സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കേസില്‍ പ്രതിയാക്കി അറസ്‌റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. 1,70,000 രൂപയാണ് ആവശ്യപ്പെട്ടത്. പണം പിന്‍വലിക്കാനായി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു സംവിധായകന്‍.
ഒരാഴ്ച്ച മുന്‍പാണ് ജെറി അമല്‍ദേവിനെ അപരിചിതനായ ഒരാൾ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഫോൺ ചെയ്യുന്നത്. ഇയാള്‍ ജെറി അമല്‍ദേവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയിട്ടുണ്ടെന്ന് പറയുകയും കേസില്‍ പ്രതിയാക്കി അറസ്‌റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വിശ്വാസ്യതയ്ക്കായി സുപ്രീംകോടതിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും മുദ്രയുള്ള ചില പേപ്പറുകള്‍ കാണിക്കുകയും ചെയ്‌തു.
അറസ്‌റ്റ് ഒഴിവാക്കാനായി 1,70,000 രൂപ അയച്ചു നല്‍കണമെന്നും ഈ വിവരം മറ്റാരോടും പയയരുതെന്നും നിര്‍ദേശിച്ച് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായും ജെറി അമൽദേവ് പറഞ്ഞു. പണം പിന്‍വലിക്കാനായി ബാങ്കിലെത്തിയപ്പോൾ ബാങ്ക് മാനേജര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയും പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്‌തു. പണം നഷ്‌ടപ്പെട്ടില്ലെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് ജെറി അമല്‍ദേവിന്‍റെ തീരുമാനം.
അതേസമയം വർധിച്ച് വരുന്ന ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്‍റെ നിർദ്ദേശം. വ്യത്യസ്‌തമായ തന്ത്രങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. 5,000 മുതൽ 10,000 രൂപ വരെയുള്ള ലോണുകൾക്ക് വേണ്ടിയാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്.
ആദ്യം തട്ടിപ്പ് സംഘം ചെയ്യുന്നത്, ഒരു ആപ്പോ, ലിങ്കോ അയച്ചു നൽകും. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്റ്റ്സ് കവരുകയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗ്യാലറി, മെസേജ് ഇവയും സ്വന്തമാക്കും. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവയാണ് ആവശ്യപ്പെടുന്നത്. ഇത് ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതുപോലെ ലോണിന് വേണ്ടി പാൻ കാർഡ് നൽകി അതുപയോഗിച്ച് കോടികളുടെ ജിഎസ്‌ടി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലയിൽ കേസുണ്ട്.