മുംബൈ :നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുമെന്ന് എൻഡിഎ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് (ജൂൺ 6) ഓഹരിവിപണിയിൽ നേട്ടം. സെൻസെക്‌സ് 378.59 പോയിൻ്റ് ഉയർന്ന് 74,804.68 ലും നിഫ്റ്റി 105.65 പോയിൻ്റ് ഉയർന്ന് 22,726 ലും ആണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി കമ്പനികളിൽ 29 എണ്ണം നേട്ടം കൊയ്‌തപ്പോൾ 21 എണ്ണം നഷ്‌ടം നേരിട്ടു. തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് തകർന്നടിഞ്ഞ ഓഹരി വിപണി വീണ്ടും തിരിച്ചുകയറിയതായി കൊട്ടക് സെക്യൂരിറ്റീസിൻ്റെ ഇക്വിറ്റി റിസർച്ച് മേധാവി ശ്രീകാന്ത് ചൗഹാൻ അഭിപ്രായപ്പെട്ടു.
എൻടിപിസി, എസ്ബിഐ, ഒഎൻജിസി, കോൾ ഇന്ത്യ, പവർ ഗ്രിഡ് എന്നിവയാണ് ഓഹരിവിപണിയിൽ നേട്ടമുണ്ടാക്കിയവരിൽ മുന്നിൽ. അതേസമയം ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഹിൻഡാൽകോ, നെസ്‌ലെ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലായി. നിഫ്റ്റിയുടെയും സെൻസെക്‌സിന്‍റെയും ഓഹരി വിപണിയിൽ കുത്തനെ ഉണ്ടായ ഉയർച്ച നല്ല സൂചനയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയുടെ തിരിച്ചുവരവ് നിക്ഷേപകരുടെ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.