തിരുവനന്തപുരം: 15000 ത്തോളം മത്സരാർഥികളാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് തലസ്ഥാനത്തെത്തിയത്. കൃത്യമായി പറഞ്ഞാൽ മൊത്തം കലോത്സവത്തിന് എത്തുന്ന മത്സരാർഥികളുടെ ഒരു ശതമാനം പേരെ കലോത്സവത്തിന് സജ്ജമാക്കിയ ഒരാളുണ്ട്. തലശ്ശേരി സെയ്‌ദാർപ്പള്ളിക്കാരൻ മുനീർ.
150 പേരുമായാണ് മുനീർ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. വടക്കോട്ട് വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നും തെക്കോട്ട് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 22 ടീമുകളാണ് മുനീർ പകർന്നു നൽകിയ പാഠങ്ങളുമായി അരങ്ങിലെത്തുന്നത്. ഒപ്പനയും വട്ടപ്പാട്ടുമാണ് മുനീറിന്‍റെ പ്രധാന മേഖല.
തന്‍റെ കുട്ടിക്കാലത്ത് മാപ്പിള കലകളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ഉമ്മയാണ് തന്‍റെ എക്കാലത്തെയും പ്രചോദനമെന്ന് മുനീർ ഇടിവി ഭാരതിനോട് പറഞ്ഞു. പലപ്പോഴും സ്വന്തം കുട്ടികൾ തന്നെ തമ്മിൽ മത്സരിക്കുന്ന സാഹചര്യമുണ്ടെങ്കിലും പുതിയ ഗ്രേഡ് സംവിധാനം മനസിന് വലിയൊരു ആശ്വാസമാണെന്നും മുനീർ പറയുന്നു.