അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബഡേ മിയാൻ ചോട്ടെ മിയാൻ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകരിലേക്കെത്തുന്നു. അലി അബ്ബാസ് സഫർ രചനയും സംവിധാനവും നിർവഹിച്ച ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലർ നാളെ (മാർച്ച് 26) പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ നിർണായക വേഷത്തിലുണ്ട്.
പ്രതിനായകനായാകും പൃഥ്വിരാജ് 'ബഡേ മിയാൻ ചോട്ടെ മിയാൻ' സിനിമയിൽ പ്രത്യക്ഷപ്പെടുക. കബീർ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൊനാക്ഷി സിൻഹ, അലയ എഫ്, മാനുഷി ചില്ലർ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം 'ബഡേ മിയാൻ ചോട്ടെ മിയാൻ' സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചാണ് നിർമാതാക്കൾ ട്രെയിലർ റിലീസ് തീയതി പുറത്തുവിട്ടത്. തകർന്ന കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ തോക്കുമായി നിൽക്കുന്ന അക്ഷയ്, ടൈഗർ, അലയ, മാനുഷി എന്നിവരാണ് പോസ്റ്ററിൽ. "ലോകം അവസാനിക്കാൻ പോകുന്നു, നമ്മുടെ ഹീറോസ് ഉയിർത്തെഴുന്നേൽക്കും', എന്നും പോസ്റ്ററിൽ എഴുതിയിരിക്കുന്നത് കാണാം. ഏതായാലും തകർപ്പൻ ആക്ഷൻ ചിത്രം തന്നെയാകും 'ബഡേ മിയാൻ ചോട്ടെ മിയാൻ' എന്നാണ് ആരാധകരുടെ പ്രതീക്ഷ.