തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയുടെ കലവറയില്‍ ഒരു ദിവസം 35,000 പേർക്ക് സദ്യയൊരുക്കുമെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഒരു ദിവസം രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഭക്ഷണം തയ്യാറാക്കാൻ 100ലേറെ ജീവനക്കാരുണ്ടാകും. സ്‌കൂളുകളിൽ നിന്നും ശേഖരിച്ച വിഭവങ്ങൾ മാത്രം മതിയാകില്ല, മറ്റ് വിഭവങ്ങളും ആവശ്യമുണ്ട്. ഇതും ശേഖരിച്ച് വരികയാണ്.
ഇന്ന് (ജനുവരി 3) വൈകിട്ട് മുതൽ ഭക്ഷണം വിളമ്പി തുടങ്ങുമെന്നും പഴയിടം പറഞ്ഞു. ഉച്ചയ്ക്കും രാത്രിയും സദ്യയാണ് പുത്തരിക്കണ്ടത്തെ വേദിയിൽ വിളമ്പുക. പ്രഭാത ഭക്ഷണം ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത അനുസരിച്ചാകും ഓരോ ദിവസവും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കലവറയിലെത്തിയ സവാളയും ഉരുളക്കിഴങ്ങും:സ്‌കൂളുകളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ചപ്പോള്‍ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തമാണുണ്ടായതെന്ന് കലോത്സവത്തിന്‍റെ സംഘാടക സമിതി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്ന് വൈകിട്ട് മുതൽ ഭക്ഷണം നൽകി തുടങ്ങും. വലിയ തോതിലുള്ള വിഭവ സമാഹരണമാണ് ഇതിനായി നടന്നതെന്നും അദ്ദേഹം പറഞ്ഞു. കലവറയിലെ പാലുകാച്ചലിന് ശേഷം ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.