എറണാകുളം: ആടുജീവിതം എന്ന സിനിമയുടെ വിത്ത് മനസിലേക്ക് വീഴുമ്പോള്‍ ബ്ലെസി എന്ന സംവിധായകന്‍റെ മുടിയും താടിയുമെല്ലാം നല്ല കറുത്ത നിറമായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം അതൊരു യാഥാര്‍ഥ്യത്തിലേക്കെത്തിയപ്പോള്‍ ബ്ലെസിയുടെ മുടി നന്നായി നരച്ചു, താടിയും മീശയും തൂവെള്ള നിറമായി. 'ഒരു പുരുഷായുസിന്‍റെ കഠിനാധ്വാന ഫലപ്രാപ്‌തിയുടെ പ്രതിരൂപം'- ആടുജീവിതം സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വച്ച് ബ്ലെസിയുടെ ഈ രൂപം കണ്ട വിഖ്യാത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍റെ വിശേഷണമാണിത്.
സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാൻ (ETV Bharat) വിക്രമിനായി തുടങ്ങി, പൃഥ്വിരാജിലെത്തി:
2008ലാണ് പ്രവാസ ജീവിതത്തിന്‍റെ ചതിക്കുഴികളും മണലാരണ്യങ്ങളിലെ ഇന്ത്യക്കാരുടെ അടിമ ജീവിതവും പ്രമേയമാക്കി ബെന്യാമിന്‍ എഴുതിയ സൂപ്പര്‍ഹിറ്റ് നോവലായ ആടുജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് ബ്ലെസി സജീവമായി ആലോചിച്ചു തുടങ്ങുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമായിരുന്നു അപ്പോള്‍ മനസില്‍ നായക സ്ഥാനത്തുണ്ടായിരുന്നത്. തന്‍റെ ആദ്യ ചിത്രമായ കാഴ്‌ചയില്‍ നായകനായി വിക്രമിനെ നിശ്ചയിക്കുകയും അത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ മുന്നോട്ടു പോകുകയും ചെയ്‌തതിന് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കുന്ന തരത്തിലുള്ള ട്വിസ്റ്റ് സംഭവിക്കുന്നത്.
നടൻ പൃഥ്വിരാജ് (ETV Bharat) വിക്രം സിനിമയുടെ ഭാഗമായില്ലെങ്കിലും അന്ന് തുടങ്ങി അദ്ദേഹവുമായി ബ്ലെസിയുടെ ദൃഢമായ ആത്മബന്ധം. വിക്രമിനെ നായകനാക്കിയുള്ള ഒരു ചിത്രം എന്ന മോഹം ഉള്ളിലടക്കി മുന്നോട്ടു പോകുന്നതിനിടെയാണ് ആടുജീവിതം സിനിമയാക്കുന്നത് ഗൗരവമായി മനസിലെത്തുന്നത്. നായക സ്ഥാനത്ത് വീണ്ടും വിക്രമിനെ കണ്ടുകൊണ്ടാണ് ആദ്യം അദ്ദേഹം കാര്യങ്ങള്‍ മുന്നോട്ടുനീക്കിയത്.
2013ല്‍ ശ്വേത മോനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്‌ത 'കളിമണ്ണ്' എന്ന ചിത്രത്തിന് ശേഷം ഊണിലും ഉറക്കത്തിലുമെല്ലാം ബ്ലെസിയുടെ മനസിലേക്ക് ആടുജീവിതം കയറിക്കൂടി. ചിത്രത്തില്‍ അഭിനയിക്കാനുള്ള ബുദ്ധിമുട്ടുകള്‍ വിക്രം അറിയിച്ചതോടെ അതൊരു പൃഥ്വിരാജ് ചിത്രമാക്കി ബ്ലെസി പരുവപ്പെടുത്തി. പിന്നെയും 13 വര്‍ഷമെടുത്തു ചിത്രീകരണമാരംഭിക്കാന്‍.
നായകനായ പൃഥ്വിരാജിനെ നോവലിലെ നായകനായ നജീബിലേക്ക് പരകായ പ്രവേശം ചെയ്യിപ്പിക്കുക എന്നത് പെട്ടെന്ന് സാധ്യമാകുന്ന ഒന്നായിരുന്നില്ല. വര്‍ഷങ്ങളെടുത്താണ് പൃഥ്വിരാജ് തന്‍റെ ശരീരത്തെ അതിനായി ഒരുക്കിയെടുത്തത്. ചിത്രീകരണമാരംഭിക്കുന്നത് വൈകാനുള്ള കാരണങ്ങളിലൊന്ന് അതായിരുന്നു.
ലൊക്കേഷന്‍ കണ്ടെത്താന്‍ ദീര്‍ഘമായ അലച്ചില്‍: ഗള്‍ഫിലെ മണലാരണ്യങ്ങള്‍ക്കനുയോജ്യമായ ലൊക്കേഷന്‍ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. ഒടുവില്‍ രാജസ്ഥാന്‍ മരുഭൂമിയില്‍ ലൊക്കേഷന്‍ കണ്ടെത്തി. അപ്പോഴാണ് അടുത്ത പ്രശ്‌നം. ഗള്‍ഫിലെ ആടുകള്‍ക്കനുയോജ്യമായ ആടുകള്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. സൗദി അറേബ്യയില്‍ നിന്ന് ആടുകളെ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് നിബന്ധകള്‍ കുത്തി നിറച്ചതോടെ നൂലാമാലകളില്‍ കുരുങ്ങി സൗദിയില്‍ നിന്നുള്ള ആട് ഇറക്കുമതി തടസപ്പെട്ടു.
ഇതോടെ ലൊക്കേഷന്‍ ഗള്‍ഫിലേക്ക് മാറ്റാനുള്ള ആലോചനയായി. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങി അഞ്ചോളം ഗള്‍ഫ് രാജ്യങ്ങളില്‍ ലൊക്കേഷനായി അലഞ്ഞു. അവസാനം ജോര്‍ദ്ദാനിലെ വാദിറാം എന്ന സ്ഥലത്ത് ലൊക്കേഷന്‍ കണ്ടെത്തി. അവിടുത്തെ ചുവന്ന മണ്ണും പാറക്കെട്ടുകളും തന്‍റെ സങ്കല്‍പ്പവുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്നതായി ബ്ലെസിക്ക് തോന്നി.
വില്ലനായി കൊവിഡ്:
ചിത്രീകരണം ആരംഭിച്ച് ദിവസങ്ങളേ ആയുള്ളൂ. അതാ വരുന്നു കൊവിഡ് ലോക്‌ഡൗണ്‍. നടി നടന്‍മാരും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള മുഴുവന്‍ ക്രൂ മെമ്പേഴ്‌സും ജോര്‍ദ്ദാന്‍ മരുഭൂമിയില്‍ കുടുങ്ങി. ടെന്‍റുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ദിവസങ്ങളോളം അവിടെ കഴിച്ചു കൂട്ടിയതോടെ സാങ്കേതിക പ്രവര്‍ത്തകരുള്‍പ്പെടെയുള്ള സിനിമ പ്രവര്‍ത്തകരുടെ മനോനില തകരാറിലാക്കിയെന്ന് ബ്ലെസിക്ക് മനസിലായി.
അതിലും വലിയ വെല്ലുവിളി ചിത്രീകരണത്തിനായി ശരീരഭാരം കുറച്ച പൃഥ്വിരാജിന്‍റെ ശരീരഭാരം കൂടാതെ നോക്കുക എന്നതായിരുന്നു. മാനസികനില തകരാറിലായവരെ സാധാരണ നിലയിലെത്തിക്കാന്‍ സംവിധായകന്‍ മുന്നിട്ടിറങ്ങി. ക്യാമ്പില്‍ അവര്‍ക്കായി നാട്ടിലെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. അങ്ങനെ വിഷുവും ഈസ്റ്ററുമെല്ലാം ക്യാമ്പില്‍ ഗംഭീരമാക്കി. ക്യാമ്പില്‍ അംഗങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് മാച്ച് പതിവാക്കി. അങ്ങനെ ജോര്‍ദ്ദാനില്‍ നിന്നു കൊണ്ടു തന്നെ കൊവിഡിനെ മറികടന്നാണ് ലോക്‌ഡൗണിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുന്നത്.
പൂര്‍ണതയ്‌ക്ക് വേണ്ടി വിട്ടു വീഴ്‌ചകളില്ലാതെ:
ചിത്രീകരണ വേളയിലുടനീളം ആടുകളുമൊത്തായിരുന്നു ബ്ലെസിയുടെ സഹവാസം. അങ്ങനെ ആടുകളുമായി വല്ലാത്തൊരു ഇഴയടുപ്പം. അതിനിടയിലാണ് കൂട്ടത്തിലുള്ള ഒരു കുഞ്ഞാട് ബ്ലെസിയുമായി ഇണങ്ങുന്നത്. സ്വന്തം കുഞ്ഞിനോടെന്നപോലെ വാത്സല്യം ബ്ലെസി തിരിച്ച് കുഞ്ഞാടിനോടും കാട്ടി. ഒരു ദിവസം അപ്രതീക്ഷതമായി കുഞ്ഞാടിന്‍റെ ജീവന്‍ പൊലിഞ്ഞു. ഇതറിഞ്ഞ് സെറ്റിലിരുന്ന് ഏങ്ങിക്കരയുന്ന സംവിധായകനിലെ മനുഷ്യനെപ്പറ്റി പുറത്തു പറഞ്ഞത് ചിത്രത്തിലെ നായകനായ പൃഥ്വിരാജാണ്.
തന്‍റെ സങ്കല്‍പ്പത്തിനനുസരിച്ച് ഒരു സൂര്യോദയത്തിന്‍റെ പൂര്‍ണതയ്ക്കായി ബ്ലെസി കാത്തിരുന്നത് രണ്ടു ദിവസമാണ്. ഒളിച്ചോട്ടത്തിന് മുമ്പ് നജീബ് വിട പറഞ്ഞിറങ്ങുമ്പോള്‍ അവിടെയുള്ള ആടുകളോട് യാത്ര ചോദിക്കുന്ന രംഗം ചീത്രീകരിക്കാന്‍ ദിവസങ്ങളോളമെടുത്തു. സിനിമയില്‍ മണല്‍ക്കാറ്റടിക്കുന്ന രംഗം കൃത്രിമമായി ചിത്രീകരിക്കാമെന്ന് സാങ്കേതിക വിദഗ്‌ദര്‍ പറഞ്ഞെങ്കിലും അത് യഥാര്‍ഥത്തിലുള്ളത് തന്നെയായിരിക്കണമെന്ന് ബ്ലെസിക്ക് നിര്‍ബന്ധമായിരുന്നു.
മണൽക്കാറ്റടിച്ചു ക്യാമറ കേടാകുന്നെങ്കില്‍ പകരം പുതിയത് വാങ്ങി നല്‍കാമെന്ന സംവിധായകന്‍റെ ഉറപ്പിലാണ് ഛായാഗ്രാഹകന്‍ ക്യാമറ പുറത്തെടുത്തത്. മരുഭൂമിയിലെ പാമ്പുകളുടെ കാര്യത്തിലും കൃത്രിമ പാമ്പുകള്‍ക്ക് പകരം യഥാര്‍ഥ പാമ്പുകള്‍ തന്നെ വേണമെന്ന് ബ്ലെസി വാശി പിടിച്ചു. അത്രത്തോളം സിനിമയ്ക്ക് പൂര്‍ണത വേണമെന്ന ഒരു സംവിധായകന്‍റെ നിശ്ചയദാര്‍ഢ്യമാണ് പ്രേക്ഷകരില്‍ സിനിമ ഇത്രയധികം ഇടം പിടിച്ചത്. സിനിമയുടെ അവസാന രംഗം ചിത്രീകരിക്കാന്‍ ബ്ലെസി സെറ്റിലുണ്ടായിരുന്നില്ല. അദ്ദേഹത്തെ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കിയിരുന്നു. ബ്ലെസിയില്ലാതെയാണ് സിനിമയുടെ പാക്കപ്പ് അടിച്ചത്.
ഇങ്ങനെയൊരു സിനിമയ്ക്ക് ഇനി പൃഥ്വിരാജില്ല, അത്രയേറെ കഠിന പ്രയത്‌നം ചെയ്‌താണ് നജീബിലേക്കെത്തിയത്:
ഇങ്ങനെയൊരു സിനിമയെക്കുറിച്ച് തന്‍റെ സിനിമ ജീവിതത്തില്‍ ഇനി താന്‍ ചിന്തിക്കുന്നേയില്ലെന്ന് പറഞ്ഞത് നായകന്‍ പൃഥ്വിരാജ് തന്നെയാണ്. അത്രമാത്രം കഠിനമായ മുറകളിലൂടെയാണ് തന്‍റെ ശരീര ഭാരം ഓരോ ദിവസവും പൃഥ്വി ക്രമീകരിച്ചിരുന്നത്. ഇത്തരത്തില്‍ ശരീരഭാരം വല്ലാതെ കുറയ്ക്കുന്നത് മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഇത്രയും മേന്മയുള്ള കലാസൃഷ്‌ടിക്ക് വേണ്ടി അത്തരത്തിലൊരു റിസ്‌ക് അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു.
ആടുജീവിതത്തിലെ നജീബായി പൃഥ്വിരാജ് (ETV Bharat) ചിത്രീകരണം പുരോഗമിക്കുന്നതിനനുസരിച്ച് ഓരോ ദിവസവും ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ടായിരുന്നു. ഇത് അനാരോഗ്യത്തിന് കാരണമാകുമെന്ന് പലരും ചൂണ്ടിക്കാട്ടി. മൊത്തം ശരീരഭാരത്തിന്‍റെ മൂന്നിലൊന്ന് ഇത്തരത്തില്‍ ഈ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് കുറച്ചു എന്നറിയുമ്പോള്‍ അത്‌ഭുതപ്പെടാത്തവരായി ആരും ഉണ്ടാകില്ല.
തന്‍റെ ശരീരഭാരം തീര്‍ത്തും കുറഞ്ഞ സമയത്താണ് ഒരു ദിവസം അമ്മ മല്ലിക സുകുമാരന്‍റെ വീഡിയോ കോള്‍ വരുന്നത്. തന്‍റെ ശരീരത്തിന്‍റെ ആകൃതി കാണാതിരിക്കാനായി പലപ്പോഴും മൊബൈല്‍ മുഖത്തോട് ചേര്‍ത്തു പിടിച്ചു സംസാരിക്കുകയായിരുന്നു. നിന്നെയൊന്ന് കാണട്ടെയെന്ന് മല്ലിക സുകുമാരന്‍റെ ശാസനകളെ മറ്റ് കാര്യങ്ങള്‍ പറഞ്ഞു വിഷയം മാറ്റിയാണ് പൃഥ്വി മാനേജ് ചെയ്‌തിരുന്നത്.
Also Read: 'കഷ്‌ടപ്പാടിന് ഫലം ലഭിച്ചു'; പുരസ്‌കാരം ഹക്കീമിന് സമർപ്പിക്കുന്നുവെന്ന് കെ ആർ ഗോകുൽ
സിനിമയുടെ അവസാന രംഗത്ത് നായകന്‍ നഗ്നനായി പൈപ്പിന്‍ ചുവട്ടിലേക്കോടി കുളിക്കുന്ന രംഗമാണ്. ഇതിനായി മൂന്നു ദിവസം പട്ടിണി കിടന്നു. ചിത്രീകരണ ദിവസം നിര്‍ജലീകരണം വന്ന് ശരീരം ചുക്കി ചുളിയുന്നതിനായി തലേ ദിവസം വോഡ്‌ക കുടിച്ചു. അങ്ങേയറ്റം അവശനായ പൃഥ്വിയെ ഷൂട്ടിങ് ദിവസം വീല്‍ ചെയറിലാണ് ലൊക്കേഷനിലെത്തിച്ചത്. ഒറ്റ ഷോട്ടില്‍ രംഗം പൂര്‍ത്തിയായത് മാത്രമാണ് പൃഥ്വിരാജിന് ഓർമയുള്ളത്. ബോധം തെളിയുമ്പോള്‍ ജോര്‍ദ്ദാനിലെ ആശുപത്രിയിലായിരുന്നു. ചിത്രത്തിന്‍റെ പ്രിവ്യൂ സമയത്ത് ഈ രംഗം ഭാര്യക്കൊപ്പമിരുന്ന് കണ്ട അമ്മ പൊട്ടിക്കരയുകയായിരുന്നു.
യഥാര്‍ഥ നജീബിനെ അത്‌ഭുതപ്പെടുത്തിയ പൃഥ്വിരാജിലെ നജീബ്:
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും വരെ യഥാര്‍ഥ നജീബിനെ കാണരുതെന്ന നിര്‍ബന്ധം പൃഥ്വിരാജിനുണ്ടായിരുന്നു. യഥാര്‍ഥ നജീബിലെ ഏതെങ്കിലും അംഗവിക്ഷേപങ്ങള്‍ തന്നിലെ കഥാപാത്രത്തെ സ്വാധിനിച്ചേക്കാമെന്ന് പൃഥ്വിരാജ് ഭയപ്പെട്ടു. സിനിമയിലെ അവസാന രംഗവും ചിത്രീകരിച്ചു കഴിഞ്ഞ ശേഷമാണ് നജീബിനെ പൃഥ്വിരാജ് നേരില്‍ കാണുന്നത്. അവസരം ലഭിച്ചാല്‍ നജീബ് തന്‍റെ ദുരിതകാലം കഴിച്ചു കൂട്ടിയ മരുഭൂമിയിലേക്ക് ഒരിക്കല്‍ കൂടി പോകുമോ എന്നായിരുന്നു അപ്പോള്‍ പൃഥ്വിരാജിന്‍റെ ചോദ്യം.
ഒരിക്കലുമില്ലെന്നായിരുന്നു നജീബിന്‍റെ മറുപടി. തന്‍റെ മരുഭൂമിയിലെ ദുരിത ജീവിതം ഇത്രയും പൂര്‍ണതയോടെ പൃഥ്വിരാജിന് എങ്ങനെ പ്രതിഫലിപ്പിക്കാനായി എന്നത് നജീബിനെ അത്ഭുതപ്പെടുത്തി. തന്നെ തന്നെയാണ് താന്‍ പൃഥ്വിരാജിലൂടെ കാണുന്നതെന്ന നജീബിന്‍റെ ആ സര്‍ട്ടിഫിക്കറ്റാണ് ആടുജീവിതം എന്ന സിനിമയെ മറ്റ് അവാര്‍ഡുകള്‍ക്കെല്ലാം മുകളിലാക്കുന്നത്.
Also Read: 'ഞങ്ങൾ കൊടുത്തതിലും പത്തിരട്ടി നജീബിന് കൂട്ടത്തിലൊരാൾ നൽകി; ആടുജീവിതം 16 വർഷത്തെ കഠിനയാത്രയുടെ ഫലം'; ബ്ലെസി പറയുന്നു