ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പിറന്ന 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും മലയാളത്തിന്‍റെ പ്രിയ താരം നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ‘ഡിയർ സ്‌റ്റുഡന്‍റ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കി. പോസ്‌റ്റര്‍ കണ്ടതോടെ നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുന്നതിന്‍റെ ആകാംക്ഷ ഇരുവരുടെയും ആരാധകര്‍ക്ക് ഉണ്ട്.
വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. 2025 ല്‍ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും.
'പുതുവർഷത്തിൽ പുതിയ കഥകൾ… 2025 ഒരു അത്യുഗ്രൻ യാത്രയ്ക്ക് തയാറെടുക്കുന്നു' എന്ന കുറിപ്പോടെ നിവിനും പുതിയ ചിത്രത്തിന്‍റെ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഈ പോസ്‌റ്റിന് താഴെ നിവിന്‍റെ ഒരു വമ്പൻ തിരിച്ചുവരവായി ഡിയർ സ്‌റ്റുഡന്‍റ് മാറട്ടെ എന്ന പ്രതീക്ഷ നിരവധിപ്പേർ പങ്കുവച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്.