ന്യൂഡൽഹി:എഡ് ടെക് സ്ഥാപനമായ ബൈജൂസിനെതിരായ പാപ്പരത്ത നടപടി തുടർന്നാൽ വായ്‌പക്കാർക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് സ്ഥാപകൻ ബൈജു രവീന്ദ്രൻ. തന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ മുഴുവൻ പണവും തിരികെ നൽകാൻ തയ്യാറാണെന്നും ബൈജു രവീന്ദ്രന്‍ വാര്‍ത്ത സമ്മേനത്തില്‍ പറഞ്ഞു.
'അവർ എന്നോടൊത്ത് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ, ഞാൻ ഒരു രൂപ പോലും എടുക്കുന്നതിന് മുമ്പ് അവരുടെ കടം വീട്ടാന്‍ തയ്യാറാണ്. ഞങ്ങൾ ഇതിനകം 140 മില്യൺ ഡോളർ നൽകി. എന്നാൽ മുഴുവന്‍ തുകയായ 1.2 ബില്യൺ യുഎസ് ഡോളറാണ് അവർ ആവശ്യപ്പെടുന്നത്. വളരെക്കാലമായി ഞങ്ങൾക്ക് അത് തിരികെ നൽകാന്‍ കഴിയുന്നില്ല. പണം നല്‍കിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇത് സെറ്റില്‍ ചെയ്യാനാണ് താത്പര്യം. ഒന്നോ രണ്ടോ പേർ അതിൽ നിന്നും വലിയ തുക പ്രതീക്ഷിക്കുന്നു.'- ബൈജു രവീന്ദ്രൻ പറഞ്ഞു
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ ബൈജൂസ് നിലവില്‍ പാപ്പരത്വ നടപടികള്‍ നേരിടുകയാണ്. ബിസിസിഐ തങ്ങളുടെ 158.9 കോടി രൂപ കുടിശ്ശിക തിരിച്ചുപിടിക്കാൻ എൻസിഎൽഎടിയെ (NCLAT) സമീപിച്ചതിനെ തുടർന്നാണ് പാപ്പരത്ത നടപടികള്‍ ആരംഭിച്ചത്. മുഴുവൻ കുടിശ്ശികയും അടച്ചതിന് ശേഷം കമ്പനി ബിസിസിഐയുമായുള്ള തർക്കം പരിഹരിക്കുകയായിരുന്നു. തുടർന്ന് എൻസിഎൽഎടി പാപ്പരത്വ നടപടികൾ പിൻവലിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ യുഎസ് വായ്‌പക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌തു. തുടര്‍ന്നാണ് ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ എൻസിഎൽഎടി വീണ്ടും ആരംഭിച്ചത്.
യുഎസ് ആസ്ഥാനമായുള്ള ലെൻഡർമാരിൽ നിന്ന് 1.2 ബില്യൺ ഡോളര്‍ ടേം ലോണാണ് ബൈജൂസ് സമാഹരിച്ചത്. പേയ്‌മെന്‍റുകകളിൽ ബൈജൂസ് വീഴ്ച വരുത്തിയതായി കാട്ടി വായ്പ്പക്കാര്‍ ഡെലവെയർ കോർട്ട് ഓഫ് ചാൻസറിയെ സമീപിക്കുകയും കടം വാങ്ങിയ 1.2 ബില്യണ്‍ ഡോളര്‍ നേരത്തെ അടയ്ക്കാൻ കടക്കാര്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.