തിരുവനന്തപുരം: കൈറ്റിന്‍റെ എൻട്രൻസ് പരിശീലനമായ 'കീ ടു എൻട്രൻസ്' പദ്ധതിക്ക് തുടക്കമായി. എൻട്രൻസ് പോർട്ടൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. സർക്കാരിന്‍റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ന് (സെപ്റ്റംബർ 30) രാത്രി 7.30 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ ക്ലാസുകൾ സംപ്രേഷണം ചെയ്‌തു തുടങ്ങും. പദ്ധതിയുടെ ഭാഗമായി കൈറ്റ് തയ്യാറാക്കിയ www.entrance.kite.kerala.gov.in എന്ന പോർട്ടലും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. ചോദ്യാവലികൾ, അസൈൻമെന്‍റുകൾ, മോക്ടെസ്റ്റ് എന്നിവ ഈ പോർട്ടൽ വഴി ചെയ്യാനാകും.
ഓരോ വിഷയത്തിന്‍റെയും അര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ സംപ്രേഷണം ചെയ്‌തതിന് ശേഷമാണ് പോർട്ടലിൽ മോക്ടെസ്റ്റും അസൈൻമെന്‍റുകളും ലഭ്യമാകുക. ഓരോ ക്ലാസിന്‍റെയും സ്‌കോർ നോക്കി കുട്ടികൾക്ക് സ്വയം വിലയിരുത്താനും ഇതുവഴി അവസരം ലഭിക്കും.
കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. തുടർന്ന് മറ്റ് വിഷയങ്ങളും ഉൾപ്പെടുത്തും.
സയൻസ്-ഹ്യുമാനിറ്റീസ്-കൊമേഴ്‌സ് വിഭാഗത്തിലെ ഏകദേശം എട്ട് ലക്ഷത്തോളം വിദ്യാർഥികൾക്ക് സൗജന്യമായി ലോഗിൻ സൗകര്യമൊരുക്കുന്ന കേരളത്തിലെ ഏറ്റവും ബൃഹത്തായ പൊതുപ്രവേശന പരിശീലന സംവിധാനമാണിതെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു. കഴിഞ്ഞ വർഷം മെഡിക്കൽ-എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇതേ രൂപത്തിൽ ക്രാഷ് കോഴ്‌സായി നടപ്പാക്കിയ 'ക്രാക്ക് ദ എൻട്രൻസ്' ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിലെ ക്ലാസുകളും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂൾ കോഡ്, പ്രവേശന സമയത്ത് ലഭിക്കുന്ന അഡ്‌മിഷൻ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ചാണ് കുട്ടികൾ പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടത്.