കേരളം

kerala

ETV Bharat / business

കൊപ്രയ്ക്ക് കല്‍പ്പ സുവര്‍ണ, കരിക്കിന് കല്‍പ്പ ശതാബ്‌ദി; പ്രധാനമന്ത്രി പുറത്തിറക്കും പുതിയ വിത്തിനങ്ങള്‍ - Crop varieties by CPCRI Kasaragod - CROP VARIETIES BY CPCRI KASARAGOD

അഭിമാനകരമായ നേട്ടം. പ്രധാനമന്ത്രി പ്രകാശനം ചെയ്യുന്നതിൽ നാലു വിളകൾ കാസർകോട് സിപിസിആർഐ വികസിപ്പിച്ചെടുത്തത്.

CPCRI FARMING  CROP VARIETIES DEVELOPED BY CPCRI  NEW CROPS BY CPCRI KASARAGOD  കല്‍പ്പ സുവര്‍ണ കല്‍പ്പ ശതാബ്‌ദി
CROP VARIETIES BY CPCRI (Etv Bharat)

By ETV Bharat Kerala Team

Published : Aug 10, 2024, 7:27 PM IST

Updated : Aug 10, 2024, 7:45 PM IST

സിപിസിആർഐ ഡയറക്‌ടർ ഡോ. കെ ബാലചന്ദ്ര ഹെബ്ബാർ ഇടിവി ഭാരതിനോട് (ETV Bharat)

കാസർകോട്‌ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഓഗസ്റ്റ് 11) ന്യൂഡൽഹിയിലെ എന്‍എഎസ്‌സി (NASC) കോംപ്ലക്‌സിലെ ഭാരതരത്‌ന സി സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്യാൻ പോകുന്ന 109 വിളകളിൽ നാലു വിളകൾ കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) വികസിപ്പിച്ചെടുത്തതാണ്. സിപിസിആർഐ വികസിപ്പിച്ച അത്യുത്‌പാദന ശേഷിയുള്ള രണ്ടിനം തെങ്ങും കൊക്കോയും ആണ് ഞായറാഴ്‌ച പുറത്തിറക്കുന്നത്. കൽപ്പ സുവർണ, കൽപ്പ ശതാബ്‌ദി, വിടിഎൽ 1 കൊക്കോ, വിടിഎൽ 2 കൊക്കോ എന്നിവയാണ് വികസിപ്പിച്ചെടുത്തത്.

ഇത് സിപിസിആർഐയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്ന് ഡയറക്‌ടർ ഡോ. കെ ബാലചന്ദ്ര ഹെബ്ബാർ ഇടിവി ഭാരതിനോട്‌ പറഞ്ഞു. അത്യുത്‌പാദന ശേഷിയുള്ളതും കാലാവസ്ഥ മാറ്റത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ളതുമായ 32 ധാന്യവിളകൾ ഉൾപ്പെടെ 109 പുതിയ വിളകളാണ് കർഷകർക്കായി പുറത്ത് ഇറക്കുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് പ്രകൃതി കൃഷിയിലേക്ക് ഒരു കോടി കർഷകരെ ആകർഷിക്കുമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ.

ഇവർക്ക് സർട്ടിഫിക്കേഷൻ, ബ്രാൻഡിങ് പിന്തുണയുണ്ടായിരിക്കും. താൽപര്യമുള്ള പഞ്ചായത്തുകൾ വഴിയായിരിക്കും പ്രധാനമായും പദ്ധതി നടപ്പാക്കുക. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിൽ കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഉള്ളത്.

കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്കും പുതിയ വിളയിനങ്ങൾ പുറത്തിറക്കാനും പ്രകൃതി കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. കൂടാതെ പയർ വർഗ വിളകളുടെ ഉത്‌പാദനം വർധിപ്പിക്കുക, പച്ചക്കറി ഉത്പാ‌ദനം ഉയർത്തി വിതരണ ശൃഖല മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്.

സിപിസിആർഐ വിളകള്‍ ഇവയെല്ലാം :

  • കൽപ്പ സുവർണ
    കൽപ്പ സുവർണ (ETV Bharat)

അത്യുത്‌പാദന ശേഷിയുള്ള കുള്ളൻ തെങ്ങിനമാണ് ഇത്‌. പച്ച നിറമുള്ള, ദീർഘ വൃത്താകൃതിയിലുള്ള തേങ്ങയിൽ നല്ല ഭാരമുള്ള കൊപ്ര കിട്ടും. നട്ട്‌ 30, 36 മാസത്തിനുള്ളിൽ കായ്‌ ഫലമുണ്ടാകും. നല്ല പരിചരണം നൽകിയാൽ വർഷത്തിൽ 108, 130 തേങ്ങ ലഭിക്കും. കേരളത്തിലും കർണാടകയിലും കൃഷി ചെയ്യാൻ ഉത്തമമാണിത്‌.

  • കൽപ്പ ശതാബ്‌ദി
    കല്‍പ്പ ശതാബ്‌ദി (ETV Bharat)

ഉയരമുള്ള, കരിക്കിൽ കൂടുതൽ വെള്ളം കിട്ടുന്ന മികച്ച കൊപ്രയാക്കാൻ പറ്റുന്ന ഇനമാണിത്‌. പച്ചകലർന്ന മഞ്ഞ നിറത്തിലാണ് തേങ്ങ. നന്നായി പരിപാലിച്ചാല്‍ വർഷത്തിൽ 105 മുതല്‍ 148 തേങ്ങ വരെ കിട്ടും. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യാം.

  • വിടിഎൽ 1 കൊക്കോ
    വിടിഎൽ 1 കൊക്കോ (ETV Bharat)

നേരത്തെ കായ്ക്കും. ഉയർന്ന വിളവ് നൽകും. കവുങ്ങ്‌, തെങ്ങ് തോട്ടങ്ങളിൽ നന്നായി വളരും. ബീൻസ്‌ അന്താരാഷ്ട്ര ഗുണനിലവാരമുള്ളതാണ്‌. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യാം.

  • വിടിഎൽ 2 കൊക്കോ
    വിടിഎൽ 2 കൊക്കോ (ETV Bharat)

നേരത്തെ കായ്ക്കും. അത്യുത്‌പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുണ്ട്‌. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ കൃഷി ചെയ്യാം.

Also Read: കർഷകർക്ക് പ്രതീക്ഷ നല്‍കി ഏത്തയ്‌ക്ക വില ഉയരുന്നു; പക്ഷെ വ്യാപാരികള്‍ക്ക് ആശങ്ക

Last Updated : Aug 10, 2024, 7:45 PM IST

ABOUT THE AUTHOR

...view details