കോഴിക്കോട്: മലയാള നാടക വേദിയുടെ ഏറ്റവും പുതിയ ട്രെന്‍ഡ് അറിയാനാകുന്ന വേദിയാണ് ഓരോ വര്‍ഷത്തേയും സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍. കേരള സ്‌കൂൾ കലോത്സവത്തിലെ നാടക വേദിയില്‍ നടന മികവിനായുള്ള പോരാട്ടം ഇത്തവണ കോഴിക്കോടിന്‍റെ ടീമുകള്‍ തമ്മിലായാല്‍ അദ്ഭുതപ്പെടാനില്ല. എന്നും കലോത്സവ വേദികളില്‍ മുഴങ്ങിക്കേള്‍ക്കുന്ന സ്‌കൂള്‍ നാടകങ്ങളുടെ രണ്ട് മുന്‍നിര സംവിധായകര്‍ അണിയിച്ചൊരുക്കുന്ന രണ്ട് എണ്ണം പറഞ്ഞ നാടകങ്ങളാണ് ഇത്തവണയും കോഴിക്കോട്ട് നിന്ന് കലോത്സവ വേദിയിലെത്തുന്നത്.
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ 'C/o പൊട്ടക്കുളം' എന്ന നാടകം ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയാണ് തലസ്ഥാനത്തേക്ക് എത്തുന്നത്. മേമുണ്ട ഹൈസ്ക്കൂളിന്‍റെ 'ശ്വാസം' അപ്പീൽ വഴിയും സംസ്ഥാന കലോത്സവത്തിന് എത്തുന്നു. എന്ന് പറയുമ്പോൾ സ്‌കൂൾ നാടക സംവിധായകർ തമ്മിലുള്ള ഒരു പോരാട്ടത്തിന് കൂടി തിരുവനന്തപുരം വേദിയാകും. ഇനി തലസ്ഥാനത്തെ അരങ്ങില്‍ മത്സരം ശിവദാസ് പൊയിൽക്കാവിലിന്‍റെയും ജിനോ ജോസഫിന്‍റെയും സംഘങ്ങള്‍ തമ്മിലാണ്.
C/o പൊട്ടക്കുളം:റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള അംഗീകാരവും നേടിയ നാടകമാണ് C/o പൊട്ടക്കുളം. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ കളർ ബോക്‌സ് തിയേറ്ററാണ് നാടകം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഇവര്‍ അവതരിപ്പിച്ച 'ഓസ്‌കാർ പുരുഷു' എന്ന നാടകമായിരുന്നു സംസ്ഥാനത്ത് മികച്ചത്. രഞ്ജിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദലയായിരുന്നു കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിലെ മികച്ച നടി.
ഓസ്‌കാർ പുരുഷുവിൽ പുരുഷുപ്പൂച്ചയെ അവതരിപ്പിച്ച ദല കഴിഞ്ഞവർഷം സംസ്ഥാനത്തെ മികച്ച നടിയായിരുന്നു. സംവിധായകൻ ശിവദാസ് പൊയില്‍ക്കാവിന്‍റെ മകളും ഒമ്പതാം തരം വിദ്യാർഥിനിയുമാണ് ദല. അമ്മ രഞ്ജന പയ്യോളി തുറയൂർ ബിടിഎം സ്‌കൂൾ അധ്യാപികയാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കണക്കറ്റ പരിഹാസ ശരങ്ങളാണ് കുട്ടികൾ അരങ്ങിൽ എയ്‌ത് വിടുന്നത്.
കുട്ടികളുടെ ആക്ഷേപഹാസ്യ നാടകമാണിത്. മനുഷ്യ ലോകത്തിലെ മണ്ടത്തരങ്ങൾ പൂശാലയ്ക്കൽ തറവാട്ടിലെ വിവാഹവുമായി ബന്ധപ്പെട്ട് വളർത്തിയെടുത്ത കഥയാണിത്. സ്‌കൂളിലെ തന്നെ അധ്യാപകനായ ശിവദാസ് പൊയിൽക്കാവാണ് രചനയും സംവിധാനവും. സനിലേഷ് ശിവനാണ് സഹസംവിധാനം. നിധീഷ് പൂക്കാടാണ് സെറ്റ് ഒരുക്കിയത്.
ശിവദാസ് പൊയിൽക്കാവ്:2008 മുതൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നിരന്തരമായി നാടകത്തിൽ സമ്മാനം നേടുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ കൂടിയാണ് ശിവദാസ് പൊയിൽക്കാവ്. ശിവദാസ് തന്നെയാണ് എല്ലാ നാടകങ്ങളും സ്‌കൂളിലെ തിയേറ്റർ ക്ലബ്ബായ കളർ ബോക്‌സിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. 2008ൽ “ ഊശാന്താടി രാജാവ് “, 2010ൽ “ആത്തോ പൊറത്തോ”, 2011ൽ “പച്ച പ്ലാവില”, 2012ൽ കാന്താരിപ്പൊന്ന്, 2014ൽ കാക്ക, 2015ൽ കറിവേപ്പില, 2018ൽ എലിപ്പെട്ടി 2024ൽ ഓസ്‌കാർ പുരുഷു തുടങ്ങിയവയാണ് കളർ ബോക്‌സിനുവേണ്ടി ശിവദാസ് ഒരുക്കിയ നാടകങ്ങൾ. 2019ലൊഴികെ പുതിയ നാടകങ്ങളുമായി എത്തിയ എല്ലാ വർഷവും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനത്ത് മത്സരിക്കുന്നു. സംസ്ഥാന തലത്തിൽ മികച്ച നടന്മാർക്കും നടികൾക്കും ഉള്ള അംഗീകാരങ്ങൾ കളർ ബോക്‌സിനെ തേടിയെത്തിയിട്ടുണ്ട്.
2010, 2011 വർഷങ്ങളിൽ യഥാക്രമം ആത്തോ പൊറത്തോ, പച്ചപ്ലാവില എന്നീ നാടകങ്ങളിലെ അഭിനയത്തിന് വിഷ്‌ണുവിന് മികച്ച നടനുള്ള സംസ്ഥാന അംഗീകാരം ലഭിച്ചു. 2012ൽ കാന്താരി പൊന്നിലെ അതുൽ ശ്രീവ, 2015ൽ കറിവേപ്പിലയിലെ ജുഗൽ ബിന്നി എന്നിവർ മികച്ച നടന്മാരായി. 2014ൽ കാക്കയിലെ അഭിനയത്തിന് അനുരാഗിന് നടനുള്ള മാതൃഭൂമിയുടെ പുരസ്‌കാരം ലഭിച്ചു. 2024ൽ ഓസ്‌കാർ പുരുഷുവിലെ അഭിനയത്തിന് ദല.ആർഎസ് മികച്ച നടിയായി.
കീർത്തന എസ് ലാൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. 2014ൽ മിണ്ടാപ്രാണി 2015ൽ പല്ലിയും പൂവും എന്നീ നാടകങ്ങൾ ഹയർ സെക്കൻഡറി വിഭാഗത്തിന് വേണ്ടി എഴുതി സംവിധാനം ചെയ്‌തു. മേമുണ്ട ഹയർ സെക്കന്‍ഡറി സ്‌കൂളിന് വേണ്ടിയാണ് ഒരുക്കിയത്. ശിവദാസ് എഴുതിയ മുഴുവൻ നാടകങ്ങളും മൂന്ന് നാടക സമാഹാരങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മാതൃഭൂമി ബുക്‌സ്, ഡിസി ബുക്‌സ്, കറണ്ട് ബുക്‌സ് തൃശൂർ എന്നീ പ്രസാധകരാണ് ഇവയെല്ലാം പ്രസിദ്ധീകരിച്ചത്. ആത്തോ പൊറത്തോ നാടക സമാഹാരത്തിന് 2013ൽ ബാലസാഹിത്യത്തിനുള്ള സംസ്ഥാന സർക്കാരിന്‍റെ ജോസഫ് മുണ്ടശ്ശേരി അവാർഡ് ലഭിച്ചു. ചേമഞ്ചേരി നാരായണൻ നായർ പ്രഥമ പുരസ്‌കാരം, നന്മയുടെ കെടി മുഹമ്മദ് സംസ്ഥാന നാടക രചനാ പുരസ്‌കാരം, തിരക്കഥയ്ക്കും നാടക രചനയ്ക്കും സംസ്ഥാന വിദ്യാരംഭം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മമ്മൂട്ടി നായകനായ പുഴു എന്ന സിനിമയിലെ നാടകമായ തക്ഷകൻ എഴുതി സംവിധാനം ചെയ്‌തത് ശിവദാസാണ്. നാടക ചലച്ചിത്ര നടൻ അപ്പുണ്ണി ശശിയാണ് നാടകം അവതരിപ്പിച്ചത്. ഇപ്പോൾ തിരക്കഥാകൃത്ത് സനിലേഷ് ശിവനോടൊപ്പം തിരക്കഥാ രചനയിൽ സജീവമാണ്.