മുംബൈ: നടൻ സെയ്‌ഫ് അലി ഖാനെ ആക്രമിച്ചത് ഇന്ത്യക്കാരൻ അല്ലെന്നും ബംഗ്ലാദേശ് സ്വദേശിയാണെന്നും മുംബൈ പൊലീസ്. 30കാരനെയാണ് അറസ്റ്റ് ചെയ്‌തതെന്നും മോഷണം നടത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സെയ്‌ഫിന്‍റെ വീട്ടില്‍ കയറിയതെന്നും മുംബൈ പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
'താനെയ്ക്ക് സമീപത്തു നിന്ന് അറസ്റ്റിലായ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾ ബംഗ്ലാദേശിയാണ്,' എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിലേക്ക് കടന്ന ശേഷം മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദ് എന്ന പേര് വിജയ് ദാസ് എന്നാക്കി മാറ്റുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്‌താണ് പ്രതിയെ പിടികൂടിയത്.
ഹിരാനന്ദാനി തൊഴിലാളി ക്യാമ്പിന് സമീപത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ് തുടങ്ങി നിരവധി പേരുകളില്‍ പ്രതി അറിയപ്പെട്ടിരുന്നുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.