തിരുവനന്തപുരം:2024 ലോക ഫിഷറീസ് ദിനാഘോഷത്തിന്‍റെ ഭാഗമായി കേരളത്തെ രാജ്യത്തെ മികച്ച മറൈൻ സ്‌റ്റേറ്റായും കൊല്ലം ജില്ലയെ മികച്ച മറൈൻ ജില്ലയായും അംഗീകരിച്ചിരുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തെ തീരദേശ മേഖലയുടെ വികസനത്തിനായി ഒരു തീരദേശ പാക്കേജ് അനുവദിക്കും. ഈ വർഷം ഇതിനായി 75 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
55.17 കോടി രൂപ ചെലവ് വരുന്ന കോഴിക്കോട് സെൻട്രൽ ഫിഷ് മാർക്കറ്റിന്‍റെയും 48.24 കോടി രൂപ ചെലവ് വരുന്ന ആലുവ ഫിഷ് മാർക്കറ്റിന്‍റെയും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കാസർകോട്, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ 2025 മാർച്ച് മാസത്തോട് കൂടിയും മുതലപ്പൊഴി ഹാർബർ 2026 ഡിസംബറിലും പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.
ഈ വർഷവും മത്സ്യബന്ധന മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി മത്സ്യബന്ധന മേഖലയുടെ വിഹിതം 295.12 കോടിയായി ഉയർത്തി. ഇതിൽ സംസ്ഥാന ഫിഷറീസ് വകുപ്പിനുള്ള 163.31 കോടിയും ഹാർബർ എഞ്ചിനീയറിങ് വകുപ്പിന് 35.31 കോടിയും ഫിഷറീസ് ആൻഡ് ഓഷ്യൻസ് സ്‌റ്റഡീസ് സർവകലാശാലയ്‌ക്ക് 35.50 കോടി രൂപയും ഉൾപ്പെടുന്നു. കേന്ദ്ര സഹായമായി 61 കോടി രൂപ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.