ഹൈദരാബാദ് : ദേശീയ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിലെ ക്രമക്കേടിന്‍റെ പശ്ചാത്തലത്തില്‍ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീ-ടെസ്റ്റ് നടത്തുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ സ്‌കോർ കാർഡുകൾ റദ്ദാക്കുമെന്നും എൻടിഎ കൗൺസിൽ അറിയിച്ചു. ഉടൻ തന്നെ പുനഃപരീക്ഷ നടത്തി കൗൺസിലിംഗിന് മുമ്പ് ഫലം പ്രഖ്യാപിക്കും. അതേസമയം പുനഃപരീക്ഷ എഴുതാൻ തയ്യാറാവാത്തവരുടെ യഥാർത്ഥ മാർക്ക് പരിഗണിക്കും.
അധിക മാർക്കുകൾ ഇല്ലാതെ ഗ്രേസ് മർക്ക് ലഭിച്ച 1563 വിദ്യാർഥികളെ അവരുടെ യഥാർഥ സ്കോറുകൾ അറിയിക്കും. തുടർന്ന് വീണ്ടും പരീക്ഷ നടത്തും. വീണ്ടും പരീക്ഷയ്ക്ക് ഹാജരായാൽ മെയ് 5ന് പുറത്തുവന്ന ഗ്രേസ് മാർക്ക് ലഭിച്ചവരുടെ പരീക്ഷാഫലം അസാധുവാക്കും. വീണ്ടും പരീക്ഷ എഴുതാൻ തയ്യാറാവാത്ത വിദ്യാർഥികളുടെ യഥാർഥ മാർക്കാകും പരിഗണിക്കുകയെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ കനു അഗർവാൾ അറിയിച്ചു.