എറണാകുളം:ഇറച്ചി പ്രിയര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് കോഴിവില കുറഞ്ഞു. ഏതാനും ആഴ്‌ചകൾ 150 - 170 നിലവാരത്തിൽ നിന്ന ചിക്കന്‍റെ വില നൂറിൽ താഴെയെത്തിയിരുന്നു. എന്നാല്‍ ചിക്കന്‍റെ ഇന്നത്തെ വിപണി വില 130 രൂപയായി ഉയർന്നിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണെങ്കിലും കോഴി വില കുറയുന്നത് വ്യാപാരികളെയും കർഷകരെയും പ്രതിസന്ധിയിലാക്കുന്നതാണ്.
വിപണിയിലെ വിലക്കുറവിൻ്റെ നേട്ടം ഉപഭോക്താകൾക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഓൾ കേരള പൗൾട്രി ഫാമേഴ്‌സ് ആൻ്റ് ട്രേഡേഴ്‌സ് സംസ്ഥാന സെക്രട്ടറി ടി എസ് പ്രമോദ് ഇടിവി ഭാരതിനോട് പറഞ്ഞു. ചിക്കൻ വിപണിയിലെ വില വർധനവിൻ്റെ നേട്ടം ഉത്‌പാദകരായ കർഷകർക്ക് ലഭിക്കുന്നില്ല. വൻകിട ഫാമുകാരും ഇടനിലക്കാരും ചേർന്ന് നടത്തുന്ന ഇടപാടുകളാണ് തോന്നിയ പോലെ വില ഉയരാനും താഴാനും കാരണം.
കഴിഞ്ഞ മൂന്ന് മാസമായി കേരളത്തിലെ കോഴികർഷകർ നഷ്‌ടത്തിലാണ്. കഴിഞ്ഞയാഴ്‌ചകളിൽ വില വർധിച്ചത് പ്രതികൂല കാലാവസ്ഥ കാരണം ഇതര സംസ്ഥാനങ്ങളിൽ ഉത്‌പാദനം കുറഞ്ഞതോടെയായിരുന്നു. നിലവിൽ ഉത്‌പാദനം കൂടുകയും വില കുറയുകയും ചെയ്‌തു.
കോഴിയെ വളർത്തുന്നവർക്കാണ് ഏറെ നഷ്‌ടം. കഴിഞ്ഞാഴ്‌ച ഒരു കിലോ കോഴിയുടെ വില 65 രൂപയിലേക്ക് താഴ്‌ന്നിരുന്നു. എന്നാൽ വിപണി വില അപ്പോഴും 100 രൂപയായിരുന്നു. വളർത്ത് ചെലവ് കൂടുകയും വില കുറയുകയും ചെയ്യുന്നത് കർഷകർക്കും വ്യാപാരികൾക്കും തിരിച്ചടിയാണ്. ഏപ്രിൽ മാസത്തിന് ശേഷം കേരളത്തിലെ കോഴി കർഷകർ നഷ്‌ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൻകിട വ്യാപാരികളും ഇടനിലക്കാരും ചേർന്ന് വില വർധിപ്പിക്കുകയാണെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്.
Also Read:'ഇലക്‌ട്രിക് കെറ്റിലിലെ ചിക്കൻ കറി' ; വീഡിയോ വൈറൽ, ഹോസ്റ്റൽ ജീവിതം അയവിറക്കി കമന്‍റുകൾ