പൊട്ടുവെള്ളരി കൃഷിയിലെ കാസര്‍കോടന്‍ വിജയഗാഥ (Souce : Etv Bharat Network) കാസർകോട് : പൊട്ടുവെള്ളരി കണ്ടിട്ടുണ്ടോ? തെക്കൻ കേരളത്തിലും മലബാറുകാർക്കും അത്ര പരിചിതമല്ല പൊട്ടു വെള്ളരി. എന്നാൽ കാസർകോട് എത്തിയാൽ പൊട്ടു വെള്ളരിത്തോട്ടം കാണാം. കൊളത്തൂർ നിടുവോട്ടെ ശ്രീവിദ്യയുടെ തോട്ടത്തിലാണ് നിറയെ പൊട്ടുവെള്ളരി വിളഞ്ഞത്.
വെള്ളരി ഇനത്തിൽപ്പെടുന്ന പൊട്ടുവെള്ളരി സാധാരണ എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് കണ്ടു വരുന്നത്. കൊളത്തൂർ വയലിൽ അമ്പത് സെന്‍റ് സ്ഥലത്താണ് ശ്രീവിദ്യ പൊട്ടുവെള്ളരി കൃഷി ചെയ്‌തത്. 45 ദിവസം കൊണ്ട് പാകമായി.
നല്ല വിളവ് ലഭിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ ആളുകൾക്ക് അത്ര പരിചിതമല്ലാത്തത് തിരിച്ചടിയായി. എന്നാൽ ഇതിന്‍റെ ഗുണമേന്മ തിരിച്ചറിഞ്ഞതോടെ ആവശ്യക്കാർ കൂടിയതായി ശ്രീവിദ്യ പറയുന്നു.
ശരീരവും മനസും ഒന്നിച്ച് തണുക്കുന്നതാണ് പൊട്ടുവെള്ളരി ജ്യൂസ്. പച്ചയായും കഴിക്കാം. ഒറ്റനോട്ടത്തിൽ സാദാ വെള്ളരി പോലെ തോന്നുമെങ്കിലും പാകമായി ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ഇതിന്‍റെ തൊലിഭാഗമടക്കം പൊട്ടും. അതുകൊണ്ടാണ് ഇതിനെ പൊട്ടുവെള്ളരി എന്ന പേര് വന്നതെന്ന് കരുതുന്നു.
പാൽ അല്ലെങ്കിൽ തേങ്ങാപാലിൽ ഏലയ്ക്കയും ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസിന് വേനൽ കാലത്ത് വലിയ ഡിമാൻഡ് ആണ്. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പാണ് ഇതിന്‍റെ പ്രത്യേകത. ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാൽ ദാഹത്തിനൊപ്പം വിശപ്പും ശമിക്കും.
ചെറു നാരുകളാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് പൊട്ടുവെള്ളരിയെന്ന് പറയപ്പെടുന്നു. ദിവസവും ഒരു ഗ്ലാസ് വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യം കൂടുന്നതിന് സഹായിക്കും.
ശരീരത്തിൽ നിന്നും ടോക്‌സിനുകൾ പുറന്തള്ളാനുള്ള ഏറ്റവും മികച്ച മാർഗമാണിത്. ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയ ഒന്നാണ് പൊട്ടുവെള്ളരി ജ്യൂസ്. കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ് ഈ ജ്യൂസ്. ജലസമൃദ്ധമായ പൾപ്പാണ് കായുടെ ഉള്ളിലുള്ളത്. അതിനാൽ തന്നെ, ചൂടുകാലത്ത് തണ്ണിമത്തൻ കഴിക്കുന്നതിനെക്കാൾ ഗുണം ചെയ്യും.
പൊട്ടുവെള്ളരി എങ്ങനെ ജ്യൂസ് ഉണ്ടാക്കാം :പൊട്ടുവെള്ളരി രണ്ടായി പിളർക്കുക. പുറം തൊലി മാറ്റി അകത്തെ കുരു കളഞ്ഞ് സ്‌പൂൺ കൊണ്ട് ചുരണ്ടി എടുക്കുക. ശേഷം മിക്‌സിയിൽ അടിച്ച് എടുക്കുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. പാൽ അല്ലെങ്കിൽ തേങ്ങാപാലും ഏലക്കയും ചേർക്കുന്നത് സ്വാദ് വർധിപ്പിക്കും. ഹോർലിക്‌സ് അല്ലെങ്കിൽ ബൂസ്റ്റ്, കപ്പലണ്ടി എന്നിവ ചേർത്തും ജ്യൂസാക്കാം.
Also Read :കൊടുംചൂടില്‍ ദാഹമകറ്റാം ; സോഡയ്ക്ക് പകരം ഇവയൊന്ന് പരീക്ഷിക്കൂ