ബ്ലെസി - പൃഥ്വിരാജ് സുകുമാരൻ - ബെന്യാമിൻ കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' സിനിമയുടെ റിലീസ് അടുക്കുകയാണ്. ഇപ്പോഴിതാ ഈ സിനിമയിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ഓഡിയോ ലോഞ്ച് മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച 'പെരിയോനെ റഹ്മാനെ' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഇന്ത്യൻ സംഗീത ഇതിഹാസം എ ആർ റഹ്‌മാൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജ് ആണ്. റഫീക്ക് അഹമ്മദ് ആണ് ഗാനരചന. മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ് ഗാനം.
മരുഭൂമിയുടെ ചൂടും ചൂരും നജീബിന്‍റെ ജീവിത യാഥാർഥ്യങ്ങളും പകർത്തുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. വിഷ്വൽ റൊമാൻസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ചുരുങ്ങിയ സമയംകൊണ്ടുതന്നെ 4.6 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.
സിനിമയിലെ ഏതാനും സീനുകൾ മാത്രമാണ് ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധായകൻ റഹ്‌മാനെയും പാട്ടിൽ കാണാം. നജീബിന്‍റെ ജീവിതത്തിലൂടെയുള്ള റഹ്‌മാന്‍റെ സഞ്ചാരം കൂടിയാണ് ഈ ഗാനം. പാട്ടിന്‍റെ അവസാനഭാഗത്ത് ഗാനരചയിതാവ് റഫീക്ക് അഹമ്മദിനെയും കാണാം.
മാര്‍ച്ച് 28നാണ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ആടുജീവിതം' തിയേറ്ററുകളില്‍ എത്തുക. ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന അതിപ്രശസ്‌തമായ നോവലിനെ ആസ്‌പദമാക്കിയാണ് സംവിധായകൻ ബ്ലെസി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നജീബ് എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് 'ആടുജീവിത'ത്തിൽ അവതരിപ്പിക്കുന്നത്. നജീബായുള്ള താരത്തിന്‍റെ മേക്കോവറുകൾ കയ്യടി നേടിയിരുന്നു.
അമല പോളാണ് നായിക. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ ഉണ്ട്.
റസൂൽ പൂക്കുട്ടിയാണ് ഈ സിനിമയുടെ ശബ്‌ദമിശ്രണം നിർവഹിച്ചിരിക്കുന്നത്. ജോർദാനിലാണ് 'ആടുജീവിത'ത്തിന്‍റെ ഭൂരിഭാഗവും ഷൂട്ട് ചെയ്‌തത്. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയായ 'ആടുജീവിതം' വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് എത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും 'ആടുജീവിതം' ആസ്വദിക്കാനാകും.
അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നത്. നടൻ മോഹൻലാൽ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സിനിമയിലെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും അർപ്പണബോധം അഭിനന്ദനാര്‍ഹമാണ് എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകൾ. അർത്ഥവത്തായ സിനിമകൾ സൃഷ്‌ടിക്കുന്നതിലുള്ള ബ്ലെസിയുടെ അഭിനിവേശത്തെ അഭിനന്ദിച്ച മോഹൻലാൽ ഇത്തരമൊരു ശ്രദ്ധേയമായ ചിത്രം നൽകിയതിന് അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.
ALSO READ:ഇന്ത്യന്‍ സിനിമയ്ക്ക് 'ആടുജീവിതം' നൽകിയതിന് നന്ദി; സംവിധായകന്‍ ബ്ലെസിക്ക് നന്ദിയറിയിച്ച് മോഹൻലാൽ