തിരുവനന്തപുരം: കേരള സ്‌കൂൾ കലോത്സവത്തിന്‍റെ അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി കലോത്സവ സ്വാഗതഗാന നൃത്താവിഷ്‌കാര റിഹേഴ്‌സൽ നടന്നു. കലാമണ്ഡലത്തിലെ 29 വിദ്യാർഥികളും വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 11 പേരുമടങ്ങുന്ന സംഘമാണ് നാളെ (ജനുവരി 04) കലോത്സവ സ്വാഗതഗാനത്തിൻ്റെ നൃത്താവിഷ്ക്കാരം അവതരിപ്പിക്കുക. പരിപാടിയുടെ തലേ ദിവസമായ ഇന്ന് (ജനുവരി 03) സെൻട്രൽ സ്റ്റേഡിയത്തിൽ സ്ഥിതി ചെയ്യുന്ന കലോത്സവത്തിൻ്റെ പ്രധാന വേദിയിലാണ് കലാകാരികള്‍ റിഹേഴ്‌സൽ പൂർത്തിയാക്കിയത്.
കലോത്സവത്തിൻ്റെ സ്വാഗതഗാനത്തിൻ്റെ നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താനായി നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന മന്ത്രി വി ശിവൻകുട്ടിയുടെ വെളിപ്പെടുത്തൽ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടർന്നാണ് സൗജന്യമായി നൃത്തം അവതരിപ്പിക്കാമെന്ന് അറിയിച്ച് കലാമണ്ഡലം റജിസ്ട്രാർ ഡോ. വി രാജേഷ് കുമാർ രംഗത്തെത്തിയത്. കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ. രജിത രവി, അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ് തുളസി, കലാമണ്ഡലം അരുൺ വാര്യയർ എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്.