ഒട്ടനവധി അന്താരാഷ്ട്ര - ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ 'ബിരിയാണി'ക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകൻ സജിൻ ബാബു എത്തുന്നു. 'തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി' എന്നാണ് സജിൻ ബാബുവിന്റെ പുതിയ ചിത്രത്തിന്റെ പേര്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
റിമ കല്ലിങ്കലാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. വേറിട്ട ലുക്കിലുള്ള റിമയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
അഞ്ജന - വാർസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും വി എ ശ്രീകുമാറും ചേർന്നാണ് 'തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി' സിനിമയുടെ നിർമാണം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിച്ച 'തെക്ക് വടക്ക്' ചിത്രത്തിന് ശേഷം ഈ പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന സിനിമയാണിത്. ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് യാഥാർഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയമെന്ന് സംവിധായകൻ സജിൻ ബാബു പറയുന്നു.
വൈറൽ യുഗത്തിന്റെ കഥയാണിതെന്നും തിയേറ്ററുകളിലൂടെ ചിത്രം ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹമെന്നും നിർമാതാവ് അഞ്ജന ഫിലിപ്പ് വ്യക്തമാക്കി. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണമെന്നും അവർ കൂട്ടിച്ചേർത്തു. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് ഈ സിനിമയെന്ന് സഹനിർമാതാവ് വി എ ശ്രീകുമാറും പറയുന്നു.