എറണാകുളം :നവാഗത സംവിധായകൻ മനു രാധാകൃഷ്‌ണൻ സംവിധാനം ചെയ്‌ത 'ഗു' തിയേറ്ററുകളിലെത്തി. ഇന്നാണ് ചിത്രം റിലീസിനെത്തിയത്. പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരുന്ന ചിത്രത്തിലെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം ദേവനന്ദ. 49 വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയ നടന്‍ മണിയൻപിള്ള രാജു നിർമിക്കുന്ന ചിത്രം താൻ അഭിനയിക്കുന്ന പതിനാലാമത്തെ ചിത്രമാണെന്ന് പ്രതികരിച്ചു കൊണ്ടാണ് ദേവനന്ദ സംസാരിച്ചു തുടങ്ങിയത്.
കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവരെ വരെ രസിപ്പിക്കുന്ന തരത്തിലുള്ള കഥാതന്തുവാണ് 'ഗു' വിനുള്ളത്. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പ് വീണ്ടും തന്‍റെ അച്ഛനായി തന്നെ ഈ ചിത്രത്തിൽ വേഷമിടുന്നു. ഈ സിനിമയിൽ തന്‍റെ കഥാപാത്രത്തിന്‍റെ പേര് മിന്ന എന്നാണ്. ഗുളികനെ കുറിച്ച് അച്ഛൻ പറഞ്ഞു കേട്ട കഥകളാണ് അറിവുള്ളത്. ഗുളികനെ കുറിച്ചുള്ള വസ്‌തുതകൾ പറഞ്ഞുതന്നത് സംവിധായകൻ മനു രാധാകൃഷ്‌ണനാണ്.
മലബാർ മേഖലയിൽ ജീവിക്കുന്നവർക്ക് ഗുളികനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഞാൻ അഭിനയിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രം ആയിരുന്നു മാളികപ്പുറം. പക്ഷേ എല്ലാവരും കരുതുന്നു അതാണ് എന്‍റെ ആദ്യചിത്രമെന്ന്. ഒരു ഇന്‍റര്‍വ്യൂവിൽ അവതാരക മാളികപ്പുറം എന്‍റെ ആദ്യചിത്രം എന്ന് പറഞ്ഞതിന് സോഷ്യൽ മീഡിയ ധാരാളം പരിഹസിച്ചു. തൊട്ടപ്പൻ എന്ന ചിത്രത്തിൽ ആയിരുന്നു ഞാൻ ആദ്യം അഭിനയിച്ചത്. സിനിമയിലാകെ 28 സെക്കന്‍റ് മാത്രമായിരുന്നു എന്‍റെ ഭാഗം ഉണ്ടായിരുന്നത്. അവിടെ നിന്ന് 11 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടാണ് മാളികപ്പുറം എന്ന ബ്രേക്ക് ലഭിക്കുന്നത്.
മാളികപ്പുറത്തിനുശേഷം താൻ എവിടെപ്പോയാലും ആൾക്കാർ തിരിച്ചറിയുന്നുണ്ട്. അവർ സ്നേഹപ്രകടനങ്ങൾ നടത്താറുണ്ട്. തമിഴില്‍ വലിയ വിജയം നേടി മുന്നേറുന്ന, ഒരുപക്ഷേ ഈ വർഷത്തെ ആദ്യ തമിഴ് ബ്ലോക്ക് ബസ്റ്റർ ചിത്രമായ അരൺമനയ് 4 എന്ന ചിത്രത്തിൽ തമന്നയുടെ മകളായി വേഷമിട്ടു. മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് സിനിമയുടെ അണിയറ പ്രവർത്തകർ എന്നെ കാസ്റ്റ് ചെയ്‌തത്.