തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ കോട്ടയം, തെക്കുംതലയിലെ കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസിൽ സിനിമയുടെ വിവിധ സാങ്കേതിക മേഖലകൾ ഉൾപ്പെടുത്തിയ 6 പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ക്രിപ്റ്റ് റൈറ്റിംഗ് & ഡയറക്ഷൻ, എഡിറ്റിംഗ്, സിനിമറ്റോഗ്രഫി, ഓഡിയോഗ്രാഫി, ആക്‌ടിങ്, അനിമേഷൻ ആൻഡ് വിഷ്വൽ എഫക്‌സ് എന്നീ പിജി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓരോ കോഴ്‌സിനും 10 സീറ്റുകളാണുള്ളത്. 3 വർഷ പിജി കോഴ്‌സുകളിൽ അപേക്ഷിക്കാനുള്ള യോഗ്യത ബിരുദമാണ്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. രണ്ട് ഘട്ടമായാകും പ്രവേശനം. ആദ്യ ഘട്ടത്തിൽ എൻട്രൻസ് പരീക്ഷയും രണ്ടാം ഘട്ടത്തിൽ അഭിമുഖത്തിലൂടെയുമാകും തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. അഭിമുഖ പരീക്ഷ കോട്ടയം തെക്കുംതലയിലെ ക്യാമ്പസിലായിരിക്കും. ജൂൺ 16 നായിരിക്കും പ്രവേശന പരീക്ഷ.
എങ്ങനെ അപേക്ഷിക്കാം?
ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാനാകു. www.krnnivsa.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഒന്നിൽ കൂടുതൽ തവണ അപേക്ഷിച്ചാൽ എല്ലാ അപേക്ഷകളും തള്ളും. 2000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/എസ്.ടി, പിന്നോക്ക, വനിതാ, ഭിന്നലിംഗ അപേക്ഷകർക്ക് 1000 രൂപയാണ് ഫീസ്. ഓരോ കോഴ്‌സിനും അംഗപരിമിതർക്ക് 5 ശതമാനം സംവരണമുണ്ട്. ബാക്കിയുള്ള സീറ്റുകളിൽ 40% ശതമാനം കേരളീയർക്കായുള്ള സംവരണമുണ്ട്. സാമ്പത്തിക പിന്നോക്ക വിഭാഗത്തിന് 10 ശതമാനം, സാമൂഹിക പിന്നോക്ക വിഭാഗത്തിന് 30 ശതമാനം, ഈഴവ വിഭാഗത്തിന് 9 ശതമാനം, മുസ്‌ലീം വിഭാഗത്തിന് 8%, എസ്.സി / എസ്.ടി 10% എന്നിങ്ങനെയാണ് സംവരണം. സംവരണ വിഭാഗക്കാർ പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകൾ www.krnnivsa.com എന്ന വെബ്സൈറ്റിലുണ്ട്.
പ്രവേശന പരീക്ഷ രണ്ട് ഘട്ടമായി
രണ്ട് ഘട്ടമായി നടക്കുന്ന പ്രവേശന പരീക്ഷയിൽ ആദ്യ ഘട്ടത്തിൽ എഴുത്ത് പരീക്ഷയാണ് നടക്കുക. പൊതുബോധവും അഭിരുചി പരീക്ഷയും എഴുത്ത് പരീക്ഷയിലുണ്ടാകും. ഒ.എം.ആർ മാതൃകയിലാകും എഴുത്ത് പരീക്ഷയിൽ പൊതുബോധം വിലയിരുത്തുക. ഓരോ ചോദ്യങ്ങൾക്കും ഓരോ മാർക്ക് വെച്ച് 50 മാർക്കിന് പൊതുബോധവും, 50 മാർക്കിന് അഭിരുചി പരീക്ഷയുമുണ്ടാകും. നെഗറ്റീവ് മാർക്കില്ല. രണ്ട് മണിക്കൂറാണ് പരീക്ഷ സമയം. സിനിമയെ കുറിച്ചുള്ള വിദ്യാർഥിയുടെ അറിവിന്‍റെ ആഴം തിരിച്ചറിയാനുള്ള ചോദ്യങ്ങളാകും അഭിരുചി പരീക്ഷയിലുണ്ടാവുക. സ്ക്രിപ്റ്റ് ഉൾപ്പെടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളാകും എഴുത്ത് പരീക്ഷയിലുണ്ടാവുക.