ന്യൂഡൽഹി: ക്യാന്‍സല്‍ ചെയ്യുന്ന ഭക്ഷണം കൈകാര്യം ചെയ്യാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. 'ഫുഡ് റെസ്‌ക്യൂ' എന്നാണ് പുതിയ ഫീച്ചറിന്‍റെ പേര്. ക്യാൻസൽ ചെയ്യപ്പെടുന്ന ഓർഡറുകളുടെ വിവരം അതിനടുത്തുള്ള ഉപഭോക്താക്കൾക്ക് പോപ്പ് അപ്പ് മെസേജായി എത്തുന്നതാണ് പുതിയ ഫീച്ചര്‍.
പോപ്പ് അപ്പ് ലഭിക്കുന്നവര്‍ക്ക് അവിശ്വസനീയമായ വിലയ്ക്ക് ഈ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെടുക്കാമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചു. എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌ത ആള്‍ക്കും അവരുടെ തൊട്ടടുത്തുള്ളവർക്കും ഓർഡർ ക്ലെയിം ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ക്യാന്‍സല്‍ ചെയ്‌ത ഓർഡർ, ഡെലിവറി ചെയ്യുന്ന ആളുടെ 3 കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കൾക്ക് പോപ്പ് അപ്പ് ചെയ്യും. ക്ലെയിം ചെയ്യാനുള്ള ഓപ്ഷൻ കുറച്ച് മിനിറ്റുകൾ മാത്രമേ ലഭ്യമാകൂ. ഭക്ഷണത്തിന്‍റെ ഫ്രെഷ്‌നസ് ഉറപ്പാക്കാനാണിത്'- ഗോയൽ പറഞ്ഞു.
സൊമാറ്റോ ഒരു വരുമാനവും (ആവശ്യമായ സർക്കാർ നികുതികൾ ഒഴികെ) ഇതില്‍ നിന്ന് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലെയിം ചെയ്യുന്നയാള്‍ നൽകുന്ന തുക ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തവര്‍ക്കും (ഓൺലൈനിൽ പണമടച്ചിട്ടുണ്ടെങ്കില്‍), റസ്‌റ്റോറന്‍റുമായും പങ്കിടുമെന്നും ദീപീന്ദർ ഗോയൽ എക്‌സിലൂടെ അറിയിച്ചു.
ആദ്യത്തെ പിക്കപ്പ് പോയിന്‍റ് മുതൽ അവസാനം ക്ലെയിം ചെയ്‌ത ആളുടെ ഡ്രോപ്പ്-ഓഫ് വരെയുള്ള മുഴുവൻ യാത്രയ്ക്കും ഡെലിവറി ചെയ്യുന്നയാൾക്ക് പൂർണ്ണമായ നഷ്‌ടപരിഹാരം നൽകുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഐസ്‌ക്രീം, ഷേക്ക്, സ്‌മൂത്തി തുടങ്ങി എളുപ്പം കേടാകുന്ന ഭക്ഷണ സാധനങ്ങള്‍ ഫുഡ് റെസ്‌ക്യൂവില്‍ ഉള്‍പ്പെടുത്തില്ല.
അതേസമയം, ക്യാന്‍സല്‍ ചെയ്‌ത ഓർഡറിനുള്ള നഷ്‌ട പരിഹാരം റസ്‌റ്റോറന്‍റിന് ലഭിക്കുന്നത് തുടരും. ഇതിന് പുറമേയാണ് ഓർഡർ ക്ലെയിം ചെയ്‌തയാളുടെ തുകയുടെ ഒരു ഭാഗം നല്‍കുന്നത്. മിക്ക റെസ്‌റ്റോറന്‍റുകളും ഈ ഫീച്ചർ തെരഞ്ഞെടുത്തിട്ടുണ്ട്.
99.9 ശതമാനം റസ്‌റ്ററന്‍റുകളും ഈ സംരംഭത്തിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു എന്നാണ് സൊമാറ്റോ അറിയിക്കുന്നത്. വിവിധ കാരണങ്ങളാൽ ഓരോ മാസവും 4 ലക്ഷത്തിലധികം ഓർഡറുകൾ സൊമാറ്റോയില്‍ ക്യാന്‍സല്‍ ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്.
Also Read:'ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കാര്യം മനസിലായി'; ഡെലിവറി ഏജന്‍റുകളോട് കൂടുതൽ മാനുഷികമായി പെരുമാറേണ്ടതില്ലേ എന്ന് സൊമാറ്റോ മുതലാളി