തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒപ്പന പരിശീലകരായി നിറഞ്ഞു നിൽക്കുകയാണ് പാനൂർ സ്വദേശികളായ നസീറും നൗഷാദും. ആയിരക്കണക്കിന് ശിഷ്യ സമ്പത്തുള്ള ഇരുവരും മാപ്പിള കലാരൂപങ്ങളുടെ പരിപോഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ്.
തലമുറകളുടെ കലാ ഗുരുക്കന്മാരായി തുടരുന്ന നസീറിനും നൗഷാദിനും പറയാനുള്ളത് ജീവനുള്ള കാലത്തോളം കലാപ്രവർത്തനം തുടരണമെന്നാണ്. ഇത്തവണ ഇവർ പരിശീലിപ്പിച്ച അഞ്ച് ടീമുകളാണ് ഒപ്പനയിൽ മാറ്റുരച്ചത്.
അഞ്ച് ടീമുകൾക്കും എ ഗ്രേഡ് നേടിയെടുക്കാൻ കഴിഞ്ഞു. ഇത് നസീറിന്‍റെയും നൗഷാദിന്‍റെയും പരിശീലന മികവ് ഒരു തവണ കൂടി തെളിയിക്കുന്നതാണ്. പരിശീലകരായി നസീറും നൗഷാദുമുണ്ടങ്കിൽ കുട്ടികൾക്ക് എ ഗ്രേഡിൽ കുറഞ്ഞൊരു കളിയില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.
മുൻകാലങ്ങളിൽ വടക്കൻ കേരളത്തിലെ സ്‌കൂളുകളിലെ കുട്ടികളെയായിരുന്നു പ്രധാനമായും പരിശീലിപ്പിച്ചത്. കലോത്സവത്തിൽ ഇരുവരുടെ ടീമുകൾ തന്നെയായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ ഈയടുത്ത കാലത്തായി ഇവരുടെ പ്രാധാന മേഖല തെക്കൻ കേരളമാണ്.
നസീര്‍ മാഷും നൗഷാദ് മാഷും ശിഷ്യരും ഇടിവി ഭാരതിനൊപ്പം (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതോടെയാണ് തെക്കൻ കേരളത്തിലെ സ്‌കൂളുകളും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒപ്പനയിൽ ശക്തമായ സാന്നിധ്യമായത്. പത്തനംത്തിട്ടയിലെ കോഴഞ്ചേരി
സെന്‍റ് മേരീസ് ഗേൾസ് ഹൈ സ്‌കൂൾ ടീമിനെ തുടർച്ചയായി നാലാം തവണയാണ് സംസ്ഥാന കലോത്സവത്തിന് നസീർ പരിശീലിപ്പിച്ചത്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മത്സരാർത്ഥികളായി തുടങ്ങിയ ഇവർ ഒരു നിയോഗം പോലെ പരിശീലകരായി മാറുകയായിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരാർത്ഥിയായി പങ്കെടുത്തതോടെയാണ് താൻ പരിശീലകനായി മാറിയതെന്ന് നസീർ പറഞ്ഞു.
ആദ്യ തവണ പഠിപ്പിച്ച ടീം തന്നെ വിജയിച്ചതോടെയാണ് പരിശീലന രംഗത്ത് സജീവമാകാൻ പ്രചോദനമായതെന്നും അദ്ദേഹം വ്യക്തമാക്കി. മാപ്പിള കലകളുടെ തനിമ നിലനിർത്തിയാണ് മുന്നോട്ട് പോകുന്നത്. താനിപ്പോഴും കല പഠിച്ച് കൊണ്ടിരിക്കുകയാണന്നും നസീർ പറഞ്ഞു.
മനസ് നിറയെ ഒപ്പനയാണെന്നും കലയെ അത്രമാത്രം സ്നേഹമാണെന്നും പരിശീലകനായ നൗഷാദും പറയുന്നു.
ഒപ്പനയുടെ പഠന രീതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രേക്ഷകരിൽ വലിയൊരു വിഭാഗം ഒപ്പനയെ അറിഞ് ആസ്വദിക്കുന്നവരാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കലോത്സവത്തിൽ ഒപ്പന വേദിയിൽ ജനസാന്നിധ്യം കുറവായിരുന്നുവെന്ന പരിഭവം അദ്ദേഹം മറച്ചുവച്ചില്ല.
സംസ്ഥാന സ്‌കൂൾ കലോത്സവം പൂർത്തിയാകുന്നതോടെ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്‍റെ തിരക്കിലേക്ക് ഇരുവരും നീങ്ങും. അങ്ങിനെ വർഷം മുഴുവൻ കലാ പരിശീലനത്തിനായുളള സമർപ്പണമാണ് ഇരുവരുടെയും ജീവിതം.
Also Read:150 ശിഷ്യന്മാരുമായി സ്‌കൂൾ കലോത്സവത്തിനെത്തിയ ഗുരു; ചില്ലറക്കാരനല്ല തലശ്ശേരി സെയ്‌ദാർപ്പള്ളിക്കാരൻ മുനീർ