അടുത്ത കാലത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌ന ഭൂമിയായി മാറിയ സ്ഥലമാണ് കാനഡ. പഠനം കഴിഞ്ഞ് മൂന്ന് വര്‍ഷം കൂടി കാനഡയില്‍ താമസിക്കാം എന്നതാണ് രാജ്യത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചത്. കൂടാതെ, വളരെ എളുപ്പത്തില്‍ കനേഡിയന്‍ പൗരന്മാരാകാനും കഴിയുന്നു. പഠനത്തോടൊപ്പം തന്നെ ജോലി ചെയ്‌ത് പണം സമ്പാദിക്കാം എന്നതും കാനഡയിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ വലിയ രീതിയിലുളള കുടിയേറ്റമാണ് കാനഡയിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നത്. കഴിഞ്ഞ മാസം ഇന്ത്യ ഗവൺമെന്‍റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 13.35 ലക്ഷം വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നുണ്ട്. ഇതിൽ 4,27,085 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം മാത്രം കാനഡയിലേക്ക് കുടിയേറിയവരാണ്.
കാനഡയിലെ വിദേശ വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്. 2013നും 2022നും ഇടയിൽ കാനഡയിലേക്ക് പഠനത്തിനായി പോയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ അതിശയകരമായ വർധനവാണ് ഉണ്ടായത്. 11 വര്‍ഷത്തിലുളള 260 ശതമാനം വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ നിന്നുളള വിദ്യാര്‍ഥി കുടിയേറ്റങ്ങള്‍ ഇരട്ടിയായി വര്‍ധിച്ചു. 2018ല്‍ 1.29 ലക്ഷം വിദ്യാര്‍ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതെങ്കില്‍ 2023ല്‍ 2.50 ലക്ഷം വിദ്യാര്‍ഥികളായി അത് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയത് പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളാണ്.
ഇത്തരത്തിലുളള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡയിലേക്കുളള കുടിയേറ്റത്തിന് തടയിടുന്ന തീരുമാനങ്ങളാണ് കനേഡിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
പുതിയ നിബന്ധനകള്‍:ഈ വർഷം കാനഡയിലേക്കുളള വിദേശ വിദ്യാർഥികളുടെ പെർമിറ്റ് 35 ശതമാനമായി വെട്ടിക്കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചിരിക്കുന്നത്. ഇത് അടുത്ത വര്‍ഷം വീണ്ടും കുറച്ച് 10 ശതമാനമാക്കും. യുജി പഠനത്തിനായി പോകുന്നവര്‍ക്ക് ഇനി ഒപ്പം കുടുംബത്തെ കൊണ്ടുപോകാന്‍ കഴിയില്ല. കാനഡയിലെ താത്‌കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്.
കുടിയേറ്റം രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന് ഏറെ പ്രയോജനകരമാണ്. എന്നാൽ അവസരം മുതലെടുക്കുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതാണ് ഇത്തരത്തിലുളള കടുത്ത നടപടിയിലേക്ക് കടക്കാൻ കാരണമെന്നും ട്രൂഡോ വിശദീകരിച്ചു. എക്‌സിലെ പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുതിയ നിബന്ധനകളെ കുറിച്ച് അറിയിച്ചത്.