തിരുവനന്തപുരം: ഇത്തവണത്തെ കലോത്സവത്തിന് അരങ്ങുണരുമ്പോള്‍ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ് ഇടുക്കിയിൽ നിന്നുള്ള മൂന്നു പെൺകുട്ടികൾ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഭാഗമായുള്ള സ്വാഗത നൃത്തത്തിൽ ഇരുള നൃത്തത്തിന് ചുവടുകൾ വെച്ചാണ് കല്യാണിയും പ്രസാക്തിയും അമ്മുവും ചരിത്രത്തിന്‍റെ ഭാഗമാകുന്നത്.
ആദ്യമായാണ് ഇരുള നൃത്തം കലോത്സവ വേദിയിലെത്തുന്നത്. അധികം കണ്ടു പരിചയമില്ലാത്ത നൃത്തച്ചുവടുകള്‍ വേദിയിലെത്തിയപ്പോള്‍ കാണികള്‍ക്കും കൗതുകം. ഇതുവരെ കണ്ടിട്ടില്ലാത്തവർ ഇരുള നൃത്തം ഏറെ ആകാംഷയോടെ വീക്ഷിച്ചു. ഗോത്ര വർഗക്കാരായ കലാകാരികള്‍ തന്നെയാണ് തങ്ങളുടെ തനത് കലയെ വേദിയിലെത്തിച്ചത്.
രണ്ടു ദിവസം മുമ്പാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. മറയൂരിലെ മഹിളാ സമഗ്യ സൊസൈറ്റിയിലാണ് താമസം. ഇവിടെ വച്ച് പരിശീലനം നടത്തിയിരുന്നു. ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഗോത്രനൃത്തം ഉൾപ്പെടുത്തിയതിൽ അഭിമാനം ഉണ്ടെന്നും മൂന്നു പേരും പറഞ്ഞു.