മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ടോട്ടൽ ബിസിനസ് പുറത്ത്. ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ് കളക്ഷനാണ് ഇതിനകം ചിത്രം നേടിയിട്ടുള്ളത്. പുത്തൻ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം മാർച്ച് 8ന് നെറ്റ്ഫ്ലിക്സിലെത്തും. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ഒടിടി സ്ട്രീമിംഗ്.
ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസോടയാണ് ഏറ്റെടുത്തത്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെയും സിനിമാപ്രേമികൾ ചേർത്തുവെച്ചത്.
കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ക്ക് പിന്നാലെയുള്ള എസ്.ഐ ആനന്ദിന്റേയും സംഘത്തിന്റേയും ആവേശം ജനിപ്പിക്കുന്ന അന്വേഷണം ജനങ്ങള്‍ ഏറ്റെടുത്തിന് തെളിവാണ് ഇപ്പോഴും സിനിമയ്ക്ക് തിയേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക്. ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഡാർവിൻ കുര്യാക്കോസാണ്. നവാഗത സംവിധായകൻ ആയിട്ടുകൂടി തികഞ്ഞ കൈയ്യടക്കത്തോടെയാണ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ചിത്രം ഒരുക്കിയിരിക്കുന്നത്.