കേരളം

kerala

ETV Bharat / education-and-career

ജില്ലയേതായാലും ആശാനായി വേണം സജീഷിനെ; ഇത് പൂരക്കളിയുടെ 'പ്രൊഫസര്‍', പരിശീലിപ്പിച്ചത് ആറ് ടീമുകളെ - SAJEESH PAYYANUR AND TEAM

കഴിഞ്ഞ 11 വർഷമായി കലാപട്ടം ചൂടുന്ന പാലക്കാട് ജില്ലയിലെ ആലത്തൂർ ഗുരുകുലം സ്‌കൂളിന് വേണ്ടിയും, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകൾക്ക് വേണ്ടിയും സജീഷ് തന്നെയാണ് പൂരക്കളി പരിശീലിപ്പിക്കുന്നത്.

KALOLSAVAM 2025  KALOLSAVAM 2025 POORAKKALI  സജീഷ് പയ്യന്നൂര്‍ പൂരക്കളി  LATEST NEWS IN MALAYALAM
Poorakkali Ashaan Sajeesh Payyanur (ETV Bharat)

By

Published : Jan 5, 2025, 5:50 PM IST

തിരുവനന്തപുരം:കൗമാര കലകളുടെ വേദിയില്‍ നിറ സാന്നിധ്യമായി പൂരക്കളി ആശാനും പിള്ളേരും. ഇത്തവണ ഹൈസ്‌കൂൾ വിഭാഗം പൂരക്കളി മത്സരത്തിൽ പൂരക്കളി ആശാൻ സജീഷ് പയ്യന്നൂർ അഭ്യസിപ്പിച്ചത് ആറ് ടീമുകളെയാണ്. കണ്ണൂരിൻ്റെ പൂരക്കരുത്ത് വടക്ക് തൊട്ട് തെക്ക് വരെയുള്ള സ്‌കൂളുകൾക്ക് കാട്ടികൊടുത്ത ആശാൻ ഇത്തവണയും കലോത്സവ രംഗത്ത് സജീവമായുണ്ട്. കലോത്സവത്തിൻ്റെ രണ്ടാം ദിനം മണക്കാട് കാർത്തിക തിരുന്നാൾ ഗവണ്‍മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10 മണിയോടെ പൂരക്കളി തുടങ്ങുമ്പോൾ സജീഷ് പയ്യന്നൂരിൻ്റെ ശിഷ്യന്മാര്‍ വേദിയില്‍ സജീവമാണ്.

ശിഷ്യന്മാരും റെഡിയാണ്

കഴിഞ്ഞ 11 വർഷമായി കലാപട്ടം ചൂടുന്ന പാലക്കാട് ജില്ലയിലെ ആലത്തൂർ ഗുരുകുലം സ്‌കൂളിന് വേണ്ടിയും, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകൾക്ക് വേണ്ടിയും സജീഷ് തന്നെയാണ് പൂരക്കളി പരിശീലിപ്പിക്കുന്നത്. സംസ്ഥാന കലോത്സവത്തിൽ ഇത്തവണ പൂരക്കളിക്ക് അപ്പീൽ അടക്കം 15 സംഘങ്ങളാണുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതില്‍ ആറ് സംഘങ്ങള്‍ സജീഷ് പയ്യന്നൂര്‍ പരിശീലിപ്പിച്ചവരാണ്. പലരും അധ്യയന വർഷത്തിലെ തുടക്കത്തിൽ തന്നെ സജീഷിനെ വിദ്യാലയങ്ങളിലേക്ക് വിളിച്ചുവരുത്തി പരിശീലനം ആരംഭിക്കും. പാലക്കാട് ഗുരുകുലം സ്‌കൂൾ ജൂൺ മാസത്തിലാണ് പരിശീലനം ആരംഭിക്കാറുള്ളത് എന്ന് സജീഷ് പറയുന്നു.

പൂരക്കളി അനുഷ്‌ഠാന കല

മലബാറിലെ കാസർകോട്, കണ്ണൂർ ജില്ലയുടെ അനുഷ്‌ഠാന കലയാണ് പൂരക്കളി. അതുകൊണ്ട് തന്നെ ആചാരപരമായി കാണുന്ന കലകൂടിയാണ് പൂരക്കളി. ഈ ജില്ലകാർക്ക് മീനമാസത്തിലെ പൂരക്കാലം ഏറെ വിശേഷപ്പെട്ടതാണ്. ആ കാലത്ത് പൂരക്കളി പോലെ തന്നെയാണ് മറുത്തുകളിയും. ഏറെ കായിക അഭ്യാസമുറകളുള്ളതാണ് പൂരക്കളിയെങ്കിൽ ബുദ്ധിപരമായ പാണ്ഡിത്യവും അറിവും മാറ്റുരക്കുന്നതാണ് മറുത്തുകളി. ഇന്നത്തെ പത്രവാർത്തകൾ ഉൾപ്പെടെ ചർച്ചയാക്കി പ്രതിയോഗികളെ പിടിച്ചിരുത്തുന്നതാണ് മറുത്തുകളിയുടെ സവിശേഷത എന്ന് സജീഷ് പറയുന്നു.

Poorakkali Ashaan Sajeesh Payyanur and Team (ETV Bharat)

പൂരക്കളിയുടെ ഐതിഹ്യം

കാമദഹന കഥയുമായി ബന്ധപ്പെട്ടതാണ് പൂരക്കളിയുടെ ഐതിഹ്യം ചുറ്റുപിണഞ്ഞു കിടക്കുന്നത്. കാമദേവൻ കാമബാണം എയ്‌ത് ശിവൻ്റെ തപസ് മുടക്കി എന്നും ആ കോപത്തിൽ ശിവൻ തൃക്കണ്ണ് തുറക്കുകയും കാമദേവനെ അഗ്നികിരയാക്കി വെന്തുരുക്കുകയും ചെയ്‌തു എന്നതുമാണ് ഐതിഹ്യം. ഇതിന് പ്രതിവിധിക്കായി ബ്രഹ്മാവിൻ്റെ അടുത്തേക്ക് പോയെങ്കിലും മഹാവിഷ്‌ണുവിനെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.

18 അപ്‌സരസുകൾ 18 നിറത്തിലുള്ള പൂക്കൾ അർപ്പിച്ചുകൊണ്ട് 18 രാഗത്തിൽ പാടിയാടി കളിച്ചതാണ് പൂരക്കളി എന്നാണ് സങ്കല്‍പം. നാരായണെനെ സ്‌തുതിച്ചു കൊണ്ടാണ് പാട്ടുകളെറെയും. കാവുകൾ സമ്പന്നമായതിനാൽ കണ്ണുരും കാസർകോടും പൂരക്കളിയെ കൊണ്ടാടുന്നു. 500ലധികം പേരെ പങ്കെടുപ്പിച്ച പയ്യന്നൂരിലെ പൂരക്കളി ലിംക ബുക്ക്‌സ് ഓഫ് റെക്കോഡിലും ഗിന്നസ് വേൾഡ് റെക്കോഡിലും ഇടം നേടിയിട്ടുണ്ട്.

'നവോത്ഥാനം' വേണ്ട!

മറ്റു കലകൾ പ്രൊഫഷണൽ ആവുന്നത് പോലെ പൂരക്കളിയും അടുത്തകാലത്ത് പ്രൊഫഷണൽ ടച്ചിലേക്ക് വന്നു തുടങ്ങിയിട്ടുണ്ട്. സജീഷിൻ്റെ ശിഷ്യന്മാരും നവോത്ഥാന പൂരക്കളിയിലേക്ക് കടന്നുചെന്നു കഴിഞ്ഞു. പക്ഷേ നവോത്ഥാന പൂരകളി കലോത്സവവേദികളിൽ ശരിയല്ലെന്ന പക്ഷക്കാരനാണ് സജീഷ്.

അടുത്തകാലത്ത് നവോത്ഥാന പാട്ടുകളുമായി വനിതകൾ പൂരക്കളിയിലേക്ക് എത്തിയെങ്കിലും പെൺകുട്ടികളെ മത്സര രംഗത്ത് ഇറക്കുക അപ്രായോഗികമാണെന്നാണ് സജീഷിൻ്റെ ഭാഷ്യം. പെൺകുട്ടികളെ മത്സരിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് സജീഷ് പറയുന്നു. അനുഷ്‌ഠാന കല ആയതിനാൽ തന്നെ അനുഷ്‌ഠാനപരമായി തന്നെ കളിച്ചാൽ മാത്രമേ മാർക്ക് കിട്ടു.

ALSO READ: പകർന്നാട്ടം.. തകർത്താട്ടം.. കലോത്സവ നാടക വേദി ക്യാമറാക്കണ്ണുകളിലൂടെ... - DRAMA COMPETITION KALOLSAVAM

അതു കൊണ്ട് നവോത്ഥാന ഗാനങ്ങൾ കലോത്സവത്തിൽ പടിക്ക് പുറത്ത് തന്നെയാണെന്നാണ് ആശാൻ്റെ വാദം. വർഷങ്ങൾ പിന്നിട്ടാലും പൂരക്കളി കണ്ണൂരിനും കാസർകോടിനും ഉള്ളതാണ്. പൂരക്കളിയിലെ ചുവടുകളും ചലനങ്ങളും പാട്ടുകളും സ്‌തുതികളും കണ്ണൂരിൻ്റെയും കാസർകോടിൻ്റെയും കാവുകൾക്ക് എന്നും വേണ്ടപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details