കോഴിക്കോട്:അറുപത്തിമൂന്നാമത് കേരള സ്‌കൂൾ കലോത്സവം വിജയിപ്പിക്കാൻ അഹോരാത്രം പ്രവർത്തിച്ച അധ്യാപകരെ അവഹേളിച്ചെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (KPSTA). കഴിഞ്ഞ ഒരാഴ്‌ചയായി ഊണും ഉറക്കവും മാറ്റിവച്ച് ആത്മാർത്ഥമായ പ്രവർത്തനം കാഴ്‌ചവച്ചതിന്‍റെ ഫലമായാണ് 15,000 ത്തിൽ പരം വരുന്ന വിദ്യാർഥികള്‍ പങ്കെടുത്ത കാലമാമാങ്കം ഇത്ര വിജയത്തിലേക്ക് എത്തിയതെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ പറഞ്ഞു. കാര്യം കഴിഞ്ഞപ്പോൾ ഇവർക്ക് കറിവേപ്പിലയുടെ വിലയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
''സമാപന സമ്മേളനവേദി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെ സ്‌റ്റാഫ് കയ്യടക്കുന്ന ഒരു രീതി ചരിത്രത്തിൽ ആദ്യമായാണ് കണ്ടത്. സമാപന സമ്മേളനം നടക്കുന്ന വേദിയിൽ എത്തിയ സബ്‌കമ്മിറ്റി കൺവീനർമാരെ പൊലീസിനെ ഉപയോഗിച്ച് അവിടെ നിന്ന് ബലമായി അപമാനിച്ച് ഇറക്കിവിടുന്ന സംസ്‌കാരശൂന്യമായ പ്രവൃത്തിക്കും സമാപനവേദി സാക്ഷ്യം വഹിച്ചു. വേദിയിൽ മാത്രമല്ല സദസ്സിന്‍റെ മുൻനിരയിൽപോലും ഇവർക്ക് സീറ്റ് അനുവദിക്കാൻ സംഘാടകർ തയ്യാറായില്ല. സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമായ ഈ പ്രവൃത്തി അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുംഏറെ വേദനാജനകമായി''- പി.കെ അരവിന്ദൻ പറഞ്ഞു.