തിരുവനന്തപുരം:പ്രതിഭകൾക്കും കാഴ്‌ചക്കാർക്കും മറക്കാൻ കഴിയാത്ത ഒരു കൂട്ടം പൊലീസുകാരും സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ താരങ്ങളാണ്. ആദ്യ ദിവസം മുതൽ സമാപന ദിവസം വരെ കേരള പൊലീസ് അസോസിയേഷനും, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ പ്രവർത്തകരുമാണ് അതിഥികളുടെ മനസും വയറും നിറച്ചത്.
കലോത്സവ നഗരിയിൽ പൊലീസുകാരുടെ കൂട്ടായ്‌മ സജ്ജമാക്കിയ സൗജന്യ ലഘു ഭക്ഷണ കൗണ്ടർ മുഴുവൻ സമയവും പ്രവർത്തിച്ചത് നിരവധി പേർക്കാണ് ആശ്വാസമായത്. ചുക്ക് കാപ്പിയും, കപ്പയും, ബിസ്ക്കറ്റും, അവലും, ഫ്രൂട്ട്സും, ഐസ്ക്രീമും വരെ സൗജന്യമായി യഥേഷ്ട്ടം വിതരണം ചെയ്യുകയായിരുന്നു.
രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഉൾപ്പടെ മൂന്ന് നേരങ്ങളിൽ വ്യത്യസ്ഥ വിഭവങ്ങളായിരുന്നു അവർ വിതരണം ചെയ്‌തത്. പൊതു ജനങ്ങളുമായി പൊലീസ് സേനയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പ്രവർത്തനത്തിനിറങ്ങിയതെന്ന് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സുധീർഖാൻ ഇടിവി ഭാരതിനോട് പറഞ്ഞു.