പിഎച്ച്ഡി പ്രവേശനവും അസിസ്‌റ്റന്‍റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ നടന്നു വരുന്ന സുപ്രധാന പരീക്ഷയാണ് യുജിസി നെറ്റ്. ഡിസംബർ സൈക്കിള്‍ പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ച് നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സി (എന്‍ടിഎ) കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു.
നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലെനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ഡിസംബർ 10 വരെയാണ് ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാനാവുക. ജനുവരി ഒന്ന് മുതല്‍ 19 വരെയാണ് പരീക്ഷകള്‍ നടക്കുക. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്, അസിസ്‌റ്റന്‍റ് പ്രൊഫസർ നിയമനം, അസിസ്‌റ്റന്‍റ് പ്രൊഫസർ നിയമനവും പിഎച്ച്ഡി പ്രവേശനവും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള യോഗ്യത നേടുന്നതിനായാണ് പരീക്ഷ നടത്തുന്നത്.
2024 ജനുവരി 1 മുതൽ ജനുവരി 19 വരെയാണ് നെറ്റ് ഡിസംബർ സൈക്കിൾ പരീക്ഷ നടക്കുക. 85 വിഷയങ്ങളിലാണ് പരീക്ഷ. 3 മണിക്കൂർ ദൈർഘ്യമുള്ള ടെസ്‌റ്റിൽ രണ്ട് പേപ്പറുകൾ ആണ് ഉണ്ടാകുക. രണ്ട് പേപ്പറുകളിലും ഒബ്‌ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷക്കിടയിൽ ഇടവേള ഉണ്ടാകില്ല. എല്ലാ വിഷയങ്ങൾക്കുമുള്ള നെറ്റ് പരീക്ഷയുടെ സിലബസ് https://www.ugcnetonline.in/syllabus-new.phpഎന്നതിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പിഎച്ച്ഡി പ്രവേശനം
നെറ്റ് പരീക്ഷയിൽ നേടുന്ന മാർക്കിന് 70 ശതമാനവും ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്‍റർവ്യൂവിലെ പ്രകടനത്തിന് 30 ശതമാനവുമാണ് പിഎച്ച്ഡി പ്രവേശനത്തിന് വെയ്‌റ്റേജ് ലഭിക്കുക. പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത നേടുന്ന വിദ്യാർഥികളുടെ പരീക്ഷ ഫലത്തിന് ഒരു വർഷത്തേക്ക് സാധുത ഉണ്ടാകും.
അപേക്ഷിക്കാനുള്ള യോഗ്യത
അപേക്ഷകൻ ആർട്‌സ് അല്ലെങ്കിൽ സയൻസ് ഗ്രൂപ്പുകളിൽ 55% മാർക്കോടെ (റൗണ്ടിംഗ് ഓഫ് ഇല്ലാതെ) ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. OBC NCL/SC/ST/PWD/മൂന്നാം ലിംഗ വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും. ബിരുദാനന്തര ബിരുദമോ തത്തുല്യമായ കോഴ്‌സോ പഠിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം.