പാലക്കാട്: അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കഴിഞ്ഞ വർഷം കൊല്ലത്ത് കൊടിയിറങ്ങുമ്പോള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണക്കപ്പിനു വേണ്ടി കണ്ണൂരും കോഴിക്കോടും പാലക്കാടും പൊരിഞ്ഞ പോരാട്ടത്തിലായിരുന്നു. പോയിന്‍റ് നില മാറി മറിഞ്ഞു കൊണ്ടേയിരുന്നപ്പോള്‍ മത്സരാര്‍ഥികളുടേയും ആരാധകരുടേയും ചങ്കിടിപ്പേറ്റിക്കൊണ്ട് പോയിന്‍റ് പട്ടികയില്‍ പാലക്കാടും കണ്ണൂരും കോഴിക്കോടും മാറി മാറി ലീഡ് ചെയ്‌തു കൊണ്ടിരുന്നു. പക്ഷേ ലീഡ് നില മാറാതെ നിന്ന മറ്റൊരു പട്ടികയുണ്ടായിരുന്നു. അത് ലീഡിങ്ങ് സ്‌കൂളുകളുടെ പട്ടികയായിരുന്നു.
സംസ്ഥാനത്തെ ചാമ്പ്യന്‍ സ്‌കൂളുകളുടെ പട്ടികയില്‍ പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നുള്ള ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ തുടക്കം മുതല്‍ അനിഷേധ്യ ലീഡിലായിരുന്നു. കലോത്സവം അവസാനിക്കുമ്പോള്‍ 249 പോയിന്‍റോടെ സ്‌കൂളുകളുടെ വിഭാഗത്തില്‍ ബിഎസ്എസ് ഗുരുകുലം സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനത്ത് വന്ന തിരുവനന്തപുരം കാര്‍മല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടായിരുന്നു അവരുടെ നേട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 101 പോയിന്‍റും ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ 148 പോയിന്‍റും നേടിക്കൊണ്ടായിരുന്നു ബിഎസ്എസ് ഗുരുകുലം സ്‌കൂള്‍ ചാമ്പ്യന്‍ പട്ടമണിഞ്ഞത്.
പാലക്കാട് നിന്ന് 20 കിലോമീറ്ററകലെ ദേശീയ പാതയോരത്തെ ബ്രഹ്മാനന്ദ ശിവയോഗി ഗുരുകുലം ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്ന ബിഎസ്എസ് ഗുരുകുലം സ്‌കൂളിന് ഈ നേട്ടം പുത്തരിയായിരുന്നില്ല. കഴിഞ്ഞ തവണത്തേത് പതിനൊന്നാമത്തെ ബെസ്റ്റ് സ്‌കൂള്‍ കിരീടമായിരുന്നു. കഴിഞ്ഞ തവണ കൊല്ലത്തായിരുന്നെങ്കില്‍ ഇത്തവണ തിരുവനന്തപുരത്തേക്ക് തിരിക്കുകയാണ് ബിഎസ്എസ് ഗുരുകുലത്തിന്‍റെ കുട്ടികള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പന്ത്രണ്ടാമത്തെ ബെസ്റ്റ് സ്‌കൂള്‍ കിരീടം സ്വന്തമാക്കാന്‍.
കഴിഞ്ഞതവണ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരുപത്തിയൊന്നും ഹയര്‍സെക്കൻഡറിയില്‍ മുപ്പതും സംസ്‌കൃതോത്സവത്തില്‍ ഏഴുമടക്കം ആകെ 58 കുട്ടികളായിരുന്നു കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബിഎസ്എസ് ഗുരുകുലത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഇത്തവണ മത്സരാര്‍ഥികള്‍ ഇരട്ടിയായി. സിംഗിൾ ഗ്രൂപ്പ് വിഭാഗങ്ങളിലായി മുപ്പത്തിയഞ്ചോളം ഇനങ്ങളിലാണ് ഇത്തവണ ഗുരുകുലം സ്‌കൂൾ മത്സരിക്കുന്നത്. 114 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
തുടർച്ചയായ പന്ത്രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ ഇത്തവണ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ 11 കൊല്ലവും ഈ സ്‌കൂളിനായിരുന്നു സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മികച്ച സ്‌കൂളിനുള്ള കപ്പ് ലഭിച്ചത്. ഇത്തവണയും ആ നേട്ടം ആവർത്തിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് അധ്യാപകരും കുട്ടികളും.