തിരുവനന്തപുരം:ഇന്ത്യയിലും പുറത്തുമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള 45,801 ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM )അപേക്ഷ ക്ഷണിച്ചു. യുഎഇ, ന്യൂസിലന്‍ഡ് , ജർമ്മനി എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ വൻ നഗരങ്ങളായ ഹൈദരാബാദ്, ബെംഗളുരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലുമാണ് ഒഴിവുകൾ.
സെയിൽസ് ആൻഡ് മാർക്കറ്റിങ്, ടെക്‌നിക്കൽ, ഹെല്‍ത്ത് കെയർ, ബിസിനസ് അഡ്‌മിനിസ്ട്രേഷൻ, ബാങ്കിങ് ആൻഡ് ഇൻഷുറൻസ് മേഖലകളിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. 526 ഓളം തസ്‌തികകളിലേക്ക് അപേക്ഷിക്കാം. യുഎഇയിൽ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്ക് ടെക്‌നിഷ്യൻ, ലെയ്‌ക ഓപ്പറേറ്റർ മേഖലകളിലേക്കാണ് അവസരം.
ന്യൂസിലന്‍ഡിൽ ബിടെക്, ഡിപ്ളോമ, ഐടിഐടിഐ യോഗ്യതയുള്ളവർക്ക് സിവിൽ എൻജിനിയറിങ്, വെൽഡിങ്, സ്പ്രേ പെയിന്‍റിങ് മേഖലകളിലായി 500 ഒഴിവുകളുണ്ട്. 1,75,000 മുതല്‍ 2,50,000 രൂപയാണ് പ്രതിമാസ ശമ്പളം. സിവിൽ എൻജിനീയറിങ് മേഖലയിലെ സൈറ്റ് ട്രാഫിക് മാനേജ്മെന്‍റ് സൂപ്പർവൈസറാകാൻ ബിരുദവും സിവിൽ എൻജിനിയറിങുമാണ് യോഗ്യത.