തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിൻ്റെ ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്‌മെൻ്റില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് ഇപ്പോള്‍ അവസരം. നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിൾ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷൻ്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്‌സിങ് ഹോമുകളിലേക്ക് നേരത്തെ അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷിക്കാൻ സാധിക്കാത്തവര്‍ക്കാണ് നിലവില്‍ ഒഴിവുള്ള സ്ലോട്ടുകളിലേക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം നൽകിയിരിക്കുന്നത്.
ഇതിനായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിൻ്റെ (എന്‍ഐഎഫ്എല്‍) കോഴിക്കോട് സെൻ്ററായ സിഎം മാത്യൂസ്സണ്‍സ് ടവര്‍, രാം മോഹന്‍ റോഡില്‍ നവംബര്‍ ഒന്നിനോ, തിരുവനന്തപുരം മേട്ടുക്കടയിലുള്ള സെൻ്ററില്‍ നവംബര്‍ 4നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 10ന് ആരംഭിക്കും. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെൻ്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇൻ്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെൻ്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസ യോഗ്യത: നഴ്‌സിങ്ങിൽ ബിഎസ്‌സി/ പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ആവശ്യമായ രേഖകൾ:വിശദമായ സിവി, പാസ്‌പോര്‍ട്ട്, ജര്‍മ്മന്‍ ഭാഷാ യോഗ്യത (ഓപ്ഷണല്‍), നഴ്‌സിങ്ങ് രജിസ്‌ട്രേഷന്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍( പ്രവൃത്തി പരിചയമുള്‍പ്പെടെ മറ്റ് അവശ്യ രേഖകള്‍), എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹാജരാക്കേണ്ടതാണ്.