കണ്ണൂർ:പയ്യന്നൂർ മഹാദേവഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്. കുരുന്നുകൾ മുതൽ പ്രായഭേദമന്യേ ഒരു പ്രദേശത്തെ മുഴുവൻ ആളുകളും ഒരു കലക്ക് പിന്നിൽ അണിനിരക്കുകയാണ് ഇവിടെ. അവർക്ക് കലോത്സവമെന്നോ, കേരളോത്സവമെന്നോ ഒന്നും ഇല്ല, പ്രാഥമിക വിദ്യാഭ്യാസം നേടുകയെന്ന പോലെ ഒരു ഗ്രാമത്തിൻ്റെ കലാ ലിഖിതം സിരകളിലേക്ക് പകർത്തിയെഴുതുകയാണവർ.
വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് മഹാദേവഗ്രാമത്തിന് കോൽക്കളിയെന്ന കലാരൂപത്തോടുള്ള ഈ അഭിനിവേശം. വെറും കോൽക്കളി എന്നതിനപ്പുറം തങ്ങളുടെ നാടിൻ്റെ പെരുമ കൂടിയാണിതെന്ന് പയ്യന്നൂർ കോൽക്കളിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. അത്രയേറെ സുന്ദരവും മനോഹരവുമാണ് പയ്യന്നൂർ കോൽക്കളി.
1970 കളിൽ തന്നെ കോൽക്കളി പരിശീലന രംഗത്ത് സജീവമായ പയ്യന്നൂർ ഫൈൻ ആർട്‌സ് സൊസൈറ്റി പയ്യന്നൂർ കോൽക്കളിയുടെ ബീജം അറ്റ് പോകരുതെന്ന ലക്ഷ്യത്തോടെ ആണ് 2005 മുതൽ പുതുതലമുറയിലേക്ക് വീണ്ടും കോൽക്കളി പരിശീലനം സജീവം ആക്കിയത്. വർഷങ്ങൾ ചോരാതെ ഓരോ വർഷവും ഓരോ സംഘങ്ങൾ. പഠിച്ചിറങ്ങിയവർ പല ശാഖകളായി മറ്റു സംഘങ്ങളുടെ അമരത്തേക്ക്. ഒന്നോ രണ്ടോ സംഘങ്ങൾ ഉണ്ടായിടത്ത് നിന്നാണ് നാട് നീളെ കോൽക്കളിയെന്ന മഹാദേവഗ്രാമത്തിൻ്റെ ഹാസ്യമൊഴി പിറവി കൊണ്ടത്.
അത്രയേറെ ആവേശമായി മാറിയിരിക്കുന്നു പയ്യന്നൂർ കോൽക്കളി. 2025 ലേക്ക് കോൽക്കളി മാറുമ്പോൾ മഹാദേവഗ്രാമത്തിൽ ഇന്ന് നിരവധി കോൽക്കളി സംഘങ്ങൾ ഉണ്ട്. കോൽക്കളിയുടെ സുവർണ കാലഘട്ടം. കോൽക്കളിക്ക് മാത്രം മഹാദേവഗ്രാമത്തെ തേടിയെത്തിയത് ഫോക്‌ലോറിൻ്റെ നിരവധി അവാർഡുകളാണ്. നാളുകളും വർഷങ്ങളും മറയുമ്പോൾ ഇന്നും തുടരുകയാണ് മഹാദേവഗ്രമത്തിൻ്റെ കോൽക്കളി മാജിക്.
കലോത്സവവും നാടൻ കോൽക്കളിയും
ഇത്തവണ പുതിയ സംഘം പയ്യന്നൂർ മഹാദേവഗ്രാമത്തിൽ അരങ്ങിൽ എത്തുമ്പോൾ ഒറ്റ സങ്കടം മാത്രമാണുള്ളത്. സ്‌കൂള്‍ കലോത്സവ വേദികളിൽ നാടൻ കോൽക്കളിക്ക് അംഗീകാരം ഇല്ല. കലോത്സവ വേദിയിൽ ഇന്നും പയ്യന്നൂർ കോൽക്കളി മുഖം മറച്ചിരിപ്പാണ്. മുസ്‌ലിം കോൽക്കളികളിൽ നിന്നും വിഭിന്നമായി നാടൻ കോൽക്കളിയുടെ വിധി നിർണയിക്കുക പ്രയാസമാണ്. ഓരോ പ്രദേശങ്ങളിലേയും ചുവടുകൾ വ്യത്യസ്‌തമായതിനാൽ വിധി നിർണയം പ്രയാസകരമാണ് എന്നതാണ് കാരണം.
മുൻപ് യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയെങ്കിലും സ്‌കൂള്‍ കാലോത്സവങ്ങളിൽ അംഗീകാരം ലഭിക്കാറില്ലെന്ന് ഗുരുക്കൾ ഇഎ കൃഷ്‌ണൻ പറയുന്നു. സംസ്ഥാന വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരെ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെടുന്ന പാനലിൽ ഉള്ള കോൽക്കളി ഗുരുക്കൾ കൂടിയാണ് ഇഎ കൃഷ്‌ണൻ. 2005ൽ പയ്യന്നൂർ ഫൈൻ ആർട്‌സ് സൊസൈറ്റി കോൽക്കളി പരിശീലനത്തിനായി നിയോഗിക്കുന്നത് സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഇഎ കൃഷ്‌ണനെയും, വി ചിണ്ടൻമാസ്റ്ററെയും, പികെ കൃഷ്‌ണനെയുമാണ്.
പയ്യന്നൂർ കോൽക്കളിയും കളരിമുറയും
കോൽക്കളി കേരളത്തിൻ്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുള്ള നാടൻ കലയാണെങ്കിലും കലോത്സവ വേദികളിൽ അനുമതി മുസ്‌ലിം സാമുദായിക കോൽക്കളിക്ക് മാത്രമാണ്. സമുദായ കൂട്ടത്തിലും നാട്ടുകൂട്ടത്തിലും എറെ പ്രചാരമുള്ള പാരമ്പര്യ കലാരൂപത്തെ കോൽക്കളി, കമ്പടികളി, കോലാട്ടം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.
വടക്കൻ കോൽക്കളി, തെക്കൻ കോൽക്കളി, മാപ്പിള കോൽക്കളി, ഹരിജൻ കോൽക്കളി എന്നിങ്ങനെ കലാ സമ്പന്നമാണ് കോൽക്കളി. പാട്ടിൻ്റെ താളത്തിനനുസരിച്ച് ചവിട്ടിയും മെയ് വഴക്കങ്ങൾ കാട്ടിയും കോലടിച്ചു കൊണ്ട് കളിക്കുന്ന ഒരു നാടൻ കലാ രൂപം.
എല്ലാ നാടൻ കലകളും നാട്ടു കൂട്ടങ്ങളിൽ നിന്നോ സമുദായ കൂട്ടങ്ങളിൽ നിന്നോ ഉയർന്നുവന്നവ തന്നെയാണ്. കോൽക്കളിയുടെ പിറവിയും അതുപോലെ തന്നെയായിരിക്കണം എന്നാണ് ഗുരുക്കൻമാരും കരുതുന്നത്. ഏതു സാഹചര്യത്തിൽ നിന്നാണ് ഈ കല പിറവിയെടുത്തത് എന്ന് കൃത്യമായി പറയാൻ പ്രയാസമാണ് എന്നാണ് ഈ രംഗത്ത് വർഷങ്ങളായുള്ള ഗുരുക്കൻമാർ പറയുന്നത്. എല്ലാ നാടൻ കലകളുടെയും കാര്യം അങ്ങനെ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.