ തലവന്‍മാരും ഇന്നത്തെ തലമുറയുടെ ആരാധന പാത്രങ്ങളാണ്. ഇന്ത്യ എന്ന രാജ്യത്തിലേക്കുള്ള ഒരൊറ്റ മയക്കുമരുന്ന് കൺസെൻമെന്‍റ് പോലും സംസ്ഥാന ബജറ്റിന്‍റെ പകുതിയോളം മൂല്യമുള്ളതാണ്."-ജയ്‌സൺ എബ്രഹാം പറഞ്ഞു.
കഴിഞ്ഞ ദിവസം കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശിനെ സന്ദർശിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിൽ മലയാളത്തിലെ ചില പ്രമുഖ താരങ്ങൾക്കെതിരെ മയക്കുമരുന്ന് ബന്ധപ്പെടുത്തി വാർത്തകൾ പുറത്തു വന്നിരുന്നു. അതിന്‍റെ അടിസ്‌ഥാനത്തിൽ താരങ്ങളുടെ രക്‌ത യൂറിൻ സാമ്പിളുകൾ പരിശോധിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച് 15 മണിക്കൂർ എന്ന സമയ പരിധി നിലനിൽക്കേ വൈദ്യ പരിശോധനയുടെ പ്രസക്തി എന്ത് ?
"ഇത്രയും കടുത്ത ശിക്ഷ ലഭിക്കുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ദിനംപ്രതി മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നു എന്നത് പ്രസക്‌തമായൊരു ചോദ്യമാണ്. മയക്കുമരുന്നിന് എതിരായി രാജ്യത്ത് നിലനിൽക്കുന്നത് ഒരു കിരാത നിയമമാണ്. അതുകൊണ്ടുതന്നെ മയക്കുമരുന്നിന് എതിരായി പ്രവർത്തിക്കുന്ന ഏജൻസികൾക്ക് പാർലമെന്‍റിൽ നിന്നും കടുത്ത മാർഗ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇതൊക്കെ കൃത്യമായി ഫോളോ ചെയ്യാൻ പലപ്പോഴും ഏജൻസികൾക്ക് സാധിക്കാറില്ല.
മയക്കുമരുന്ന് കേസിൽ ഒരാളെ അറസ്‌റ്റ് ചെയ്‌താൽ പ്രധാന ഉദ്യോഗസ്‌ഥനും രണ്ട് സഹായികളും ചേർന്ന് 10 മണിക്കൂറിൽ അധികം ജോലി ചെയ്‌താൽ മാത്രമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള രേഖകളും മറ്റ് എഴുത്തു കുത്തുകളും തയ്യാറാക്കാനാകു. വളരെയധികം കോംപ്ലിക്കേറ്റഡ് നിയമം ആയത് കൊണ്ട് തന്നെ പല എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളും ഇത്തരം കേസുകൾ കയ്യൊഴിയും.
മയക്കുമരുന്നിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചാൽ പോലും പല എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളും ആക്ഷൻ എടുക്കാറില്ല. അതിന് കാരണം ഈ നിയമത്തിലെ നൂലാമാലകളാണ്. പിടിക്കപ്പെടുന്ന ആളാണോ യഥാർത്ഥ കുറ്റവാളി എന്നൊരിക്കലും കൃത്യമായി ഉറപ്പുവരുത്താൻ സാധിക്കാറില്ല. ശൃംഖലയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ഏതൊരു വ്യക്‌തിക്കും ഒരേ ശിക്ഷയാണ്.
അതുകൊണ്ടുതന്നെ ആരാണ് കൺസൈൻമെന്‍റിന്‍റെ ഉടമസ്‌ഥാവകാശം, പിടിക്കപ്പെട്ട വ്യക്തി ആര് എന്നുള്ള തർക്കങ്ങൾ മിക്കവാറും ഉരിത്തിരിയും. കോടതിയിൽ കേസ് തള്ളി പോകാൻ ഡിപ്പാർട്ട്‌മെന്‍റ് തയ്യാറാക്കുന്ന പേപ്പറിൽ സംഭവിക്കുന്ന ഒരു ചെറിയ തെറ്റ് മതി. അതുകൊണ്ട് മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന ഫോഴ്‌സുകളിൽ പൊലീസുകാരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരികയാണ്." -ജയ്‌സൺ എബ്രഹാം വ്യക്തമാക്കി.
സമൂഹത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രവർത്തിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "നിശ്ചിത കേസുകൾ രജിസ്‌റ്റർ ചെയ്യണമെന്ന് നിർദ്ദേശം നൽകും. പിടിക്കപ്പെട്ടവരൊക്കെയും പ്രാദേശിക ഭാഷയിൽ പറഞ്ഞാൽ മുറിബീഡി വലിച്ചതിന്‍റെ പേരിൽ കുറ്റക്കാരായവരാണ്. ജീവിക്കാൻ വേണ്ടി ചെറുകിട കച്ചവടം നടത്തുന്നവരും, ഉപയോഗിക്കാനായി സാധനം വാങ്ങിയവരുമാണ് പിടിക്കപ്പെടുന്നത്. അത് ശൃംഖലയിലെ ഏറ്റവും താഴത്തെ പോലും കണ്ണികളിൽ ഉൾപ്പെടുന്നില്ല.
പിടിക്കപ്പെട്ടവരും ആരോപണ വിധേയരും ഏറ്റവും താഴെക്കിടയിലുള്ള കണ്ണികൾ മാത്രമാണ്. പരമാവധി ഒരു മുറി ബീഡി വലിക്കുന്നവനെ ചോദ്യം ചെയ്‌ത് അവന് സാധനം കൊടുത്തവനെ കണ്ടെത്തി, അതിലൂടെ ഒരു പ്രദേശത്ത് കഞ്ചാവ് സപ്ലൈക്ക് തടയിടാം എന്നതിലുപരി വൻ മത്സ്യങ്ങളെ തൊടാൻ ആകില്ല. കേസിന്‍റെ എണ്ണം തികയ്‌ക്കാനുള്ള ചില്ലറ കേസിൽപ്പെട്ട അറസ്‌റ്റുകൾ മാത്രമാണ് ഇവിടെ നടക്കുന്നത്.
ഒന്നും രണ്ടും മൂന്നും നാലും തട്ടുകൾ ഉണ്ട്. എന്തിനും പോന്ന മാഫിയ സംഘമാണ് ഇവർ. വളരെയധികം അപകടകാരികൾ. അന്വേഷണത്തിന് ഇറങ്ങുന്ന ഉദ്യോഗസ്ഥരെ ഏത് രീതിയിലും അപായപ്പെടുത്താൻ ശ്രമിക്കും. താനൊക്കെ നിരവധി തവണ ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്‌തിട്ടുണ്ട്.
അതുകൊണ്ട് പലപ്പോഴും ഇത്തരം കേസുകൾക്ക് പിന്നാലെ പോകാൻ പൊലീസ് ഉദ്യോഗസ്ഥർ താല്‍പ്പര്യപ്പെടില്ല. എണ്ണത്തിൽ കുറവായത് കൊണ്ട് തന്നെ ഇത്തരം ഉദ്യോഗസ്‌ഥർ ഈ മാഫിയയുടെ ശ്രദ്ധ കേന്ദ്രവുമാകും. പൊലീസും മനുഷ്യരാണല്ലോ. അവർക്കും കുടുംബമുണ്ട്." - ജയ്‌സൺ എബ്രഹാം വെളിപ്പെടുത്തി.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിച്ചിരിക്കുകയാണ് ജയ്‌സണ്‍ എബ്രഹാം. മയക്കുമരുന്ന് ഉപയോഗം, അതിന്‍റെ വേരുകൾ, ഉപഭോക്‌താക്കൾ, ഗോൾഡൻ ക്രസന്‍റ്, മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കുള്ള ശിക്ഷ നിയമങ്ങൾ തുടങ്ങിയവയെ കുറിച്ചും ജയ്‌സൺ എബ്രഹാം വിശദീകരിക്കുന്നുണ്ട്.
എന്തുകൊണ്ട് മയക്കുമരുന്ന് ഉപയോഗം?
മയക്കുമരുന്നിന്‍റെ വ്യാപക ഉപയോഗത്തെ എപ്പിക്യൂരിസ് ഫിലോസഫിയുമായി ചേർത്ത് വായിക്കാം. ജീവിതം സുഖിക്കാനുള്ളതാണ് എന്ന കാഴ്‌ച്ചപ്പാട് ആർക്കൊക്കെ ഉണ്ടോ അവരാണ് പ്രധാനമായും മയക്കുമരുന്നിന്‍റെ ഉപഭോക്‌താക്കൾ. യുവജനങ്ങളാണ് പ്രധാനമായും ഇത്തരം അപകടകരമായ ശീലങ്ങളെ സ്വാഗതം ചെയ്യുന്നത്.
പ്രധാനമായും ഉപയോഗിക്കാൻ എളുപ്പമെന്ന സുഗമമായ വസ്‌തുതയാണ് സിനിമ അടക്കമുള്ള പല മേഖലകളിലും ഇത്തരം സൈക്കോട്രോപിക് സബ്‌സ്‌റ്റെന്‍സുകളെ സ്വീകാര്യത ഉള്ളതാക്കുന്നത്. ജോലി സമയങ്ങളിൽ ലഹരിക്ക് വേണ്ടി മദ്യം ഉപയോഗിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് ഉണ്ടാകുന്ന അസ്വാരസ്യം, മദ്യപിക്കാനുള്ള സൗകര്യമില്ലായ്‌മ, മദ്യപിച്ചതിന് ശേഷമുള്ള മുഷിയലും ദുർഗന്ധവും തുടങ്ങിയവയൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്‌തുതകളാണ്.
മാത്രമല്ല മൂന്ന് മണിക്കൂറിൽ താഴെ മാത്രം ലഹരി പ്രദാനം ചെയ്യുന്ന മദ്യത്തേക്കാൾ അര ദിവസം മുതൽ 15 മണിക്കൂർ വരെ ലഹരി പ്രദാനം ചെയ്യുന്ന സൈക്കോട്രോപിക് കെമിക്കലുകൾ ഇത്തരക്കാർക്ക് പ്രിയമുള്ളതാകുന്നു. സിനിമാ സെറ്റുകളിൽ മദ്യപിച്ചെത്തിയാൽ പേരുദോഷമുണ്ടാകും. വിദ്യാർഥികൾക്ക് മദ്യപിച്ച് ക്ലാസ്സിൽ ഇരിക്കാൻ ആകില്ല. അപ്പോൾ പിന്നെ ഒരുതരത്തിലും ദുർഗന്ധം വമിക്കാത്ത ദീർഘനേരം ലഹരി പ്രദാനം ചെയ്യുന്ന മയക്കുമരുന്നിലേക്ക് യുവജനത ചുവടുമാറ്റം നടത്തുന്നു.
എം.ടി.എം.എ എന്ന വസ്‌തു ഒരു ഗ്രാം ഉപയോഗിച്ചാൽ 15 മണിക്കൂർ കൃത്രിമ സുഖം പ്രദാനം ചെയ്യും. സ്‌റ്റാമ്പ് രൂപത്തിൽ ലഭിക്കുന്നവ ഒളിപ്പിക്കാൻ വളരെയധികം എളുപ്പം. ഉപയോഗിക്കുമ്പോൾ തന്നെ ആരും അറിയുന്നില്ല. ഇതൊക്കെ ഉപയോഗിക്കുന്ന ഒരാളിന് മാത്രമെ ആരൊക്കെ ഇത് ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിയു.