തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് ഈ അധ്യയന വര്‍ഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. ആര്‍ക്കിടെക്‌ടര്‍, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കാണ് പുതുതായി അപേക്ഷിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്.
കീം 2024 മുഖേന എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്‌ടര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലേതെങ്കിലും കോഴ്‌സുകള്‍ക്ക് ഇതിനോടകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആവശ്യമുള്ളപക്ഷം ആര്‍ക്കിടെക്‌ടര്‍, മെഡിക്കല്‍ & മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പ്രസ്‌തുത അപേക്ഷയില്‍ കൂട്ടിചേര്‍ക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.
കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്‌ടര്‍ നടത്തിയ NATA പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് ആര്‍ക്കിടെക്‌ടര്‍ (ബി.ആര്‍ക്ക്) കോഴ്‌സിനും, നീറ്റ് യു.ജി പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സിനും അപേക്ഷിക്കാവുന്നതാണ്. ഇതിനായി ജൂണ്‍ 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സൗകര്യം ഉണ്ടായിരിക്കും.
നിലവില്‍ രജിസ്റ്റര്‍ ചെയ്‌ത വര്‍ക്ക് അവരുടെ അപേക്ഷകളില്‍ മതിയായ രേഖകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പിന്നീട് അവസരം നല്‍കുന്നതായിരിക്കും. വിശദവിവരങ്ങള്‍ക്ക് പ്രവേശന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈനായ 0471- 2525300 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Also Read : കീം 2024: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു, കൂടുതല്‍ വിവരങ്ങള്‍ അറിയാം... - KEAM 2024 ANSWER KEY