കേരളം

kerala

ETV Bharat / education-and-career

സ്‌കൂളുകളില്‍ 'വാട്ടര്‍ ബെല്‍', കനക്കുന്ന ചൂടില്‍ വിദ്യാര്‍ഥികള്‍ക്ക് കരുതല്‍

ശരീരത്തിലെ ജലാംശം നഷ്‌ടമാകാന്‍ സാധ്യതയേറെ. വിദ്യാര്‍ഥികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്ന് ഉറപ്പാക്കാന്‍ പുതിയ പദ്ധതി. ഫെബ്രുവരി 20 മുതല്‍ നടപ്പിലാകും.

By ETV Bharat Kerala Team

Published : Feb 17, 2024, 11:58 AM IST

water breaks  water bell system in Kerala schools  water breaks in schools  വാട്ടര്‍ ബെല്‍ പദ്ധതി  കേരളത്തില്‍ ചൂട് കനക്കുന്നു
water-bell-system-in-kerala-schools

തിരുവനന്തപുരം :സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്‌കൂളികളില്‍ 'വാട്ടര്‍ ബെല്‍' സംവിധാനം (water bell system in Kerala schools). വേനല്‍ കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനായി വിദ്യാര്‍ഥികള്‍ ആവശ്യത്ത് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളില്‍ രാവിലെ 10.30നും ഉച്ചയ്‌ക്ക് 2.30നും രണ്ട് തവണ ബെല്‍ അടിക്കും. വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാന്‍ അഞ്ച് മിനിറ്റ് വീതം ഇടവേള ലഭിക്കും. കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്ത് താപനിലയില്‍ വലിയ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അതിനാല്‍ സ്‌കൂള്‍ സമയത്ത് വിദ്യാര്‍ഥികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 20 മുതലാണ് സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കുക (Kerala introduced water breaks in schools as temperature soars).

കൂടാതെ ചൂട് കൂടുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം, പരീക്ഷ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം, കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കണം, കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ പകല്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്നിവയാണ് സ്‌കൂളുകള്‍ക്ക് ദുരനന്ത നിവാരണ അതോറിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍.

വേനലെത്തുന്നതിന് മുന്‍പ് തന്നെ സംസ്ഥാനത്ത് ചൂട് കൂടുകയാണ്. ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് മുന്നറിയിപ്പുള്ളത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി വരെയും, കോട്ടയത്ത് 37 ഡിഗ്രിയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രിയുമായാണ് താപനില ഉയരുക.

ശ്രദ്ധിക്കുക...:

  • പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
  • ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കണം.
  • അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കണം. ചെരിപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം.
  • കുടയോ തൊപ്പിയോ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കണം.
  • പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കണം.

ABOUT THE AUTHOR

...view details