കുരുമുളക് വിലയിൽ കുതിച്ചുകയറ്റം (ETV Bharat) ഇടുക്കി :കുരുമുളക് വിലയിലെ കുതിപ്പ് തുടരുന്നു.കൊച്ചിയില്‍ വില്‍പ്പനയ്‌ക്ക് വരവ് കുറഞ്ഞതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ കുരുമുളകിന്‍റെ വില കിലോയ്‌ക്ക് 72 രൂപ കൂടി. ഇന്നലെ കൊച്ചിയിൽ 705 രൂപയ്ക്കാണ് ഒരുകിലോ കുരുമുളകിന്‍റെ വ്യാപാരം നടന്നത്. എന്നാൽ ഇടുക്കിയിൽ 715 മുതൽ 720 രൂപയ്‌ക്ക് വരെ വ്യാപാരികൾ കുരുമുളക് വാങ്ങി.
കൊച്ചിയില്‍ മാത്രമല്ല, ആഗോളതലത്തിലും കുരുമുളക് വില ഉയരുകയാണ്. കയറ്റുമതിയില്‍ ഇന്ത്യയുടെ നിരക്ക് ഒരു ടണ്‍ കുരുമുളകിന് 9000 ഡോളര്‍ എന്ന നിലയിൽ എത്തി. ഇന്ത്യയിലേക്ക് വലിയതോതില്‍ ഇറക്കുമതി ചെയ്‌തിരുന്ന ശ്രീലങ്കന്‍ മുളകിന് തത്‌കാലം വിടപറയുകയാണ് ഇന്ത്യയിലെ ഇറക്കുമതിക്കാര്‍. ശ്രീലങ്കന്‍ മുളകില്‍ പൂപ്പലും കീടനാശിനികളും കലര്‍ന്നിരിക്കെ ഇറക്കുമതിക്കാര്‍ക്ക് അതിനോട് താല്‍പര്യമില്ല. ശ്രീലങ്കന്‍ മുളക് ഇറക്കുമതി ചെയ്യുന്നതിനുള്ള കരാര്‍ ഇറക്കുമതിക്കാര്‍ നിരസിച്ചു.
ആഭ്യന്തര ഉപയോഗം വലിയതോതില്‍ വര്‍ധിച്ചതിനാല്‍ കുരുമുളകിന് ആഭ്യന്തര വിപണിയില്‍ത്തന്നെ നല്ല ഡിമാന്‍ഡായി. എന്നാൽ കയറ്റുമതിക്ക് സാധ്യത കുറവാണ്. കാരണം, മറ്റ് ഉത്‌പാദക രാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന വിലയാണ് കുരുമുളകിന് ഇന്ത്യയില്‍ നിലവിലുള്ളത്. കര്‍ഷകരില്‍ നിന്നുള്ള കുരുമുളക് വരവ് കുറഞ്ഞാല്‍ വില സര്‍വകാല റെക്കോര്‍ഡ് കടന്നേക്കും. ഈ വര്‍ഷത്തെ വിളവെടുപ്പിന് ശ്രീലങ്ക, ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ തയ്യാറായിരിക്കുകയാണ്.
ഇടുക്കിയില്‍ നിന്നുള്ള കുരുമുളക് കടം വാങ്ങുന്നതിന്‍റെ കാലയളവ് തമിഴ്‌നാട് ആസ്‌ഥാനമായുള്ള ഡീലര്‍മാര്‍ നാല് മുതല്‍ അഞ്ച് ആഴ്‌ചവരെ ഉയര്‍ത്തിയിരിക്കുകയാണ്. കൊച്ചി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് തമിഴ്‌നാട്ടിലെ ഡീലര്‍മാര്‍ ഇടുക്കിയില്‍ നിന്ന് കുരുമുളക് വാങ്ങുന്നത്.
ALSO READ :കുരുമുളക് കൃഷിക്ക് തിരിച്ചടിയായി കടുത്ത വേനൽ; പ്രതിസന്ധിയിലായി കർഷകർ