തിരുവനന്തപുരം:നാലു ദിവസത്തെ ഇടിവിന് ശേഷം കുതിച്ച് കയറിയ സ്വർണവില ഇന്ന് കുത്തനെ വീണ്ടും ഇടിഞ്ഞു. പവന് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 57,000 ത്തിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 57,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില 7200 രൂപയാണ്. വെള്ളിയുടെ വില ഗ്രാമിന് ഇന്നലത്തേതിൽ നിന്നും മൂന്ന് രൂപ കുറഞ്ഞ് 102 രൂപയായി. കിലോയ്‌ക്ക് 1,02,000 രൂപയുമാണ്. മുവായിരം രൂപയുടെ കുറവാണുണ്ടായത്.
ആഗോള തലത്തിലുള്ള ഡിമാന്‍ഡ്, ഡോളർ അടക്കമുള്ള കറന്‍സി നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്ക് തുടങ്ങിയ ഘടകങ്ങൾ കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം ഇന്നലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സ്വർണനിരക്കിന് വർധനവുണ്ടാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും വില ഇടിയുകയാണ് ഉണ്ടായത്.
അമേരിക്കൻ തെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായതാണ് സ്വർണ്ണ വില കുറയാൻ പ്രധാന കാരണം. ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപിത നയങ്ങൾ പണപ്പെരുപ്പം വർധിപ്പിക്കുമോ എന്ന ആശങ്ക നില നിൽക്കുന്നു. ഇക്കാരണത്താൽ ഫെഡ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും വില കുറയാൻ കാരണമാണ്. നവംബറിലെ യോഗത്തിൽ ഫെഡ് 25 ബേസിസ് പോയിൻ്റുകളെങ്കിലും പലിശ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.