മലയാളികൾക്ക് മാത്രമല്ല കേരളത്തിന് പുറത്തും ആർദ്ര സാജൻ എന്ന ബീറ്റ് ബോക്‌സര്‍ കലാകാരി സുപരിചിതയാണ്. ഇന്ത്യയിലെ ആദ്യ വനിത ബീറ്റ് ബോക്‌സറാണ് ആർദ്ര സാജന്‍. സ്വന്തം കണ്‌ഠനാളങ്ങൾ കൊണ്ട് ഇലക്ട്രോണിക് വാദ്യോപകരണങ്ങളുടെ റോക്ക് രീതിയിലുള്ള ശബ്‌ദം സംഗീതാത്‌മകമായി പുറപ്പെടുവിക്കുന്നതിനെയാണ് ബീറ്റ് ബോക്‌സിംഗ് എന്ന് പറയുന്നത്.
കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ ആർദ്ര ബീറ്റ് ബോക്‌സിംഗ് പെർഫോം ചെയ്‌തിട്ടുണ്ട്. ബീറ്റ് ബോക്‌സിംഗ് മേഖലയിൽ സജീവമായി നിൽക്കുമ്പോൾ തന്നെ വിഷ്വൽ മീഡിയ ബിസിനസ്സിലേയ്‌ക്കും ആർദ്ര ചുവടുവച്ചു. അതോടൊപ്പം അഭിനയ മേഖലയിലും സജീവമാകാനുള്ള ശ്രമത്തിലാണിപ്പോള്‍ ആര്‍ദ്ര. തന്‍റെ ബീറ്റ് ബോക്‌സിംഗ് വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുയാണ് ആര്‍ദ്ര സാജന്‍.
"ബീറ്റ് ബോക്‌സിംഗ് എന്ന കലാരൂപം അവതരിപ്പിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷങ്ങൾ പൂര്‍ത്തിയായി. ചെറുപ്പകാലം മുതൽ മിമിക്രിയോടായിരുന്നു താല്‍പ്പര്യം. ക്ലാസില്‍ ഒരു പെൺകുട്ടി മിമിക്രി അവതരിപ്പിക്കുമ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. ആദ്യമൊക്കെ രാഷ്ട്രീയക്കാരെ അനുകരിക്കുന്നതിനോടായിരുന്നു താല്‍പ്പര്യം. പിന്നീട് സിനിമ താരങ്ങളെ അവതരിപ്പിച്ചു.
കോളേജ് കലോത്സവ വേദികളിൽ മിമിക്രിയിൽ താരമായി. അങ്ങനെയാണ് ഫ്ലവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം പരിപാടിയിൽ പങ്കെടുക്കാനായി ആഗ്രഹം തോന്നുന്നത്. മറ്റൊന്നും ചിന്തിച്ചില്ല, അപേക്ഷ അയച്ചു. സ്വദേശമായ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്‌ക്ക് ട്രെയിൻ കയറി. പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ ഓഡീഷൻ അറ്റൻഡ് ചെയ്യണമായിരുന്നു.
ഓഡിഷൻ നന്നായി ചെയ്‌തു എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. എന്നാൽ പരിപാടിയുടെ ഗ്രൂമേഴ്‌സിന് എന്‍റെ പ്രകടനങ്ങൾ അത്ര മികച്ചതായി തോന്നിയില്ല. എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്‌തിട്ട് വരാന്‍ അവര്‍ എന്നോട് പറഞ്ഞു. ജീവിതത്തിൽ ആദ്യമായി വളരെയധികം നിരാശപ്പെട്ട ദിവസമായിരുന്നു അത്." -ആർദ്ര സാജന്‍ പറഞ്ഞു.
ഓഡിഷന്‍ സംഭവത്തിന് ശേഷം മിമിക്രിയിൽ വ്യത്യസ്‌തമായി എന്ത് ചെയ്യാമെന്ന് ചിന്തിച്ച് തുടങ്ങിയെന്നും ആര്‍ദ്ര പറയുന്നു. ബീറ്റ് ബോക്‌സിംഗിലെ ഗുരുവിനെ കുറിച്ചും ആര്‍ദ്ര പറഞ്ഞു.
"എന്ത് വിലകൊടുത്തും ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിൽ പങ്കെടുക്കണം, പ്രകടനം കാഴ്‌ച്ചവയ്‌ക്കണം. അങ്ങനെയാണ് വിദേശ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ബീറ്റ് ബോക്‌സിംഗ് എന്ന കലാരൂപത്തെ കുറിച്ച് മനസ്സിലാക്കുന്നത്. ബീറ്റ് ബോക്‌സിംഗിലെ ഗുരു യൂട്യൂബ് ആണെന്ന് വേണമെങ്കിൽ പറയാം.
തുടർന്ന് നിരന്തരമായ പരിശീലനത്തിലൂടെ ബീറ്റ് ബോക്‌സിംഗ് സ്വായത്തമാക്കി. ബീറ്റ് ബോക്‌സിംഗ് ചെയ്യുന്ന ഒരു വീഡിയോ സ്വന്തമായി റെക്കോർഡ് ചെയ്‌ത് കോമഡി ഉത്സവത്തിന്‍റെ ഗ്രൂമേഴ്‌സിന് അയച്ചുകൊടുത്തു. അതോടെ തലവര മാറി. ആദ്യ വേദി കോമഡി ഉത്സവമായിരുന്നു. പിന്നീട് നിരവധി മലയാളം ടെലിവിഷൻ ചാനലുകളിൽ ബീറ്റ് ബോക്‌സിംഗ് അവതരിപ്പിക്കാനുള്ള അവസരങ്ങൾ തുടർച്ചയായി ലഭിച്ചു."-ആർദ്ര സാജന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പൊതുവേദിയിൽ ക്യാമറയുടെ അകമ്പടിയില്ലാതെ പരിപാടി അവതരിപ്പിച്ചതിനെ കുറിച്ചും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ പരിപാടി അവതരിപ്പിച്ചതിനെ കുറിച്ചും ആര്‍ദ്ര സംസാരിച്ചു.
"ബീറ്റ് ബോക്‌സിംഗില്‍ എന്‍റെ പേര് പ്രശസ്‌തമായപ്പോൾ പല മാധ്യമങ്ങളും എന്നെക്കുറിച്ച് വിശദമായി ആർട്ടിക്കിൾ എഴുതിയിരുന്നു. ഇതൊക്കെ കണ്ടിട്ടാണ് ആദ്യമായി ഒരു സ്‌റ്റേജിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്. അതും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ. എന്നെക്കുറിച്ച് അറിഞ്ഞിട്ട് ഒരു പൊലീസുകാരൻ എന്നെ വിളിച്ച് ആവശ്യം പറഞ്ഞു.
ആദ്യം പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനായിരുന്നു. പിന്നീട് ഇതൊക്കെയാണല്ലോ ഒരു എക്‌സ്‌പീരിയൻസ് എന്ന് ചിന്തിച്ചപ്പോൾ അവസരം നഷ്‌ടപ്പെടുത്തേണ്ടെന്ന് തോന്നി. ആദ്യമായി മുഖാമുഖം നിന്ന് പരിപാടി അവതരിപ്പിക്കുന്നത് കൊലപാതകികളും പീഡനക്കേസ് പ്രതികളും മോഷ്‌ടാക്കളും അടങ്ങുന്ന ഒരു സംഘത്തിന്‍റെ മുന്നിൽ എന്നത് കൗതുകം ഉണർത്തുന്ന കാര്യമായിരുന്നു. സെൻട്രൽ ജയിലിലെ തടവുകാരായിരുന്നു എന്‍റെ ആദ്യ ലൈവ് സ്‌റ്റേജ് ഷോ പരിപാടിയുടെ ഓഡിയൻസ്."-ആർദ്ര പറഞ്ഞു.