തിരുവനന്തപുരം : നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഇതുവരെ ഉള്ള ബിഎ, ബിഎസ്‌സി, ബികോം ഡിഗ്രി കോഴ്‌സുകളില്‍ നിന്ന് എങ്ങനെ വ്യത്യസ്‌തമാകുന്നു എന്നതിനെ കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ഇടിവി ഭാരതിനോടു വിശദീകരിക്കുന്നു.
?. നമ്മുടെ പരമ്പരാഗത ബിഎ, ബിഎസ്‌സി, ബികോം ഡിഗ്രി കോഴ്‌സുകളില്‍ നിന്ന് 4 വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ക്കുള്ള വ്യത്യസ്‌തത എന്തൊക്കെയായിരിക്കും
* കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും. സിലബസുകളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ഫ്‌ലെക്‌സിബിലിറ്റിയും ഉള്ള അന്തരീക്ഷമാകും കാമ്പസുകളിലുണ്ടാകുക. നിലവിലെ രീതി പ്രകാരം ഒരു കുട്ടി ബിഎസ്‌സി കെമിസ്ട്രി മെയിന്‍ എടുത്താല്‍ അതിന്‍റെ സബ്‌സിഡിയറി വിഷയങ്ങള്‍ കോളജുകള്‍ തന്നെ തീരുമാനിക്കുകയാണ് ചെയ്യുക.
എന്നാല്‍ അതില്‍ നിന്നു വ്യത്യസ്‌തമായി കോളജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ നടത്തുന്ന വിഷയങ്ങള്‍ വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും. ഒരുപാട് കോഴ്‌സുകളുള്ള ഒരു ബാസ്‌കറ്റില്‍ നിന്ന് ഇഷ്‌ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ഥിക്കുണ്ട് എന്നതാണ്.
അത് ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ് എന്നിങ്ങനെയല്ല, ഇന്‍റര്‍ ഡിസിപ്ലിനായാണ് കോഴ്‌സുകള്‍ നടത്തുക. ഇന്ന് ലോകത്താകമാനം ഇന്‍റര്‍ ഡിസിപ്ലിനറിയായും മള്‍ട്ടി ഡിസിപ്ലിനറിയായുമാണ് കോഴ്‌സുകള്‍ നടത്തപ്പെടുന്നത്. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍. ഉദാഹരണത്തിന് പുതിയ രീതി പ്രകാരം ഫിസിക്‌സ് മെയിനായി എടുത്തിട്ടുള്ള ഒരു വിദ്യാര്‍ഥിക്ക് സംഗീതത്തിൽ അഭിരുചിയുണ്ടെങ്കില്‍ ഉപ വിഷയമായി സംഗീതം പഠിക്കാം.
പക്ഷേ പഴയ രീതി പ്രകാരം ഫിസിക്‌സ് മെയിന്‍ എടുക്കുമ്പോള്‍ കോളജില്‍ കെമിസ്ട്രിയാണ് സബ് എങ്കില്‍ ആവിഷയം എടുക്കാന്‍ മാത്രമേ കഴിയൂ. ഒരു കോളജില്‍ നിന്നു മാത്രമല്ല, സമീപത്തെ കോളജുകളില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്ക് ക്രെഡിറ്റ് ആര്‍ജിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്നോ അന്തര്‍ദേശീയ തലത്തില്‍ തന്നെയോ കുട്ടികള്‍ക്ക് ക്രെഡിറ്റ് ആര്‍ജിക്കാം.
?. ക്രെഡിറ്റ് എന്നതു കൊണ്ട് ലളിതമായി ഉദ്ദേശിക്കുന്നതെന്താണ്
* ഒരു നിശ്ചിത വിഷയത്തില്‍ പുതിയ സമ്പ്രദായമനുസരിച്ച് 45 മണിക്കൂര്‍ സ്വന്തമായോ അദ്ധ്യാപകന്‍റെ സഹായത്താലോ ചെലവഴിച്ചാല്‍ ഒരു ക്രെഡിറ്റായി. അതില്‍ 15 മണിക്കൂര്‍ ക്ലാസ് റൂമിനകത്തും 30 മണിക്കൂര്‍ സ്വയം വിദ്യ അഭ്യസിക്കല്‍ അഥവാ സെല്‍ഫ് ലേണിംഗുമാണ്.