77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന വേളയിൽ, വിഖ്യാത നടി മെറിൽ സ്‌ട്രീപ്പിനെ പാം ഡി ഓർ ബഹുമതി നൽകി ആദരിച്ചു. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷാണ് ഗ്രാൻഡ് ലൂമിയർ തിയേറ്ററിലെ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി സ്‌ട്രീപ്പിന് അഭിമാനകരമായ അവാർഡ് സമ്മാനിച്ചത്. 2.5 മിനിറ്റ് നീണ്ട കരഘോഷം മുഴക്കി മെറിൽ സ്‌ട്രീപ്പിന് സദസ് ആദരവർപ്പിച്ചു.
ലിറ്റിൽ വുമണിലെ സ്‌ട്രീപ്പിൻ്റെ സംവിധായികയും കാൻ ജൂറിയുടെ നിലവിലെ പ്രസിഡൻ്റുമായ ഗ്രെറ്റ ഗെർവിഗും സദസിൽ ഉണ്ടായിരുന്നു. അതേസമയം, ജൂറിയുടെ വാർത്താസമ്മേളനത്തിൽ ബാർബി സംവിധായിക കൂടിയായ ഗ്രെറ്റ ഗെർവിഗ് #MeToo മൂവ്‌മെന്‍റിനെ അഭിസംബോധന ചെയ്‌തതും ശ്രദ്ധ നേടി.
അവാർഡ് ദാന ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, വാർത്താസമ്മേളനത്തിൽ ഗ്രെറ്റ, നല്ല മാറ്റത്തിന് വഴിയൊരുക്കുന്നതിൽ കഥപറച്ചിലിൻ്റെ ശക്തി ഊന്നിപ്പറഞ്ഞിരുന്നു. ചലച്ചിത്ര വ്യവസായത്തിൻ്റെ സംസ്‌കാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്ക് അവർ പിന്തുണ അറിയിച്ചു.
അതേസമയം ഒപ്പം ജോലി ചെയ്‌തിട്ടുള്ള പ്രതിഭാധനരായ കലാകാരന്മാരാണ് താൻ ചലച്ചിത്ര ലോകത്ത് തുടരാൻ കാരണമെന്ന് പാം ഡി ഓർ സ്വീകരിച്ചുകൊണ്ട് 74 കാരിയായ മെറിൽ സ്‌ട്രീപ്പ് അഭിപ്രായപ്പെട്ടു. 'ഞാൻ അവസാനമായി കാനിലെത്തിയപ്പോൾ, എനിക്ക് 40 വയസായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു ഞാൻ. എൻ്റെ കരിയർ അവസാനിച്ചുവെന്നാണ് ഞാൻ കരുതിയത്.
അക്കാലത്തെ നടിമാർക്ക് അതൊരു അയഥാർഥമായ പ്രതീക്ഷയായിരുന്നില്ല. എന്നാൽ ഈ രാത്രി ഞാൻ ഇവിടെയുണ്ട്. അതിനുള്ള ഒരേയൊരു കാരണം മാഡം ലാ പ്രസിഡൻ്റ് (ഗെർവിഗ്) ഉൾപ്പടെ, ഞാൻ ജോലി ചെയ്‌തിട്ടുള്ള പ്രതിഭാധനരായ കലാകാരന്മാരാണ്' - മെറിൽ സ്‌ട്രീപ്പ് കൂട്ടിച്ചേർത്തു.
അഞ്ച് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന തന്‍റെ കരിയറിൽ കൂട്ടായി നിന്നവരെയും താരം നന്ദിയോടെ സ്‌മരിച്ചു. തൻ്റെ ഏജൻ്റായ കെവിൻ ഹുവാനും ദീർഘകാല ഹെയർ ആൻ്റ് മേക്കപ്പ് സ്റ്റൈലിസ്റ്റായ ജെ റോയ് ഹെലൻഡിനും മെറിൽ സ്‌ട്രീപ്പ് വേദിയിൽ നന്ദി പറഞ്ഞു. അതേസമയം "ഞങ്ങൾ സ്‌ത്രീകളെ നോക്കുന്ന രീതി നിങ്ങൾ മാറ്റി''യെന്ന് സ്‌ട്രീപ്പിന് അവാർഡ് സമ്മാനിച്ചുകൊണ്ട് ജൂലിയറ്റ് ബിനോഷ് പറഞ്ഞു.
ALSO READ:77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെത്തുന്ന ഇന്ത്യൻ താരങ്ങൾ ആരൊക്കെ ? ; മാറ്റുരയ്ക്കുന്ന സിനിമകൾ ഏതൊക്കെ ?