ഹൈദരാബാദ്:പുഷ്‌പ 2 സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍ മോചിതനായ ശേഷം സ്വന്തം വസതിയെലത്തിയ അല്ലു അര്‍ജുനെ കണ്ട് വികാര നിര്‍ഭരയായി ഭാര്യ സ്‌നേഹ റെഡ്‌ഡി. അല്ലുവിനെ കണ്ടതോടെ നിറകണ്ണുകളോടെ ഓടി വന്ന് കെട്ടിപ്പിടിച്ചാണ് സ്നേഹ സന്തോഷം പ്രകടിപ്പിച്ചത്. ഇതിന്‍റെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്. സ്‌നേഹ അല്ലുവിനെ ആലിംഗനം ചെയ്യുന്നത് കണ്ട് മക്കളായ അയാനും അര്‍ഹയും സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം.
ശനിയാഴ്‌ച രാവിലെയാണ് അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്‍റെ പിന്നിലെ ഗേറ്റ് വഴിയാണ് താരത്തെ പുറത്തിറക്കിയത്. പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്‌ഡിയും അല്ലു അര്‍ജുനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ എത്തിയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്‍റെ ഓഫിസീലേക്കാണ് അല്ലു അര്‍ജുന്‍ ആദ്യം പോയത്. അവിടെ അല്‍പ്പ നേരം ചെലവഴിച്ചതിന് ശേഷമാണ് വസതിയേക്ക് തിരിച്ചത്. വീടിന് പുറത്ത് ഭാര്യ സ്‌നേഹ റെഡ്‌ഡിയും മക്കളും സഹോദരനും നടനുമായ അല്ലു സിരീഷും അല്ലു അര്‍ജുനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ജയില്‍ മോചിതനായ ശേഷം തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അല്ലു അര്‍ജുന്‍ നന്ദി അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും നടന്‍ പറഞ്ഞു. ആരാധകര്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ തനിക്ക് പിന്തുണയുമായെത്തി. അവര്‍ക്കെല്ലാം അല്ലു അര്‍ജുന്‍ നന്ദിയെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വേദനാജനകമാണ്. ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ആ കുടുംബത്തിന്‍റെ കൂടെ എപ്പോഴും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി.
വെള്ളിയാഴ്‌ച രാവിലെയാണ് തെലുഗാന പോലീസ് വീട്ടിലെത്തി താരത്തെ അറസ്‌റ്റു ചെയ്‌തത്. ഭാര്യയെ ആശ്വസിപ്പിച്ച് സ്‌നേഹ ചുംബനം നല്‍കിയാണ് അല്ലു പോലീസിനൊപ്പം പോയിരുന്നത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.