ന്യൂഡൽഹി:2025 ലെ നീറ്റ് യു ജി പരീക്ഷ ഓണ്‍ലൈൻ ആകില്ല. ഒഎംആർ രീതിയിൽ പരീക്ഷ നടത്താനാണ് തീരുമാനം. ഒരു ദിവസം ഒരു ഷിഫ്‌റ്റിലാകും പരീക്ഷ എന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷന്‍റെ മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ തീരുമാനം.
2025 ലെ നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ ഏതു മോഡിൽ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 'നീറ്റിന്‍റെ ഭരണ മന്ത്രാലയം ആരോഗ്യ മന്ത്രാലയമാണ്, നീറ്റ് പരീക്ഷ പേന-പേപ്പർ മോഡിൽ നടത്തണോ അതോ ഓൺലൈൻ മോഡിൽ നടത്തണോ എന്ന് തീരുമാനിക്കാൻ ഞങ്ങൾ അവരുമായി ചർച്ച നടത്തിവരികയാണ്.
ജെ പി നദ്ദയുടെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയവുമായി ഇതിനകം ചർച്ചകൾ നടത്തി. പരീക്ഷ നടത്താൻ ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന ഏത് ഓപ്ഷനും നടപ്പിലാക്കാൻ എന്‍ടിഎ തയ്യാറാണ്' എന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. ഇതിന് പുറകെ ആണ് പരീക്ഷ 'പേപ്പർ-പേന' മോഡിൽ തന്നെ തുടരാന്‍ തീരുമാനമായിരിക്കുന്നത്.
എന്‍ടിഎയുടെ കീഴിൽ വരുന്ന എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിലെ BAMS, BUMS, BSMS കോഴ്‌സുകൾ ഉൾപ്പെടെ ഓരോ വിഷയത്തിലെയും ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത നീറ്റ് ഉണ്ടായിരിക്കുമെന്നും എന്‍ടിഎ പ്രഖ്യാപിച്ചു. നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതിക്ക് കീഴിലുള്ള BHMS കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും നീറ്റ് യു ജി യോഗ്യത നേടണമെന്ന് എന്‍ടിഎ അറിയിച്ചു.