ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള സിനിമയിലെ പ്രമുഖർക്കെതിരെ തുടരെത്തുടരെ ഉണ്ടായ ലൈംഗിക ആരോപണങ്ങള്‍ പ്രേക്ഷകർക്ക് സിനിമകളോടുള്ള സമീപനത്തിൽ നെഗറ്റീവ് ചിന്താഗതി സൃഷ്‌ടിച്ചുവെന്ന് നടി സുരഭി ലക്ഷ്‌മി.
ഹേമ കമ്മിറ്റിയുമായി ഉണ്ടായ സംഭവങ്ങൾ അരങ്ങേറുന്ന സമയത്ത് നിരവധി നല്ല സിനിമകൾ തിയേറ്ററില്‍ പ്രേക്ഷക പിന്തുണ ലഭിക്കാതെ തിരസ്‌ക്കരിക്കപ്പെട്ടു. എന്നാൽ മികച്ച തിയേറ്റര്‍ എക്‌സ്‌പീരിയന്‍സ് തരുന്ന ചിത്രങ്ങൾ ജനങ്ങളുടെ പെട്ടെന്നുണ്ടായ മനോഭാവത്തെ മാറ്റിയെടുക്കാനും സഹായിച്ചിട്ടുണ്ടെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.
'അജയന്‍റെ രണ്ടാം മോഷണം', 'കിഷ്‌കിന്ധാ കാണ്ഡം' തുടങ്ങിയ ചിത്രങ്ങളുടെ വലിയ വിജയം ഉണ്ടായിരിക്കുന്ന പേരുദോഷങ്ങളെ ഒരു പരിധിവരെ പ്രേക്ഷക മനസില്‍ നിന്ന് മറയ്ക്കാൻ സഹായകരമായിട്ടുണ്ട്. അതേ സമയം നല്ല ചിത്രങ്ങൾ കുറ്റകൃത്യങ്ങളെ വെള്ളപൂശുന്നു എന്ന് അർഥമാക്കരുതെന്നും സുരഭി അഭിപ്രായപ്പെട്ടു.
പ്രതികരിക്കുന്നതല്ല വാര്‍ത്തകളാവുന്നത്
വ്യക്തികളിൽ അധിഷ്‌ഠിതമായ കാര്യങ്ങൾ മൊത്തം ഇൻഡസ്ട്രിയെ ബാധിക്കുന്ന തരത്തിൽ ചർച്ചചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല. കിട്ടിയ അവസരം മുതലാക്കുകയായിരുന്നു ഇവിടത്തെ മാധ്യമങ്ങൾ. ടിആർപി എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മാധ്യമങ്ങളുടെ മനസില്‍. എന്നാൽ മാധ്യമങ്ങളുടെ സമീപനത്തെ ഒരു പരിധിവരെ കുറ്റം പറയാനും സാധിക്കില്ല.
ജനങ്ങൾക്ക് ഇതൊക്കെ കാണാനും കേൾക്കാനും ഇഷ്‌ടമുള്ള തരത്തിൽ ആകുമല്ലോ അവർ ഈ വിഷയങ്ങളെ അവതരിപ്പിക്കുക. ആരോപണ വിഷയങ്ങളെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും ഇ ടിവി ഭാരത് എന്ന മാധ്യമത്തോട് താൻ പ്രതികരിക്കുന്ന കാര്യങ്ങൾ ഒരുപക്ഷേ മറ്റു മാധ്യമങ്ങൾ ഏറ്റെടുത്ത് വാർത്തയാക്കിയാൽ ഏത് രീതിയിലാകും തലക്കെട്ടുകൾ മാറുക എന്ന് എനിക്കറിയില്ല.
പലപ്പോഴും പ്രതികരിക്കുന്ന രീതിയിൽ ആകില്ല വാർത്തകൾ വരുക. താൻ പ്രസ്‌താവന നൽകുന്ന മാധ്യമം വാർത്ത ശരിയായി അച്ചടിച്ചാലും ആ വാർത്ത ഏറ്റെടുക്കുന്ന മറ്റു മാധ്യമങ്ങൾ തന്‍റെ പ്രസ്‌താവനകളെ മറ്റു പലരീതിയിലും വളച്ചൊടിക്കും. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിൽ വിശദമായ അഭിപ്രായ പ്രകടനം നടത്താൻ ആഗ്രഹിക്കുന്നില്ല എന്ന് സുരഭി പറഞ്ഞു.
അനുഭവിച്ച പല വിഷയങ്ങളും ഹേമ കമ്മിറ്റിയിൽ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു
തന്‍റെ അനുഭവങ്ങൾ തനിക്കു നേരിട്ട് പ്രശ്‌നങ്ങളൊക്കെ തുറന്നു പറയുന്നതിനോട് ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ പൊതുവായി ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനോട് താല്‌പര്യ കുറവുണ്ട്.
താൻ ഈ മേഖലയിൽ നിന്ന് അനുഭവിച്ച പല വിഷയങ്ങളും ഹേമ കമ്മിറ്റിയിൽ ഒക്കെ ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങൾ ആയിരുന്നു. ഇത്തരം കോലാഹലങ്ങൾ ഒക്കെ ആരംഭിക്കുന്നതിനു മുന്നേ തന്നെ വ്യക്തമായി പലപ്പോഴായി അതൊക്കെ തുറന്നു പറഞ്ഞിട്ടുമുണ്ട്. 20 വർഷം മുൻപ് അത് സംഭവിച്ചു ഇത് സംഭവിച്ചു എന്നൊന്നും പറയുന്നതിനോടും ആരോപിക്കുന്നതിനോടും ഒരിക്കലും യോജിക്കാൻ ആകില്ല.
Surabhi Lakshmi (ETV Bharat) എന്തായാലും അടുത്തിടെ ഉണ്ടായ ആരോപണങ്ങൾ മൊത്തം സിനിമ മേഖലയെ ബാധിച്ചിട്ടുണ്ട്. സിനിമകളെ ബാധിച്ചിട്ടുണ്ട്. പക്ഷേ നല്ല സിനിമകൾക്ക് പ്രേക്ഷക മനസില്‍ ഉണ്ടായ മുറിവുകളെ വ്രണപ്പെടാതെ സംരക്ഷിക്കാനാകും. കേരളത്തിന് പുറത്ത് 'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന് ഷോകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മലബാർ മേഖലയിലും പുതിയ റിലീസുകൾ ഉണ്ടായിട്ടും ചിത്രത്തിന് മികച്ച ബുക്കിംഗ് നേടാൻ സാധിക്കുന്നു. എല്ലാം ശരിയായി വരുന്നു എന്നതിനുള്ള സൂചനയാണിത്. സുരഭി ലക്ഷ്‌മി അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങള്‍ വേണം
ചില കാര്യങ്ങൾ കൂടി വ്യക്തമായി പറയേണ്ടത് ഉണ്ട്. അത് ലൊക്കേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെ പറ്റിയാണ്. ഒരു ഓഫീസ് ജോബ് പോലെ ഒരു സ്ഥലത്ത് മാത്രം കേന്ദ്രീകരിക്കുന്ന ഒരു മേഖലയല്ല സിനിമ. ഇന്നൊരു റെയിൽവേ സ്റ്റേഷനിലാണ് ചിത്രീകരണമെങ്കിൽ നാളെ ഒരു ചന്തയിൽ ആയിരിക്കും, മറ്റന്നാൾ അതൊരു ഹോസ്‌പിറ്റല്‍ അതല്ലെങ്കിൽ ഒരു ഫിലിം സ്‌റ്റുഡിയോ അങ്ങനെ ഓരോ ദിവസവും ജോലിസ്ഥലം മാറുന്ന ഒരു ഇടമാണ് സിനിമ. പഴയകാലത്ത് വസ്ത്രം മാറുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ഒക്കെ സൗകര്യങ്ങൾ ഒരുക്കാൻ എല്ലാ നിർമാതാക്കൾക്കും കഴിഞ്ഞിരുന്നില്ല. ഒരേ ഒരു ലഭ്യമായ കാരവനിൽ തുണി മറച്ചിട്ട് ഡ്രസ് മാറിയിട്ടുണ്ട്.
എന്നാൽ ഇപ്പോഴത്തെ ചിത്രങ്ങളിൽ അങ്ങനെയല്ല. ഞാനിപ്പോൾ അഭിനയിച്ച 'അജയന്‍റെ രണ്ടാം മോഷണം' റൈഫിൾ ക്ലബ്ബ് തുടങ്ങിയ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്‌റ്റുകൾക്ക് പോലും തുണി മാറുന്നതിനും മറ്റ് ആവശ്യങ്ങൾ നിർവഹിക്കുന്നതിനും പ്രത്യേക ഇടങ്ങൾ പ്രൊഡക്ഷൻ ഒരുക്കിയിരുന്നു. എന്നാൽ ഇതേകാലത്തും ചെറിയ ചിത്രങ്ങൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സാധിക്കില്ല. ഇപ്പോഴും തൊട്ടടുത്ത വീടുകളിൽ പോയി ആർട്ടിസ്‌റ്റുകള്‍ വസ്ത്രം മാറുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. സിനിമയുടെ ബജറ്റ് അതിനൊരു പ്രധാന ഘടകമാണ്. നമ്മുടെ ഇൻഡസ്ട്രി ചെറുതാണ്. ചെറിയ ചിത്രങ്ങൾക്ക് ഇത്രയും വലിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാൻ സാധിച്ചു എന്ന് വരില്ല.
പക്ഷെ എല്ലാത്തരം സിനിമകൾക്കും ഒരു പൊതു നിയമം സർക്കാർ അല്ലെങ്കിൽ സംഘടനകൾ കൊണ്ടുവരണം.
ചെറിയ സിനിമയാണെങ്കിലും വലിയ സിനിമയാണെങ്കിലും ചില കാര്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചില്ലെങ്കിൽ ചിത്രീകരണ അനുമതി നൽകാതിരിക്കുക. എത്ര ബഡ്‌ജറ്റ് ഇല്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് നിബന്ധന കൊണ്ടുവന്നേ മതിയാകൂ.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പലപ്പോഴും ഇത്തരം ചെറിയ ചിത്രങ്ങളുടെ സെറ്റുകളിൽ ജോലി ചെയ്യുമ്പോൾ ജൂനിയർ ആർട്ടിസ്‌റ്റുകള്‍ ആയ സ്ത്രീകൾ പിരീഡ്‌സ് സമയങ്ങളിൽ ഷൂട്ടിംഗ് നടക്കുന്ന ലൊക്കേഷന്റെ തൊട്ടടുത്തുള്ള വീടുകളിലേക്ക് ആവശ്യങ്ങൾ നിർവഹിക്കാനായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനോട് ചിലർക്കൊക്കെ വിയോജിപ്പുണ്ട്.
ജൂനിയർ ആർട്ടിസ്റ്റുകൾക്കും പ്രത്യേക സ്ഥാനമുണ്ട്
സിനിമയുടെ സുപ്രധാന തലത്തിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കും പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഒരു ഉത്സവം ഷൂട്ട് ചെയ്യണമെങ്കിൽ പ്രധാന ആർട്ടിസ്റ്റുകളെ മാത്രം വച്ച് സാധിക്കുമോ? അതുകൊണ്ടുതന്നെ ഒരു ആർട്ടിസ്റ്റിന് ലഭിക്കേണ്ട എല്ലാ പരിഗണനയും ജൂനിയർ ആർട്ടിസ്റ്റുകൾക്കും ലഭിക്കണം. ഒരു പൊതു നിയമം ഏത് രീതിയിൽ ഇമ്പ്ലിമെന്‍റ് ചെയ്യണമെന്ന് വിശദീകരിക്കാനുള്ള അറിവില്ല. പക്ഷേ ആശയത്തിലും ചിന്തയിലും വ്യക്തതയുണ്ട്.
പറയുന്ന വസ്‌തുതകളെ വളച്ചൊടിക്കുന്നു
പ്രസ്‌തുത വിഷയങ്ങളെക്കുറിച്ച് പലപ്പോഴും തങ്ങളെപ്പോലുള്ളവർ പറയുന്നത് മുഴുവനായി ഉൾക്കൊള്ളാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നില്ല. എന്തെങ്കിലും കേട്ട് എന്തെങ്കിലും എഴുതുകയാണ്. അതുകൊണ്ടൊക്കെ തന്നെയാണ് ഭൂരിഭാഗം ആർട്ടിസ്റ്റുകളും ഇത്തരം വിഷയങ്ങളിൽ മറുപടി പറയാൻ മടിക്കുന്നത്. ഒന്നും മിണ്ടാതെ ഇരുന്നാൽ അത്രയും സമാധാനം. എന്തെങ്കിലും ഒന്ന് പ്രതികരിച്ചാൽ പിന്നെ അയാൾ തലകുനിക്കേണ്ട അവസ്ഥയിലാകും.
പറയുന്ന വസ്‌തുതകളെ വളച്ചൊടിക്കും എന്ന ഭയത്തിലാണ് പലരും ഇവിടെ നിശബ്‌ദത പാലിക്കുന്നത്.
Also Read:'ഞാന്‍ വാപ്പയുടെ രണ്ടാം വിവാഹത്തിന് പോയത് പലര്‍ക്കും ഇഷ്‌ടക്കേടുണ്ടാക്കി'; അനാര്‍ക്കലി മരിക്കാര്‍